ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്.

Advertisement

രജനികാന്ത് നായകനായ ജയിലർ എന്ന നെൽസൺ ദിലീപ്കുമാർ ചിത്രം, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായാണ് മാറിയത്. തമിഴ് നാട് കളക്ഷനിലും ഒരു തമിഴ് സിനിമ നേടുന്ന ആഗോള കളക്ഷനിലും രണ്ടാം സ്ഥാനം നേടിയ ഈ ചിത്രത്തിന്റെ ആകെ ഗ്രോസ് 600 കോടിക്കും മുകളിലാണ്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിൽ രജനികാന്ത് കൂടാതെ മലയാള താരം വിനായകൻ, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ, വസന്ത് രവി, തമന്ന ഭാട്ടിയ, മിർണ്ണ മേനോൻ, ജാഫർ എന്നിവരും, അതിഥി വേഷത്തിൽ മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷെറോഫ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതിലെ വില്ലൻ വേഷം ചെയ്ത മലയാളി താരം വിനായകന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ജയിലറിന്റെ വിജയാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം വിനായകനെ അഭിനന്ദിച്ചത്.

ഷൂട്ടിംഗ് തിരക്കുകൾ മൂലം വിനായകൻ ചടങ്ങിന് എത്തിയിരുന്നില്ല. ഷോലെ എന്ന ഇതിഹാസ ചിത്രം മനോഹരമായത് അതിലെ വില്ലൻ കഥാപാത്രമായ ഗബ്ബർ സിങ് അതിശക്തമായത് കൊണ്ടാണെന്നും, അതുപോലെ ജയിലർ അംഗീകരിക്കപ്പെട്ടത് അതിലെ വില്ലനായ വർമ്മ കഥാപാത്രം ഗംഭീരമായത് കൊണ്ടാണെന്നും രജനികാന്ത് പറയുന്നു. രാമനോടുള്ള ബഹുമാനവും ആദരവും കൂടുന്നത് രാവണനെ പോലൊരു ശത്രുവിനെ നേരിട്ടത് കൊണ്ടാണെന്നും, അതുപോലെയാണ് വർമ്മ എന്ന വില്ലന്റെ പ്രകടനം ജയിലർ കഥാപാത്രം മികച്ചതാവുന്നതിനും കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. സംഗീതത്തിലൂടെ ഈ ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ച അനിരുദ്ധ് രവിചന്ദറിനും അദ്ദേഹം അഭിനന്ദനം നൽകി. റീറെക്കോർഡിങ്ങിനു മുൻപ് ശരാശരിക്കും മുകളിൽ മാത്രമായി തനിക്കു തോന്നിയ ഈ ചിത്രം അനിരുദ്ധിന്റെ റീറെക്കോർഡിങ് കഴിഞ്ഞപ്പോഴാണ് ഗംഭീരമായി മാറിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close