Saturday, August 13

ക്രിസ്‌തുമസ്‌ റിലീസിനൊരുങ്ങുന്നത് നിരവധി ചിത്രങ്ങൾ; ബോക്‌സ് ഓഫീസ് ആര് കീഴടക്കുമെന്ന ആകാംക്ഷയിൽ സിനിമാപ്രേമികൾ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

അവധിയും ആഘോഷവും കൂടുതൽ മികച്ചതാക്കാൻ ഇത്തവണ ക്രിസ്‌തുമസ്‌ റിലീസായി നിരവധി ചിത്രങ്ങളാണെത്തുന്നത്. മമ്മൂട്ടി,പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ, വിനീത്, ഫഹദ് എന്നിവരുടെ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഇതിൽ ആരാണ് ബോക്‌സ് ഓഫീസ് കീഴടക്കുക എന്നതാണ് സിനിമാപ്രേമികളുടെ ആകാംക്ഷ.

മമ്മൂട്ടി നായകനായി എത്തുന്ന ‘മാസ്റ്റർ പീസ്’ എന്ന ചിത്രമാണ് ഇതിൽ പ്രധാനം. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി കോളേജ് പ്രൊഫസറായി എത്തുന്നു എന്നതുകൊണ്ടുതന്നെ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വിദ്യാര്‍ഥികളെ നിലയ്ക്ക് നിര്‍ത്തുന്ന എഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. സന്തോഷ് പണ്ഡിറ്റും ഒരു മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. മുകേഷ്, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബാജ്വ, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, വിജയകുമാര്‍, നന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന അലറലോടലറല്‍’. അനു സിത്താരയാണ് നായിക. ശേഖരൻ കുട്ടി എന്ന് വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഒരു ഇടവേളയ്ക്ക് ശേഷമിറങ്ങുന്ന മുഴുനീള ആനച്ചിത്രം എന്ന പ്രത്യേകതയോടെയാണ് ആന അലറലോടലറൽ റിലീസിനെത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഇന്ദ്രന്‍സ്, വിശാഖ്, ഹരീഷ് കണാരന്‍, മാമുക്കോയ, വിനോദ് കെടാമംഗലം, തെസ്‌നിഖാന്‍ എന്നിവരാണ് മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘മായാനദി’യാണ് മറ്റൊരു റിലീസ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ എന്നീ സംവിധായകരും ഈ ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നു. ജയേഷ് മോഹനാണ് ഛായഗ്രാഹകന്‍. ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിമാനം’. സ്വയം വിമാനങ്ങൾ നിർമ്മിച്ച് പറപ്പിച്ച, ഭിന്നശേഷിയുള്ള സജി തോമസിനെയാണ് പൃഥ്വി ഇതിൽ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് പൃഥ്വിയുടെ നായിക. അലന്‍സിയര്‍ , സുധീര്‍ കരമന, പി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജയസൂര്യ നായകനായെത്തുന്ന ആട് 2. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം. സണ്ണിവെയ്ന്‍, വിനായകന്‍, വിജയ് ബാബു, ഭഗത് മാനുവൽ,ധർമജൻ, സൈജു കുറുപ്പ്, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘വേലൈക്കാരൻ’. തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ. നയന്‍താര നായികയെത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലാണെത്തുന്നത്. സ്നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author