സഹായിച്ചില്ലെങ്കിലും ജീവിക്കാൻ അനുവദിച്ചാൽ മതി എന്ന് ഹനാൻ; സത്യമന്വേഷിക്കാതെ പെൺകുട്ടിയെ ട്രോളിയവർ ലജ്ജിക്കുക..!

Advertisement

ഇന്നലെയാണ് ജീവിക്കാനായി മീൻ വിറ്റും മറ്റു പല അല്ലറ ചില്ലറ ജോലികളും ചെയുന്ന കോളേജ് വിദ്യാർത്ഥിയായ ഹനാൻ എന്ന പെൺകുട്ടിയെ കുറിച്ചുള്ള വാർത്ത മാതൃഭൂമി ന്യൂസ് പുറത്തു വിട്ടത്. അതിനു പുറകെ ആ കുട്ടിയെ സഹായിക്കാൻ തയ്യാറായി ഒരുപാട് രംഗത്ത് വരികയും ചെയ്തു. പ്രശസ്ത സംവിധായകൻ അരുൺ ഗോപി തന്റെ പ്രണവ് മോഹൻലാൽ ചിത്രത്തിൽ ഒരു വേഷം വരെ ഈ കുട്ടിയെ സഹായിക്കാനായി ഓഫ്ഫർ ചെയ്യുകയും ചെയ്തു. എന്നാൽ രാത്രിയോടെ ചിലർ ഈ കുട്ടിയുടെ വാദങ്ങൾ ഫേക് ആണെന്നും ഈ കുട്ടി ചാനൽ ക്യാമറക്കു മുന്നിൽ നടത്തിയത് വെറും നാടകമാണെന്നും അരുൺ ഗോപി ഉൾപ്പെടെ ഉള്ളവർ തങ്ങളുടെ സിനിമയുടെ പ്രമോഷന് വേണ്ടി നടത്തിയ ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രം ആണ് അതെന്നും പറഞ്ഞു രംഗത്ത് വരികയും അതോടെ ഹനാൻ എന്ന പെൺകുട്ടിയെ അപമാനിച്ചും ട്രോളിയും ഒരുപാട് പേര് സോഷ്യൽ മീഡിയയിൽ രംഗത്ത് വരികയും ചെയ്തു . എന്നാൽ സത്യം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഹനാൻ പറയുന്നത് നൂറു ശതമാനം സത്യമാണെന്നു മാത്രമല്ല, അതിനു സാക്ഷ്യ പത്രവുമായി ഹനാൻ പഠിക്കുന്ന കോളേജിന്റെ അധികൃതരും ഹനാന്റെ സഹപാഠികളും ആ കുട്ടിയുടെ ദുരവസ്ഥ നേരിട്ട് അറിയാവുന്ന ഓരോരുത്തരും രംഗത്ത് വന്നു കഴിഞ്ഞു.

അതോടൊപ്പം ഇന്നലെ ചെവിക്കു സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്ന ആ കുട്ടി, തനിക്കു നേരെ നടന്ന ഓൺലൈൻ അറ്റാക്ക് അറിഞ്ഞത് തന്നെ ഇന്ന് രാവിലെയാണ്. മനസ്സ് കൊണ്ട് ആലോചിക്കുക പോലും ചെയ്യാത്ത കാര്യങ്ങൾക്കു തന്നെ അപമാനിക്കുന്നത് കണ്ടു മനം നൊന്ത ഹനാൻ കോളേജ് അധികൃതർക്കൊപ്പം ഫേസ്ബുക് ലൈവിൽ വന്നു കണ്ണീരടക്കൻ പാടുപെട്ടു കൊണ്ടാണ് തന്റെ അവസ്ഥ വിവരിച്ചത്. ജൂനിയർ ആര്ടിസ്റ് ആയും ഡബ്ബിങ് ആര്ടിസ്റ് ആയും ഇവെന്റുകളിൽ ഫ്‌ളവർ ഗേൾ ആയും ആങ്കർ ആയുമെല്ലാം ജീവിതം മുന്നോട്ടു നീക്കിയ ഹനാൻ മീൻ കച്ചവടം ചെയ്യാൻ തുടങ്ങിയിട്ടും കുറെ നാൾ ആയി. കളമശ്ശേരിയിൽ തുടങ്ങിയ കച്ചവടം അവിടെ ചില പ്രശ്നങ്ങൾ ഉണ്ടായതു മൂലം മൂന്നു ദിവസം മുൻപാണ് തമ്മനത്തേക്കു മാറ്റിയത്. എന്നാൽ ഈ കുട്ടിയെ അപമാനിച്ച പലരും മൂന്നു ദിവസം മുൻപുള്ള കാര്യം അന്വേഷിക്കാതെ ആ മൂന്നു ദിവസത്തെ കാര്യം മാത്രം അറിഞ്ഞു വെച്ച് ഹനാനെ വ്യക്തിഹത്യ നടത്തുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഇപ്പോൾ സത്യം മുഴുവൻ പകൽ വെളിച്ചം പോലെ പുറത്തു വന്നു കഴിയുമ്പോൾ ഹനാൻ വേദനിക്കുന്ന മനസ്സോടെ പറയുന്നത് ഇത്ര മാത്രം. സഹായിച്ചില്ലെങ്കിലും തെറ്റ് ചെയ്യാത്ത തന്നെ ജീവിക്കാൻ എങ്കിലും അനുവദിക്കണം എന്നാണ്. സത്യം മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ ഈ പെൺകുട്ടിയെ അപമാനിച്ച ട്രോളന്മാരോടും ആ കുട്ടിയെ സഹായിക്കാൻ ശ്രമിച്ച ആളുകൾക്കെതിരെ വ്യാജ പ്രചാരണം അഴിച്ചു വിട്ട ചില ആരാധക കൂട്ടായ്മകളോടും ഒന്നേ പറയാൻ ഉള്ളു. സ്വയം ലജ്ജിക്കുക, നിങ്ങളുടെ പ്രവർത്തിയെ കുറിച്ചോർത്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close