Wednesday, August 10

ദിലീപുമായി ഭൂമി ഇടപാടുകളില്ലെന്നു ഇരയായ നടി; പോലീസ് പ്രതിരോധത്തിൽ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

യുവനടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. രണ്ട് ദിവസം കസ്റ്റഡിയിൽ ആയിരുന്ന ദിലീപിനെ വെച് പോലീസ് തെളിവെടുപ്പുകളും നടത്തി കഴിഞ്ഞു. നടിയോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ദിലീപിനെ കൊണ്ട് ഈ കൃത്യം ചെയ്യിച്ചതെന്നാണ് പോലീസ് ഭാഷ്യമെന്നു പ്രമുഖ ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അങ്ങനെ വന്ന റിപ്പോർട്ടുകൾ പറയുന്നത് ദിലീപും നടിയും തമ്മിൽ ചില ഭൂമി ഇടപാടുകളും പണമിടപാടുകളും നടന്നുവെന്നും അതിന്റെ തുടർന്നുണ്ടായ ചില തർക്കങ്ങൾ അവർക്കിടയിലുണ്ടായി എന്നുമാണ്.

മാത്രമല്ല അതിനു ശേഷം ഈ പ്രമുഖ നടി ദിലീപിന്റെ കുടുംബം ശിഥിലമാക്കുന്നതിലും മുഖ്യ പങ്കു വഹിച്ചുവെന്നും, ആ വൈരാഗ്യമാണ് നടിക്കെതിരെ ഗൂഢാലോചന നടത്താനും അവരെ ആക്രമിക്കാൻ പൾസർ സുനിയെ പോലൊരാളെ ഏൽപ്പിക്കാൻ കാരണമായതുമെന്നാണ് വാർത്തകൾ പറയുന്നത്.

പക്ഷെ ഇന്ന് ഇരയായ നടി തന്നെ ഈ വാർത്തകൾക്കെതിരെ രംഗത്തെത്തിയിരിക്കുയാണ്. ഈ പ്രശ്നം ഉണ്ടായതിനു ശേഷം പരസ്യ പ്രതികരണവുമായി ഈ നടി രംഗത്ത് വരുന്നത് തന്നെ ഇതാദ്യമായാണ്. വാർത്ത കുറിപ്പിലൂടെ നടി തനിക്കും ദിലീപിനുമിടയിൽ ഭൂമി ഇടപാടുകളും പണമിടപാടുകളൂം ഉണ്ടായിരുന്നു എന്ന വാർത്ത നിഷേധിച്ചു.

ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ തങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ലെന്നും മറ്റു ചില വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് തങ്ങൾക്കിടയിലുള്ള സൗഹൃദം ഇല്ലാതായതെന്നും ആക്രമണത്തിന് ഇരയായ നടി പറയുന്നു.

താൻ ഈ നടന്റെ പേര് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല എന്നും, അദ്ദേഹത്തെ കള്ള കേസിൽ കുടുക്കിയതാണെങ്കിൽ ആ സത്യം എത്രയും വേഗം പുറത്തു വരട്ടെ എന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്നും നടി പറഞ്ഞു. അഥവാ ഈ വ്യക്തി തെറ്റുകാരനാണെങ്കിൽ അർഹിക്കുന്ന പരമാവധി ശിക്ഷ തന്നെ നിയമം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും നടി കൂട്ടി ചേർത്തു.

നടിയുടെ ഈ പ്രസ്താവന കൂടി വന്നതോടെ ദിലീപിനുള്ള പിന്തുണ സോഷ്യൽ മീഡിയയിലൂടെ വർധിച്ചു വരികയാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു ദിലീപിനെ കുടുക്കാനുള്ള ചില ശ്രമങ്ങളാണ് ഇതിലൂടെ ഇല്ലാതാകുന്നത്. നേരത്തെ തന്റെ പേരിൽ ദിലീപിനെതിരെ വ്യാജ വാർത്ത ചമച്ചവർക്കെതിരെ കലാഭവൻ ഷാജോണും രംഗത്ത് വന്നിരുന്നു.

അതുപോലെ ഈ വിഷയത്തിൽ മാധ്യമങ്ങൾ നടത്തുന്ന വിചാരണക്കെതിരെയും ഇപ്പോൾ കുറ്റാരോപിതൻ മാത്രമായ ദിലീപിനെ കുറ്റവാളിയാക്കി വിധി പറയുന്ന ചാനലുകളിലെ അന്തി ചർച്ചകൾക്കെതിരെ നടൻ സിദ്ദിഖും രംഗത്ത് വന്നിരുന്നു. സിദ്ദിഖിന്റെ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ കാട്ടു തീ പോലെയാണ് പടർന്നു കയറിയത്.

പുലി മുരുകന്റെ സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി , പി സി ജോർജ് എം എൽ എ എന്നിവരും പ്രത്യക്ഷമായും പരോക്ഷമായും ഈ മാധ്യമ വിചാരണക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഏതായാലും ഇരയാക്കപ്പെട്ട നടി തന്നെ ഇങ്ങനെയൊരു പോസ്റ്റുമായി രംഗത്ത് വന്നതോടെ പോലീസ് പ്രതിരോധത്തിലായി എന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്.

അടുത്ത ദിവസങ്ങളിൽ കോടതിയിൽ ഈ കേസ് എത്തുന്നതോടെ ചിത്രം കൂടുതൽ വ്യക്തമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കോടതി വിധിച്ചാൽ മാത്രമേ ഒരാൾ കുറ്റവാളിയാകുന്നുള്ളു എന്നത് നിയമം അനുശാസിക്കുന്ന മര്യാദ ആണെന്നിരിക്കെ ദിലീപിനെതിരെ ഇപ്പോൾ നടക്കുന്ന മാധ്യമ വിചാരണ അതിരു വിടുന്നെന്നു പറയാതെ വയ്യ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author