ദൃശ്യം 3 മലയാളവും ഹിന്ദിയും ഒരുമിച്ച് റിലീസിന്?; മറുപടി നൽകി ജീത്തു ജോസഫ്

Advertisement

മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ മൂവി സീരീസാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ദൃശ്യം സീരിസ്. മലയാളത്തിലെ ആദ്യത്തെ അൻപത് കോടി ഗ്രോസ് നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയ ദൃശ്യം അതിന് ശേഷം വിദേശ ഭാഷകൾ ഉൾപ്പെടെ ഏഴു ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ദൃശ്യം 2 എന്ന ചിത്രവും ഇതിനോടകം മൂന്നോളം ഭാഷകളിൽ ഒരുങ്ങിക്കഴിഞ്ഞു. ഈ അടുത്തിടെ റിലീസ് ചെയ്ത ഇതിന്റെ ഹിന്ദി റീമേക് ഇരുനൂറ് കോടി ആഗോള ഗ്രോസിലേക്കും കുതിക്കുകയാണ്. ഈ മൂവി സീരിസിന്റെ അവസാന ഭാഗമായി ദൃശ്യം 3 കൂടി പ്രഖ്യാപിച്ചിട്ടുണ്ട് ജീത്തു ജോസഫ്. 2024 ലാവും ദൃശ്യം 3 എത്തുകയെന്നാണ് സൂചന. എന്നാൽ അജയ് ദേവ്‌ഗൺ നായകനായ ദൃശ്യം 2 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ അഭിഷേക് പഥക് പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്, കഥയിലെ സസ്പെൻസ് ലീക്ക് ആകാതിരിക്കാൻ ദൃശ്യം 3 യുടെ മലയാളം, ഹിന്ദി പതിപ്പുകൾ ഒരേ സമയം ഷൂട്ട് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യുന്ന കാര്യം ആലോചനയിലുണ്ടെന്നാണ്.

എന്നാൽ അതിന്റെ മലയാളം, ഹിന്ദി പതിപ്പുകൾ ഒരുമിച്ച് റിലീസ് ചെയ്യാനുള്ള പദ്ധതിയില്ലെന്നും ദൃശ്യം 3 യുടെ തിരക്കഥ പോലും ആരംഭിച്ചിട്ടില്ല എന്നും ജീത്തു ജോസഫ് പ്രതികരിച്ചു. ദി ക്യൂവിനോട് ആണ് ജീത്തു ജോസഫ് ഈ വിഷയത്തിലുള്ള തന്റെ പ്രതികരണം അറിയിച്ചത്. ഇപ്പോൾ മോഹൻലാൽ നായകനായ റാം എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മൊറോക്കോയിലാണ് ജീത്തു ജോസഫ്. ദൃശ്യം 3 ന്റെ കഥാഗതിയെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടക്കുകയാണെന്നും, റാം പൂർത്തിയാക്കിയതിന് ശേഷമേ ദൃശ്യം 3 ന്റെ തിരക്കഥ രചന തുടങ്ങുകയുള്ളു എന്നും ജീത്തു ജോസഫ് ദി ക്യൂവിനോട് പറഞ്ഞു. ദൃശ്യം സീരിസ് മലയാളത്തിൽ നിർമ്മിച്ച ആശീർവാദ് സിനിമാസ്, ദൃശ്യം 2 ന്റെ ഹിന്ദി പതിപ്പിന്റെയും സഹനിർമ്മാതാവാണ്‌.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close