Monday, November 28

അടിക്കുമ്പോൾ അമ്മാതിരി അടി അടിക്കണം, പിന്നൊരുത്തനും വാ തുറക്കരുത്; ഒരു തെക്കൻ തല്ല് കേസ് റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഓണം ചിത്രങ്ങളിൽ ഒന്നായിരുന്നു ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ്. ജി ആർ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് പിന്നാടനാണ്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇവിടെ വിതരണം ചെയ്തതും ന്യൂ സൂര്യ ഫിലിംസാണ്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ സമ്മാനിച്ച വലിയ പ്രതീക്ഷകളുടെ ഭാരത്തോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ സമീപിച്ചത്. എന്നാൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്നത് പോലെ, വലിയ പ്രതീക്ഷകൾ നൽകികൊണ്ട് വന്ന ഒരു മാസ്സ് ചിത്രം ആ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിക്കുന്ന കാഴ്ചയാണ് ഒരു തെക്കൻ തല്ല് കേസ് നമ്മുക്ക് തരുന്നത്.

എണ്പതുകളിൽ നടക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. അമ്മിണിപ്പിള്ള എന്ന് പേരുള്ള ബിജു മേനോൻ കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം വികസിക്കുന്നത്. അമ്മിണിപ്പിള്ള എന്ന ബിജു മേനോൻ കഥാപാത്രവും റോഷൻ മാത്യു അവതരിപ്പിക്കുന്ന പൊടിയൻ എന്ന കഥാപാത്രവും തമ്മിലുണ്ടാവുന്ന ഒരു പ്രശ്നവും, അതിനെ തുടർന്ന് പൊടിയനോടും അവന്റെ സംഘത്തോടും പകരം ചോദിയ്ക്കാൻ അമ്മിണി പിള്ള തീരുമാനിക്കുന്നതുമാണ് ഈ ചിത്രത്തിന്റെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നത്. പൊടിയനും നിമിഷ അവതരിപ്പിക്കുന്ന വാസന്തിയും തമ്മില്ലുള്ള സ്വകാര്യ നിമിഷം അമ്മിണിപ്പിള്ള കയ്യോടെ പിടിക്കുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്. അതെ തുടർന്ന് അമ്മിണിപ്പിള്ളയോട് പൊടിയ നു തോന്നുന്ന വൈരാഗ്യമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ട് നയിക്കുന്നത്. അഞ്ചുതെങ്ങ് എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ നടക്കുന്നത്.

ആദ്യാവസാനം ഒരു കംപ്ലീറ്റ് മാസ്സ് എന്റെർറ്റൈനെർ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകനെ പൂർണ്ണമായും രസിപ്പിക്കുന്ന തരത്തിലാണ് സംവിധായകൻ ശ്രീജിത്ത് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നിസംശയം പറയാം. അത്ര ഗംഭീരമായ രീതിയിലാണ്, ഇതിന്റെ കഥ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അത്യന്തം ആവേശകരമായ രീതിയിൽ വൈകാരികവും രസകരവും തീവ്രവുമായ കഥ സന്ദർഭങ്ങളിലൂടെ മുന്നോട്ടു നീങ്ങിയ ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ മികവ് എടുത്തു പറയേണ്ടതാണ്. ഒരു പ്രത്യേക കാലഘട്ടത്തിൽ നടക്കുന്ന രീതിയിൽ കഥ പറയുന്ന ഈ ചിത്രത്തിലെ കഥാസന്ദർഭങ്ങൾ ഏറെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ രചയിതാവ് രാജേഷിനും സംവിധായകൻ ശ്രീജിത്തിനും സാധിച്ചിട്ടുണ്ട്. പ്രണയവും കോമെഡിയും ആക്ഷനും ഡ്രാമയും ആകാംഷ സമ്മാനിക്കുന്ന മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം പ്രേക്ഷകനെ വളരെ മനോഹരമായ രീതിയിലാണ് മറ്റൊരു കാലഘട്ടത്തിലേക്കു കൂട്ടികൊണ്ട് പോകുന്നത്. ആക്ഷനും ആവേശവും മാത്രമല്ല മനസ്സിനെ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളും കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങളുമെല്ലാം ഈ ചിത്രത്തെ മറ്റൊരു തലത്തിൽ എത്തിച്ചു. മനോഹരമായ തിരക്കഥയും അതിന്റെ സാങ്കേതിക നിലവാരത്തിലുള്ള മേക്കിങ്ങുമാണ് ഈ ചിത്രത്തെ വിജയത്തിലെത്തിക്കുന്നത്. തെക്കൻ സ്ലാങ്ങിലുള്ള, പൊട്ടിച്ചിരിപ്പിക്കുന്ന രസകരമായ സംഭാഷണങ്ങളും ഇതിന്റെ ഹൈലൈറ്റാണ്, ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട് തന്നെയാണ് ചിത്രം സഞ്ചരിക്കുന്നത്.

