സൂപ്പർ ഹിറ്റടിക്കാൻ സൂപ്പർ സിന്ദഗിയുമായി ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് എത്തി

Advertisement

മലയാളികളുടെ പ്രീയപ്പെട്ട താരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ സിന്ദഗി. ഒരു പക്കാ ഫാമിലി കോമഡി എന്റർടൈനറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നവാഗതനായ വിന്റേഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ‘666 പ്രൊഡക്ഷൻസ്’ന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സംവിധായകൻ വിന്റേഷും പ്രജിത്ത് രാജ് ഈ.കെ.ആറും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് അഭിലാഷ് ശ്രീധരനാണ്. പാർവതി നായർ, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റർ മഹേന്ദ്രൻ തുടങ്ങി ഒട്ടനവധി പ്രശസ്ത താരങ്ങൾ അഭിനയിച്ചിരിക്കുന്ന സൂപ്പർ സിന്ദഗി ചിത്രീകരിച്ചിരിക്കുന്നത് കണ്ണൂർ, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിലായാണ്.

‘ലാൽ ജോസ്’ എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷൻസ് നിർമ്മിച്ച രണ്ടാമത്തെ ചിത്രമാണ് ‘സൂപ്പർ സിന്ദഗി’ എന്ന പ്രത്യേകതയുമുണ്ട്. എൽദോ ഐസക് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് സംസ്ഥാന അവാർഡ് ജേതാവായ ലിജോ പോളാണ്. സൂരജ് എസ് കുറുപ്പാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഹംസ വള്ളിത്തോട് കലാസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ചത് സുജിത്ത് മട്ടന്നുർ, മേക്കപ്പ് ഒരുക്കിയത് അരുൺ ആയുർ, കോറിയോഗ്രഫി ചെയ്തത് ഭൂപതി, സംഘട്ടന സംവിധാനം നിർവഹിച്ചത് ഫൊണെക്സ് പ്രഭു എന്നിവരാണ്. അടുത്ത വർഷത്തെ ധ്യാൻ ശ്രീനിവാസന്റെ ആദ്യ റിലീസായാവും ഈ ചിത്രം എത്തുകയെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close