ഇരുപതാം നൂറ്റാണ്ടിലെ ലാൽ മാജിക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവ് ആവർത്തിക്കുന്നത് കാണാൻ കാത്തിരിക്കുന്നു എന്ന് കെ മധു..!

Advertisement

മുപ്പത്തിയൊന്നു വർഷം മുൻപാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം മലയാളത്തിൽ റിലീസ് ചെയ്യുന്നത്. എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ അതുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും തകർത്തു ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം ആയിരുന്നു. അതിലെ മോഹൻലാൽ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മാസ്സ് കഥാപാത്രങ്ങളിൽ ഒന്നായി മാറുകയും ആ ചിത്രം തന്നെ ട്രെൻഡ് സെറ്റെർ ആയി മാറുകയും ചെയ്തു. ഇപ്പോഴിതാ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം  നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാൽ  കാണിച്ച മാജിക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവും ആവർത്തിക്കുന്നത് കാണാൻ താൻ കാത്തിരിക്കുകയാണ് എന്നാണ് കെ മധു പറയുന്നത്. 

തന്റെ ഫേസ്ബുക് കുറിപ്പിൽ ആണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തുന്നത്. ചരിത്രം നടത്തുന്ന തനിയാവർത്തനങ്ങൾ എന്നും നമ്മുടെ ചിന്തകൾക്ക് അതീതമാണ് എന്നു തോന്നിയിട്ടുണ്ട് എന്നും  31 വർഷങ്ങൾക്കു മുമ്പ് താനും എസ്.എൻ.സ്വാമിയും മോഹൻലാലിനോടൊപ്പം ചേർന്നപ്പോൾ ഉണ്ടായ ഇരുപതാം നൂറ്റാണ്ട് എന്ന സിൽവർ സ്‌ക്രീൻ മാജിക് ആവർത്തിക്കാൻ ചരിത്രം തയ്യാറെടുക്കുന്നത് എത്ര കൗതുകകരമായിട്ടാണ് എന്നും അദ്ദേഹം പറയുന്നു. കാരണം ആ മാജിക്കിന്‌ ഒരുങ്ങുന്നവർ രണ്ടുപേരും തനിക്കു  പ്രിയപെട്ടവർ ആണെന്ന് അദ്ദേഹം കുറിക്കുന്നു. ഒരാൾ അരുൺ ഗോപി എന്ന തന്റെ  പ്രിയ ശിഷ്യനും  മറ്റൊരാൾ പ്രിയ സുഹൃത്തും ധിഷണാശാലിയുമായ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും. പോസ്റ്ററിൽ പ്രണവിന്റെ രൂപം കാലത്തിനനുസരിച്ചു വ്യത്യസ്തമായതെങ്കിലും സാമ്യം ഏറെ എന്നും കെ മധു പറയുന്നു. പക്ഷെ,ലാൽ മാജിക്ക് സൃഷ്ടിച്ച കാലത്തിന് മറക്കാനാവാത്ത ആ ഭാവതാളലയം ഒന്നു തന്നെ എന്നും, ഇരുപതാം നൂറ്റാണ്ടിലെ ആ മാജിക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവർത്തിക്കാനായി താൻ പ്രാർഥിക്കുന്നു എന്നും കെ മധു പറഞ്ഞു. ചരിത്രമായ ആ വിജയത്തിന്റെ തനിയാവർത്തനത്തിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞതിന്  ഒപ്പം മോഹൻലാലിനും, അരുൺ ഗോപിക്കും, പ്രണവിനും, നിർമ്മാതാവ് ടോമിച്ചൻ മുളകു പാടത്തിനും വിജയാശംസകൾ നേരുവാനും കെ മധു മറന്നില്ല. കെ മധുവിന്റെ വാക്കുകൾക്ക് അരുൺ ഗോപി നന്ദി പറയുകയും ചെയ്തു. ഇതിലും വലിയൊരു അനുഗ്രഹം ജീവിതത്തിൽ മറ്റൊന്നുമില്ല  എന്നും പഠിപ്പിച്ചു തന്ന പാഠങ്ങൾക്കും സ്നേഹത്തോടെ ഉപദേശിച്ചു നൽകുന്ന നല്ല വഴികൾക്കും വാക്കുകൾകൊണ്ട് പറയാൻ പറ്റാത്ത നന്ദിയും കടപ്പാടും ഉണ്ടെന്നും അരുൺ ഗോപി പറഞ്ഞു. 

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close