പുലിമുരുകനും ഒടിയനും ശേഷം വമ്പൻ ആക്ഷൻ രംഗങ്ങൽ ഒരുക്കാൻ പീറ്റർ ഹെയ്‌ൻ ഇനി മമ്മൂട്ടിക്കൊപ്പം..

Advertisement

പീറ്റർ ഹെയ്‌ൻ എന്ന സംഘട്ടന സംവിധായകൻ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സംഘട്ടന സംവിധായകൻ ആണ്. തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലൂടെ ആണ് അദ്ദേഹം പ്രശസ്തനായതെങ്കിലും അവയെല്ലാം കൊടുത്തതിലും കൂടുതൽ മൈലേജ് ആണ് പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രം അദ്ദേഹത്തിന് നൽകിയത്. പീറ്റർ ഹെയ്‌ൻ ഒരുക്കിയ സംഘട്ടനം വിസ്മയിപ്പിക്കുന്ന പൂർണ്ണതയോടെ മോഹൻലാൽ അവതരിപ്പിച്ചപ്പോൾ പീറ്റർ ഹെയ്ന് അത് ദേശീയ പുരസ്‍കാരം അടക്കം നേടി കൊടുത്തു. അതിനു ശേഷം മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായ മോഹൻലാൽ ചിത്രം ഒടിയൻ ആണ് പീറ്റർ ഹെയ്‌ൻ ചെയ്തത്. ആ ചിത്രം ഇറങ്ങാൻ പോകുന്നതേയുള്ളു. അതിനു മുൻപേ തന്നെ മറ്റൊരു വമ്പൻ ചിത്രം കൂടി പീറ്റർ ഹെയ്‌ൻ സ്വീകരിച്ചു കഴിഞ്ഞു. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന മധുര രാജ എന്ന ചിത്രത്തിലൂടെയാണ് പീറ്റർ ഹെയ്‌ൻ ഇനി മലയാളികളെ വിസ്മയിപ്പിക്കാൻ പോകുന്നത്.

മോഹൻലാലിനെ പുലിമുരുകനിലൂടെയും ഒടിയനിലൂടെയും അടവുകൾ പഠിപ്പിച്ച പീറ്റർ ഹെയ്‌ൻ ഇനി മമ്മൂട്ടിയുടെ രാജയെ പുതിയ യുദ്ധ മുറകൾ പഠിപ്പിക്കും. പുലിമുരുകൻ ഒരുക്കിയ വൈശാഖ്- ഉദയ കൃഷ്ണ ടീം തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. പുലിമുരുകൻ ടീമിൽ ഉള്ള ഛായാഗ്രാഹകൻ ഷാജി കുമാർ, സംഗീത സംവിധായകൻ ഗോപി സുന്ദർ, എഡിറ്റർ ജോൺ കുട്ടി, പുലിമുരുകനിലെ വില്ലനായി അഭിനയിച്ച ജഗപതി ബാബു എന്നിവരും മധുര രാജയുടെയും ഭാഗമാണ്. അടുത്ത മാസം ഒൻപതിന് ഷൂട്ടിങ് ആരംഭിക്കുന്ന ഈ ചിത്രം നൂറ്റിരുപതു ദിവസം കൊണ്ട് പൂർത്തിയാവുകയും, അടുത്ത വർഷം വിഷു റിലീസ് ആയി എത്തുകയും ചെയ്യും. പീറ്റർ ഹെയ്‌നിന്റെ കീഴിൽ മമ്മൂട്ടി എങ്ങനെ ആക്ഷൻ ചെയ്യും എന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. മധുര രാജ കൂടാതെ പ്രണവ് മോഹൻലാൽ- അരുൺ ഗോപി ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടും പീറ്റർ ഹെയ്‌ൻ ഈ വർഷം മലയാളത്തിൽ ചെയ്യും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close