കൈ നിറയെ ചിത്രങ്ങളുമായി 2018 തന്റേതാക്കാൻ ഷെയിൻ നിഗം..!

Advertisement

അന്തരിച്ചു പോയ പ്രശസ്ത മിമിക്രി താരവും നടനും ആയിരുന്ന അബിയുടെ മകനും പ്രശസ്ത യുവ നടനുമായ ഷെയിൻ നിഗം ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ്. ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് ഷെയിൻ നായകനായും അല്ലാതെയും അടുത്ത വർഷം എത്തുന്നത്. ഷാനവാസ് ബാവക്കുട്ടി ഒരുക്കിയ കിസ്മത് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം ശ്രദ്ധ നേടിയ ഷെയിൻ നിഗം ഈ വർഷം കെയർ ഓഫ് സൈറാബാനു, പറവ എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബി അജിത് കുമാർ ഒരുക്കിയ ഈട എന്ന ചിത്രമാണ് അടുത്ത വർഷം ആദ്യം ഷെയിൻ നായകൻ ആയി തീയേറ്ററുകളിൽ എത്തുക. നിമിഷ സജയൻ ആണ് ഈ ചിത്രത്തിലെ നായിക. ഇത് കൂടാതെ അൻവർ റഷീദ് നിർമ്മിക്കുന്ന വലിയ പെരുന്നാൾ എന്ന ബിഗ് ബജറ്റ് ചിത്രത്തിലും അടുത്ത വർഷം ഷെയിൻ നായകൻ ആയി എത്തും. ഒരു പുതിയ സംവിധായകൻ ആണ് ഈ ചിത്രം ഒരുക്കുക.

ദേവൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമായ പൈങ്കിളി ആണ് അടുത്ത വർഷത്തെ ഷെയിൻ നിഗമിന്റെ മറ്റൊരു പ്രൊജക്റ്റ്. ഒരു ഡാൻസർ ആയാണ് ഷെയിൻ ഈ ചിത്രത്തിൽ എത്തുന്നത് എന്നാണ് സൂചന. ഷെയിൻ ഒരു മികച്ച നർത്തകൻ കൂടിയാണ്. ശ്യാം പുഷ്ക്കരൻ രചിച്ചു നവാഗതനായ മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്, ഈ ചിത്രത്തിലും ഷെയിൻ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓൾ എന്ന ചിത്രത്തിലും ഷെയിൻ നിഗം ആണ് നായക വേഷം ചെയ്യുന്നത്. എസ്തർ അനിൽ ആണ് ഈ ചിത്രത്തിലെ നായിക.

Advertisement
Advertisement

Press ESC to close