Tuesday, June 28

ചിരിയും ആവേശവും സമ്മാനിച്ച് മലയാളികൾക്ക് മുന്നിലൊരു ആനക്കള്ളൻ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കേരളത്തിൽ ഈയാഴ്ച റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലൊന്നാണ് സുരേഷ് ദിവാകർ സംവിധാനം ചെയ്ത ആനക്കള്ളൻ. പ്രശസ്ത രചയിതാവ് ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ബിജു മേനോൻ, സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സപ്ത തരംഗ് സിനിമാസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ പഞ്ചവർണ്ണ തത്ത നിർമ്മിച്ചത് സപ്ത തരംഗ് സിനിമാസ് ആണ്. ആനക്കള്ളന്റെ രസകരമായ പോസ്റ്ററുകളും പൊട്ടിച്ചിരി നിറച്ച ട്രെയ്‌ലറും അതുപോലെ തന്നെ രസകരമായ ഗാനങ്ങളും റിലീസിന് മുൻപേ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിരുന്നു.

കള്ളൻ പവിത്രൻ, ഡി വൈ എസ് പി എസ്തപ്പാൻ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബിജു മേനോൻ അവതരിപ്പിക്കുന്ന കള്ളൻ പവിത്രനെ തേടി സിദ്ദിഖ് അവതരിപ്പിക്കുന്ന ഡി വൈ എസ് പി എസ്തപ്പാനും സംഘവും എത്തുന്നത് ഒരു കൊലക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ്. അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ ജയിലിൽ കിടക്കുന്ന കള്ളൻ പവിത്രനെ കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസിനെ സഹായിക്കാൻ വേണ്ടി എസ്തപ്പാൻ പുറത്തു കൊണ്ട് വരികയും തനിക്കൊപ്പം താമസിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് നടക്കുന്ന വളരെ രസകരമായ സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം നമ്മളോട് പറയുന്നത്.

ഇവൻ മര്യാദ രാമൻ എന്ന ദിലീപ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സുരേഷ് ദിവാകർ തന്റെ ആദ്യ ബോക്സ് ഓഫീസ് വിജയം ആണ് ആനക്കള്ളൻ എന്ന ചിത്രത്തിലൂടെ ലക്‌ഷ്യം വെച്ചത്. രസകരമായ ഒരു കഥയുടെ പിൻബലത്തോടെ പ്രേക്ഷകന് മികച്ച വിനോദം പകർന്നു നൽകാൻ ഉദയ കൃഷ്ണ ഒരുക്കിയ തിരക്കഥക്കു കഴിഞ്ഞിട്ടുണ്ട്. അത് പോലെ തന്നെ വിശ്വസനീയമായ രീതിയിൽ കഥാ സന്ദർഭങ്ങൾ അവതരിപ്പിക്കാൻ സംവിധായകനും കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലുള്ള നിയന്ത്രണം വിട്ടു പോകാതെ തന്നെ ഒരേ സമയം ഒരു കോമഡി ചിത്രം ആയും ഒരു ത്രില്ലെർ ആയും ഈ ചിത്രം മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞു എന്നിടത്താണ് സുരേഷ് ദിവാകർ വിജയിച്ചത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് രംഗങ്ങൾ നിറച്ച ഈ ചിത്രത്തിലെ സംഭാഷണങ്ങളും ഏറെ രസകരമാണ്. എന്നാൽ ഇതിനൊപ്പം തന്നെ സസ്‌പെൻസും ട്വിസ്റ്റുമെല്ലാം നിറഞ്ഞ ഒരു ത്രില്ലർ കൂടിയാണ് ഈ ചിത്രം. കോമഡി, ആക്ഷൻ, സസ്പെൻസ്, ആവേശം, പ്രണയം തുടങ്ങി എല്ലാം കൃത്യമായ അളവിൽ ചാലിച്ചാണ് സുരേഷ് ദിവാകർ- ഉദയ കൃഷ്ണ ടീം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

കള്ളൻ പവിത്രൻ ആയി ബിജു മേനോനും, എസ്തപ്പാൻ ആയി സിദ്ദിക്കും നടത്തിയ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. അക്ഷരാർഥത്തിൽ ഒരു ബിജു മേനോൻ ഷോ തന്നെയായിരുന്നു ഈ ചിത്രമെന്ന് നമ്മുക്ക് പറയാൻ സാധിക്കും. തന്റെ ഗംഭീര സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറി സ്റ്റൈലും കൊണ്ട് ബിജു മേനോൻ പ്രേക്ഷകനെ ഒരിക്കൽ കൂടി കയ്യിലെടുത്തു. ഒരേ സമയം മാസ്സ് ആയും പക്കാ കോമഡി കഥാപാത്രം ആയും ബിജു മേനോൻ ഈ ചിത്രത്തിൽ തകർത്താടിയിട്ടുണ്ട്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹാരിഷ് കണാരൻ, സുരേഷ് കൃഷ്ണ , ധർമജൻ ബോൾഗാട്ടി, അനുശ്രീ, ഷംന കാസിം, സുധീർ കരമന, സായി കുമാർ, പ്രിയങ്ക, ബിന്ദു പണിക്കർ, കൈലാഷ്, ബാല, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, ശശി കലിംഗ, ശിവജി ഗുരുവായൂർ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ആൽബി ഒരുക്കിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ നാദിർഷ ഒരുക്കിയ സംഗീതവും മികച്ച നിലവാരം പുലർത്തി. ജോൺ കുട്ടിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ വേഗത താഴാതെ നോക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്ന് പറയാം.

ചുരുക്കി പറഞ്ഞാൽ ആനക്കള്ളൻ ഒരു തികഞ്ഞ എന്റെർറ്റൈനെർ ആണ്. ആദ്യം മുതൽ അവസാനം വരെ ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഒരു രസികൻ സിനിമാനുഭവം. ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല എന്ന് മാത്രമല്ല , കുടുംബ പ്രേക്ഷകർക്ക് ഒരു ഉത്സവം പോലെ ആഘോഷിക്കാവുന്ന ഒരു ഫൺ റൈഡ് ആണ് ആനക്കള്ളൻ എന്ന് പറയാം നമ്മുക്ക്.

Did you find apk for android? You can find new Free Android Games and apps.
6.5 Awesome
  • Direction 6.5
  • Artist Performance 6.5
  • Script 6.5
  • Technical Side 6.5
  • User Ratings (1 Votes) 7.4
Share.

About Author