ശിവാജി ഗണേശന്റെ മുന്നിൽ നിന്ന് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ പ്രണവിനെ കുറിച്ച് ബാലചന്ദ്ര മേനോൻ..!

Advertisement

പ്രണവ് മോഹൻലാൽ നായകനായ ആദി വമ്പൻ പ്രദർശന വിജയം നേടി കൊണ്ട് മലയാള സിനിമയിലെ വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റിലേക്കാണ് കുതിക്കുന്നത്‌. അഞ്ചു ദിവസം കൊണ്ട് ഈ ചിത്രത്തിന് എല്ലാവരിൽ നിന്നും ഗംഭീര അഭിപ്രായവുമാണ് ലഭിക്കുന്നത്. മലയാള സിനിമയിലെ ഒരു യുവ ആക്ഷൻ സൂപ്പർ താരമായി പ്രണവിനെ ഇപ്പോഴേ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. സിനിമാ മേഖലയിൽ നിന്നും പ്രണവിന് ആശംസകളും അഭിനന്ദനങ്ങളും ഒഴുകിയെത്തുന്ന വിവരം ഞങ്ങൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തതുമാണ്. ആ കൂട്ടത്തിൽ ഏറ്റവും പുതിയത്, നടനും സംവിധായകനും, എഴുത്തുകാരനുമൊക്കെയായ ബാലചന്ദ്ര മേനോന്റെ പ്രണവിനെ കുറിച്ചുള്ള ഓര്മക്കുറിപ്പാണ്. പ്രണവ് വളരെ ചെറിയ പയ്യനായിരിക്കുമ്പോൾ ഉള്ള ഒരു ചിത്രം പങ്കു വെച്ച് കൊണ്ടാണ് ബാലചന്ദ്ര മേനോൻ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പ്രണവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ചിരിക്കുന്നത്.

ആ ഫോട്ടോയിൽ പ്രണവും ബാലചന്ദ്ര മേനോനും ഒപ്പം നടികർ തിലകം ശിവാജി ഗണേശനുമുണ്ട്. സുചിത്ര മോഹൻലാലിനേയും മകൾ വിസ്മയയേയും ആ ഫോട്ടോയിൽ കാണാം. ആ ഫോട്ടോക്ക് ഈ നിമിഷം വാർത്താ പ്രാധാന്യം വന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ബാലചന്ദ്ര മേനോൻ തന്റെ ഓർമ്മക്കുറിപ്പ് തുടങ്ങിയിരിക്കുന്നത്. നടികർ തിലകം ശിവാജി ഗണേശനെ നായകനാക്കി തമിഴിലിൽ “തായ്‌ക്കു ഒരു താലാട്ട്” എന്ന ഒരു ചിത്രം താൻ സംവിധാനം ചെയ്തിട്ടുള്ളത് എത്രപേർക്ക് അറിയാം എന്ന് ചോദിക്കുന്നു ബാലചന്ദ്ര മേനോൻ. അദ്ദേഹത്തിന്റെ പ്രശസ്ത മലയാള ചിത്രമായ ഒരു “പൈങ്കിളി കഥയുടെ” തമിഴ് റീമേക്കായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് താൻ ശിവാജി ഗണേശനുമായി അടുപ്പത്തിലാകുന്നത്‌ എന്ന് പറയുന്നു ബാലചന്ദ്ര മേനോൻ. ആ അടുപ്പം കൊണ്ടാകണം അദ്ദേഹം തിരുവന്തപുരത്തു വന്നപ്പോൾ പൂജപ്പുരയിലുള്ള ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഗസ്റ്റ് ഹൗസിലിലേക്കു തന്നെ ക്ഷണിച്ചത് എന്ന് ബാലചന്ദ്ര മേനോൻ ഓർത്തെടുക്കുന്നു .

Advertisement

അദ്ദേഹം അവിടെ ചെല്ലുമ്പോൾ സാക്ഷാൽ ശിവാജി ഗണേശൻ ചമ്രം പടിഞ്ഞു ബെഡിൽ ഇരിക്കുന്നു. ആ മുറിയിൽ അദ്ദേഹത്തെ കൂടാതെ ഒരു യുവതിയും രണ്ടു മക്കളും ഉണ്ടായിരുന്നു എന്നും, പിന്നീടാണ് അത് മോഹൻലാലിൻറെ ഭാര്യ ആയ സുചിത്രയും മക്കളായ പ്രണവും വിസ്മയയും ആയിരുന്നു എന്ന് താൻ അറിയുന്നതെന്നും മേനോൻ പറഞ്ഞു. വിസ്മയ അമ്മയുമൊത്തു സമയം ചിലവഴിച്ചപ്പോൾ താനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണം മറിയലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു എന്ന് പറഞ്ഞ ബാലചന്ദ്ര മേനോൻ, ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ പയ്യൻ മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുന്നു എന്നും തന്റെ പോസ്റ്റിലൂടെ പറഞ്ഞു. പ്രണവ് മോഹൻലാലിൻറെ ആദ്യ ചിത്രമായ ” ആദി ” പ്രദർശന വിജയം കൈവരിച്ചു മുന്നേറുന്നതായി അറിയുന്നു എന്ന് പറഞ്ഞ അദ്ദേഹം പ്രണവിനും മോഹൻലാലിനും ജിത്തുജോസഫിനും അഭിനന്ദനങ്ങൾ നേർന്നു കൊണ്ടാണ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close