അമ്മിണിപ്പിള്ള എന്ന കഥാപാത്രമായി ബിജു മേനോൻ കാഴ്ച വെച്ചത് ഗംഭീര പ്രകടനമാണ്. അയ്യപ്പനും കോശിയുമിലെ അയ്യപ്പൻ നായർക്ക് ശേഷം പ്രേക്ഷകരുടെ മനസ്സിൽ കുടിയേറുന്ന ബിജു മേനോന്റെ മാസ്സ് കഥാപാത്രമായി അമ്മിണിപ്പിള്ള മാറുമെന്നുറപ്പ്. ആക്ഷൻ രംഗങ്ങളിൽ മാത്രമല്ല, ഡയലോഗ് ഡെലിവറി കൊണ്ടും, സൂക്ഷ്മമായ ശാരീരിക- ഭാവ ചലനങ്ങൾ കൊണ്ടും ഈ കഥാപാത്രത്തിന്റെ ശ്കതി പ്രേക്ഷകരുടെ മനസ്സിലേക്ക് പകരാൻ ബിജു മേനോനെന്ന നടന് സാധിച്ചു. ബിജു മേനോനൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് രുഗ്മിണി എന്ന കഥാപാത്രമായി പദ്മപ്രിയ, പൊടിയനായി റോഷൻ മാത്യു, വാസന്തിയായി നിമിഷാ സജയൻ എന്നിവർ നൽകിയത്. ശക്തമായ സ്ത്രീ കഥാപാത്രവുമായി പദ്മപ്രിയ തിരിച്ചു വരവ് ഗംഭീരമാക്കിയപ്പോൾ, പൊടിയൻ എന്ന കഥാപാത്രമായി റോഷൻ നടത്തിയ പ്രകടനം ഒരു നടനെന്ന നിലയിലുള്ള റോഷന്റെ വളർച്ചയാണ് കാണിച്ചു തരുന്നത്. ഇവരെ കൂടാതെ അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും മികച്ച പ്രകടനമാണ് നൽകിയത്.

ജസ്റ്റിൻ വർഗീസ് ഒരുക്കിയ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ അദ്ദേഹം തന്നെയൊരുക്കിയ പശ്ചാത്തല സംഗീതവും ഞെട്ടിക്കുന്ന നിലവാരം പുലർത്തി. അത് പോലെ തന്നെ പ്രേക്ഷകനെ കഥ നടക്കുന്ന കാലഘട്ടത്തിലേക്കും ആ അന്തരീക്ഷത്തിലേക്കും ചേർത്ത് നിർത്തുന്നതിൽ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ വഹിച്ച പങ്കും വളരെ വലുതാണ്. ഇതിനു വേണ്ടി കലാസംവിധാനം നിർവഹിച്ച ദിലീപ് നാഥും ഈ ചിത്രത്തെ അക്ഷരാർത്ഥത്തിൽ ഒരു ദൃശ്യ വിരുന്നാക്കി മാറ്റിയിട്ടുണ്ട് മാറ്റി. രണ്ടര മണിക്കൂറിനു മുകളിൽ ദൈർഘ്യമുള്ള ചിത്രം ഒട്ടും ഇഴയാതെ മുന്നോട്ടു കൊണ്ട് പോകാൻ സഹായിച്ച എഡിറ്റർ മനോജ് കണ്ണോത്തും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. സംഗീതവും ദൃശ്യങ്ങളും അതിമനോഹരമായാണ് ഇതിന്റെ കഥയോടും കഥാപാത്രങ്ങളോടും ചേർന്ന് നിന്നതെന്നത് ഈ ചിത്രത്തിന്റെ മിഴിവ് വർധിപ്പിച്ചിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ, ഒരു ഉത്സവ സീസണിൽ ആദ്യാവസാനം ആഘോഷിച്ചു കാണാൻ ഒരു സിനിമ തേടുന്ന പ്രേക്ഷകന് ആ ആനന്ദം നൽകുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കുമെല്ലാം ഒരുപോലെ ആസ്വദിച്ചു കാണാവുന്ന ഈ ചിത്രം, പ്രേക്ഷകന്റെ സമയവും പണവും നഷ്ട്ടപെടുത്തില്ല എന്ന് മാത്രമല്ല, അവർക്കു വിനോദത്തിന്റെ രണ്ടര മണിക്കൂർ സമ്മാനിക്കുകയും ചെയ്യും.

Did you find apk for android? You can find new Free Android Games and apps.
Share.

About Author