അയ്യപ്പന് ശേഷം ഗന്ധർവനായി ഉണ്ണി മുകുന്ദൻ

Advertisement

ഈ അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. അയ്യപ്പഭക്തിയുമായി ബന്ധപ്പെട്ട കഥ പറഞ്ഞ ഈ ചിത്രത്തിൽ അയ്യപ്പനെ അനുസ്മരിപ്പിക്കുന്ന വേഷമാണ് ഉണ്ണി മുകുന്ദൻ ചെയ്തത്. 50 കോടിയിൽ അധികം ഗ്രോസ് ആഗോള തലത്തിൽ നേടിയ ഈ ചിത്രം ഉണ്ണി മുകുന്ദന്റെ താരമൂല്യവും ഉയർത്തി. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഗന്ധർവ ജൂനിയർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഒരു ഗന്ധർവൻ ആയാണ് അഭിനയിക്കുന്നത് എന്നാണ് സൂചന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്.

ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം, ചിത്രങ്ങൾ പങ്ക് വെച്ചു കൊണ്ട് ഉണ്ണി മുകുന്ദൻ തന്നെയാണ് അറിയിച്ചത്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്‍റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭമാണ് ഗന്ധർവ ജൂനിയർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഹാസ്യവും ഫാന്റസിയും ഇടകലർത്തിയാണ് ഒരുക്കുന്നത് എന്നാണ് സൂചന. പ്രവീണ് പ്രഭാറാം, സുജിൻ സുജാതൻ എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. അപ്പു ഭട്ടതിരി, ക്രിസ്റ്റി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജെക്‌സ് ബിജോയ് ആണ്. ചന്ദ്രു സെൽവരാജ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close