Tuesday, November 30

ജൂൺ; നൊസ്റ്റാൾജിയയും സംഗീതവും കൊണ്ട് മനസ്സിൽ തൊട്ട സിനിമാനുഭവം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഈ ആഴ്ച ഇവിടെ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലൊന്നാണ് നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്ത ജൂൺ. വിജയ് ബാബുവിന്റെ ഉടമസ്ഥതയിൽ ഉള്ള ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനായ  അഹമ്മദ് കബീറും ലിബിൻ വർഗീസ്, ജീവൻ ബേബി മാത്യു എന്നിവരും ചേർന്നാണ്. അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ അരങ്ങേറി, ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ രെജിഷാ വിജയൻ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.  

സ്ത്രീ-കേന്ദ്രീകൃതമായ ഒരു കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. 2006  കാലഘട്ടം കാണിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. ഹയർ സെക്കണ്ടറി ക്ലാസ്സിലേക്ക് ചുവടു വെക്കുന്ന ജൂൺ എന്ന കൗമാരക്കാരിയുടെ കാഴ്ചപ്പാടിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് എന്ന് പറയാം . തനിക്കു ചുറ്റുമുള്ള ഓരോന്നിനെയും അവൾ എങ്ങനെ നോക്കി കാണുന്നു എന്ന് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. സൗഹൃദം, പ്രണയം, കുടുംബം, വിവാഹം , ജോലി എന്നിവയെ ഒക്കെ ഒരു പെൺകുട്ടിയുടെ കണ്ണിലൂടെ, അവളുടെ മനസ്സറിഞ്ഞു കൊണ്ട് അവതരിപ്പിക്കാൻ ഉള്ള ശ്രമമാണ് ഈ ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെറിലൂടെ നടത്തിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ നമ്മുക്കിടയിലുള്ള ഓരോ പെൺകുട്ടിയെയും പ്രതിനിധീകരിക്കാൻ ജൂൺ എന്ന കഥാപാത്രത്തിലൂടെ ശ്രമിച്ചിട്ടുമുണ്ട് അതിൽ അവർ വിജയിച്ചിട്ടും ഉണ്ട്.

വളരെ മനോഹരമായും ലളിതമായുമാണ് ഈ ചിത്രത്തിന്റെ കഥ നമ്മുടെ മുന്നിൽ സംവിധായകനും രചയിതാക്കളും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. ജൂൺ എന്ന കഥാപാത്രത്തിന്റെ വൈകാരിക തലമാണ് അവതരിപ്പിക്കുന്നത് എങ്കിലും അതിനൊപ്പം തന്നെ അവളുടെ അച്ഛൻ, ‘അമ്മ, സുഹൃത്തുക്കൾ, കാമുകൻ, അധ്യാപക തുടങ്ങി ഓരോരുത്തർക്കും കൃത്യമായ ഒരു സ്ഥാനവും കഥാഗതിയിൽ നിർണ്ണായകമായ പങ്കു വഹിക്കാനുള്ള പ്രാധാന്യവും നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ ഒഴുക്കോടെയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. സ്കൂൾ- കോളേജ് ലൈഫിന്റെ നൊസ്റ്റാൾജിയ പ്രേക്ഷകരിൽ ഉണർത്താനും അതുപോലെ നഷ്ട പ്രണയത്തിന്റെയും എന്നോ പിരിഞ്ഞു പോയ സൗഹൃദത്തിന്റെയും ഓർമ്മകൾ തിരികെ കൊണ്ട് വരാനും ഈ ചിത്രത്തിന്റെ അവതരണ ശൈലി കൊണ്ട് സാധിച്ചിട്ടുണ്ട് എന്നും പറയാം. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല വളരെ രസകരമായി ആണ് ഈ ചിത്രം കഥ പറയുന്നത്. തമാശയും സംഗീതവും എല്ലാം അതിമനോഹരമായാണ് തിരക്കഥയിൽ കൂട്ടിയിണക്കിയിരിക്കുന്നതു.

രെജിഷാ വിജയൻ എന്ന നടിയുടെ അതിഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ആദ്യ ചിത്രത്തിന് ശേഷം ഇത്രയും മികച്ച പ്രകടനം രെജിഷ നൽകുന്നതും ഇപ്പോഴാണ് എന്ന് പറയാം. ജൂൺ എന്ന കൗമാരക്കാരിയുടെയും പിന്നീട് യുവത്വത്തിലേക്കു കാലെടുത്തു വെക്കുന്ന സ്വതന്ത്രയായ പെണ്ണിന്റെയും ശരീര ഭാഷയും സങ്കടങ്ങളും സന്തോഷങ്ങളും ചിന്തകളും എല്ലാം വളരെ സ്വാഭാവികമായാണ് രെജിഷ സ്‌ക്രീനിൽ കൊണ്ട് വന്നത്. സൂക്ഷ്മാംശങ്ങളിൽ പോലും തന്റെ കഥാപാത്രത്തെ കൈ വിടാതെ കൂടെ കൂട്ടാൻ കഴിഞ്ഞു എന്നതാണ് രെജിഷയുടെ വിജയം. ജൂണിന്റെ അച്ഛൻ ആയി വന്ന ജോജു ജോർജ്, ‘അമ്മ ആയി എത്തിയ അശ്വതി, മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അർജുൻ അശോകൻ, അജു വർഗീസ്, പുതുമുഖങ്ങൾ എന്നിവരും മികച്ച പ്രകടനമാണ് നൽകിയത്. 

ഇഫ്തി ഒരുക്കിയ സംഗീതം ആണ് ഈ ചിത്രത്തിന്റെ ആത്മാവ്  എന്ന് പറയാം. അത്ര മനോഹരമായിരുന്നു ഇതിലെ ഗാനങ്ങളും ഇതിന്റെ പശ്ചാത്തല  സംഗീതവും. കഥയിലെ അന്തരീക്ഷത്തോട്  അത്രമാത്രം ആ സംഗീതം ഇഴചേർന്നു നിന്നു. ജിതിൻ സ്ടാനിസ്ലൗസ് ഒരുക്കിയ ദൃശ്യങ്ങളും  എഡിറ്റർ എന്ന നിലയിൽ ലിജോ പോൾ  കാണിച്ച മികവും ചിത്രത്തിനെ സാങ്കേതിക പരമായി ഏറെ തുണച്ചു. 

ചുരുക്കി പറഞ്ഞാൽ, മികച്ച പ്രകടനം കൊണ്ടും , മികവാർന്ന അവതരണ ശൈലി കൊണ്ടും മനോഹരമായ സംഗീതം കൊണ്ടുമെല്ലാം പ്രേക്ഷകരുടെ  മനസ്സിൽ തൊടുന്ന ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ ആണ് ജൂൺ. നല്ല സിനിമകളെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകരേയും ഈ ചിത്രം തൃപ്തിപ്പെടുത്തും എന്നുറപ്പു. 

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm