വമ്പൻ ഹോളിവുഡ് സാങ്കേതിക വിദ്യ ആദ്യമായി ഇന്ത്യയിലെത്തിക്കാൻ കത്തനാർ; ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു..!

Advertisement

അടുത്തിടെ ആമസോൺ പ്രൈം റിലീസ് ആയെത്തി ദേശീയ തലത്തിൽ വരെ വളരെ വലിയ പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ് ഹോം. ഇന്ദ്രൻസ് നായകനായ ആ ചിത്രം സംവിധാനം ചെയ്ത റോജിൻ തോമസ് ഇപ്പോഴിതാ തന്റെ പുതിയ ചിത്രവുമായി വരികയാണ്. മലയാളത്തിലെ വമ്പൻ ചിത്രങ്ങളിൽ ഒന്നായി ഒരുക്കാൻ പോകുന്ന കത്തനാർ ആണ് റോജിൻ തോമസിന്റെ പുതിയ ചിത്രം. കത്തനാർ എന്ന ടൈറ്റിൽ കഥാപാത്രമായി ജയസൂര്യ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. ഈ അടുത്തിടെ റിലീസ് ചെയ്ത ഏതാനും വമ്പൻ ഹോളിവുഡ് ചിത്രങ്ങളിൽ മാത്രം ഉപയോഗിച്ചിട്ടുള്ള വൻ സാങ്കേതിക വിദ്യ, ഇന്ത്യയിൽ തന്നെ ആദ്യമായി മലയാളത്തിൽ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് കത്തനാർ ടീം. ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ആണ് ഈ ചിത്രവും നിർമ്മിക്കുക. പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി, ഒരു അന്താരാഷ്ട്ര ചലച്ചിത്രമായാണ് കത്തനാർ ഒരുക്കാൻ പോകുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് പ്ലാൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കാൻ പോകുന്നത്. ആർ രാമാനന്ദ് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് നീൽ ഡി കുഞ്ഞ ആണ്. രാഹുൽ സുബ്രമണ്യം സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന്റെ വിർച്വൽ പ്രൊഡക്ഷൻ ഹെഡ് ആയി ജോലി ചെയ്യുന്നത് സെന്തിൽ നാഥൻ ആണ്. വിഷ്ണു രാജ് ആണ് ഈ ചിത്രത്തിന്റെ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഹെഡ് ആയി ജോലി ചെയ്യുക. ടെക് വിസ്‌, സ്റ്റണ്ട് വിസ്‌, പോസ്റ്റ് വിസ്‌ തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഈ ചിത്രത്തിന്റെ വിർച്വൽ പ്രൊഡക്ഷൻ പൂർത്തിയാക്കുക. ഇതിനു വേണ്ടി കഥാപാത്രങ്ങളുടെ ഫുൾ ബോഡി ത്രീഡി സ്കാൻ ചെയ്യുന്ന പ്രക്രിയയും ആരംഭിച്ചു കഴിഞ്ഞു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close