
ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച മലയാള ചിത്രമാണ് അർജുൻ പ്രഭാകരൻ- ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഷിബു. കാർഗോ സിനിമാസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് നവാഗതനായ കാർത്തിക് രാമകൃഷ്ണൻ, നടി അഞ്ജു കുര്യൻ എന്നിവരാണ്. സംവിധായകർ തന്നെ തിരക്കഥ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തെ നമ്മുക്ക് ഒരു റൊമാന്റിക് ഡ്രാമ എന്നോ റൊമാന്റിക് കോമഡി എന്നോ വിളിക്കാം. ജനപ്രിയ നായകൻ ദിലീപ് പുറത്തു വിട്ട ഈ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും അത് വഴി ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ വലിയ പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു.
കാർത്തിക് രാമകൃഷ്ണൻ അവതരിപ്പിക്കുന്ന ഷിബു എന്ന യുവാവിന്റെ ജീവിതം ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. കടുത്ത ദിലീപ് ഫാൻ ആയ ഷിബുവിന്റെ ആഗ്രഹം എങ്ങനെയെങ്കിലും മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമാവുക എന്നതാണ്. അതിനായി അവൻ നടത്തുന്ന ശ്രമങ്ങളും, തന്റെ ലക്ഷ്യത്തിൽ എത്താൻ അവനു നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളും ആണ് ചിത്രത്തിലൂടെ കാണിക്കുന്നത്. അതിനിടയിൽ കല്യാണി എന്ന ഒരു ലേഡി ഡോക്ടർ അവന്റെ ജീവിതത്തിൽ കടന്നു വരികയും ചെയ്യുന്നു.

പ്രണയവും തമാശയും നിറഞ്ഞ ആദ്യപകുതിയിൽ നിന്ന് കുറച്ചുകൂടി ഗൗരവമേറിയ വിഷയങ്ങളിലേക്ക് നീങ്ങുന്ന രണ്ടാംപകുതിയാണ് സിനിമയുടെ ജീവനെന്നു പറയാം. ആദ്യാവസാനം പ്രേക്ഷകർക്ക് വളരെ രസിച്ചു കാണാവുന്ന രീതിയിൽ തന്നെയാണ് അർജുൻ- ഗോകുൽ എന്നീ സംവിധായകർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രചയിതാക്കൾ എന്ന നിലയിലും സംവിധായകർ എന്ന നിലയിലും വളരെ മികച്ച രീതിയിൽ തന്നെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിട്ടുണ്ട് അർജുൻ- ഗോകുൽ ടീം. കോമഡിയും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം ചേർത്ത ഒരു പാക്കേജ് തന്നെയാണ് ഇവർ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്.

നവാഗതനായ കാർത്തിക് രാമകൃഷ്ണൻ ഷിബു എന്ന തന്റെ കഥാപാത്രം നല്ല രീതിയിൽ അവതരിപ്പിച്ചുവെന്നു പറയാൻ സാധിക്കും. ഈ പുതുമുഖത്തിനു നാളത്തെ മലയാള സിനിമയുടെ ഭാവിയിൽ സ്ഥാനം തന്നെ ലഭിക്കും എന്നത് തീർച്ചയാണ്. നായികാ വേഷത്തിൽ എത്തിയ അഞ്ജു കുര്യനും മികച്ച രീതിയിലാണ് തന്റെ കഥാപാത്രത്തിന് ജീവൻ നൽകിയത്.അഞ്ജു കുര്യനും കാർത്തിക് രാമകൃഷ്ണനും തമ്മിലുള്ള റൊമാന്റിക് രംഗങ്ങൾ രസകരമായിരുന്നു. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ബിജു കുട്ടൻ ചിത്രത്തിൽ കയ്യടി വാങ്ങുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സലിം കുമാർ, നസീർ സംക്രാന്തി, ലുക്മൻ, വിനോദ് കോവൂർ, ഐശ്വര്യ,സ്നേഹ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ച പ്രകടനം കൊണ്ട് തന്നെ ചിത്രം കണ്ടിരിക്കേണ്ട ഒന്നായി മാറിയിട്ടുണ്ട്
ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് ഷബീർ അഹമ്മദ് ആണ്. മികച്ച ദൃശ്യങ്ങൾ ചിത്രത്തിന് കൂടുതൽ ഭംഗി നൽകിയെന്ന് സംശയമില്ലാതെ തന്നെ പറയാം. സച്ചിൻ വാര്യർ, വിഘ്‌നേശ് ഭാസ്കരൻ എന്നിവർ പകർന്നു നൽകിയ സംഗീതം മനോഹരമായിരുന്നു. നൗഫൽ അബ്ദുല്ല തന്റെ എഡിറ്റിംഗ് മികവ് കാഴ്ച വെച്ചതോടെ ചിത്രത്തിന്റെ സാങ്കേതിക മികവ് വർധിക്കുകയും ചെയ്തു.
ചുരുക്കി പറഞ്ഞാൽ വളരെ രസകരമായ ഒരു ചിത്രമാണ് ഷിബു. ആദ്യാവസാനം വളരെയധികം എന്റർടൈൻമെന്റ് പ്രേക്ഷകന് പകർന്നു കൊടുക്കുന്നുണ്ട് ഈ കൊച്ചു ചിത്രം എന്ന് പറയാൻ സാധിക്കും .