ഇനിയും തകർക്കപെടാത്ത ബോക്സ് ഓഫീസ് റെക്കോർഡുമായി കുഞ്ചാക്കോ ബോബൻ; അപൂർവ റെക്കോർഡ് പിറന്നിട്ടു 22 വർഷം..!

Advertisement

മലയാള സിനിമയിലെ ഒട്ടു മിക്ക ബോക്സ് ഓഫീസ്  റെക്കോർഡുകളും സൂപ്പർ താരങ്ങളുടെ പേരിലാണ്. എന്നാൽ ഒരു സൂപ്പർ താരത്തിനും ഇല്ലാത്ത, മറ്റൊരു യുവ താരത്തിനും മലയാളത്തിൽ അവകാശപ്പെടാൻ ഇല്ലാത്ത റെക്കോർഡിന് ഉടമയാണ് മലയാളികളുടെ പ്രീയപ്പെട്ട ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബൻ. മാത്രമല്ല കഴിഞ്ഞ 22 വർഷമായി ചാക്കോച്ചന്റെ പേരിൽ തന്നെയാണ് ഈ അപൂർവ റെക്കോർഡ് ഉള്ളതും. റെക്കോർഡ് മറ്റൊന്നുമല്ല, നായകനായി അരങ്ങേറിയ ആദ്യ ചിത്രം തന്നെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആക്കി മാറ്റിയ ഒരേ ഒരു നടൻ ആണ് കുഞ്ചാക്കോ ബോബൻ. ഫാസിലിന്റെ സംവിധാനത്തിൽ 1997 ഇൽ ആണ് അനിയത്തിപ്രാവിലൂടെ കുഞ്ചാക്കോ ബോബൻ അരങ്ങേറ്റം കുറിച്ചത്.
തീയേറ്ററുകളിൽ പതുക്കെ തുടങ്ങിയ ഈ ചിത്രം പിന്നീട് കത്തിക്കയറുകയായിരുന്നു. വമ്പൻ വിജയം നേടിയ ഈ ചിത്രം തകർത്തത് അതിനു മുൻപത്തെ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്ന മണിച്ചിത്രത്താഴിന്റെ റെക്കോർഡ് ആണ്. ഫാസിൽ- മോഹൻലാൽ- ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങിയ മണിച്ചിത്രത്താഴ് 1993 ഇൽ ആണ് റിലീസ് ചെയ്തത്. അതിനു ശേഷം ഒരുപാട് യുവ നടന്മാരും താര പുത്രന്മാരും മലയാള സിനിമയിൽ അരങ്ങേറി എങ്കിലും ആദ്യ ചിത്രത്തിലൂടെ തന്നെ ഇൻഡസ്ട്രി ഹിറ്റ് തന്റെ പേരിലാക്കിയ നടൻ എന്ന റെക്കോർഡ് കുഞ്ചാക്കോ ബോബന് തന്നെ ഇപ്പോഴും സ്വന്തം.

1997 എന്ന വർഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ മൂന്നു ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങൾ പിറന്ന വർഷം കൂടിയാണത്. അനിയത്തിപ്രാവ് സ്ഥാപിച്ച കളക്ഷൻ റെക്കോർഡ് ആ വർഷം ഓണം റിലീസ് ആയെത്തിയ മോഹൻലാൽ- പ്രിയദർശൻ ചിത്രം ചന്ദ്രലേഖ തകർത്തു പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറി. ആ ചിത്രം നിർമ്മിച്ചതും ഫാസിൽ ആയിരുന്നു എന്നത് മറ്റൊരു കൗതുകം ആയി മാറുന്നു. എന്നാൽ ചന്ദ്രലേഖക്ക് അധികം നാൾ ആ റെക്കോർഡ് കൈവശം വെക്കാൻ സാധിച്ചില്ല. അതേ വർഷം ക്രിസ്മസ് റിലീസ് ആയെത്തിയ ആറാം തമ്പുരാൻ എന്ന മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ചന്ദ്രലേഖയേയും തകർത്തു ഇൻഡസ്ട്രി ഹിറ്റ് ആയി മാറി. അതിനു ശേഷം മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് 2000 പിറന്നപ്പോൾ നരസിംഹം എന്ന ഇൻഡസ്ട്രി ഹിറ്റ് പിറന്നത്. അതും മോഹൻലാൽ- ഷാജി കൈലാസ് ചിത്രമായിരുന്നു എന്നത് മറ്റൊരു അപൂർവത. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close