ലിയോ സൂപ്പർ വിജയമായി മാറട്ടെ; വിജയ് ചിത്രത്തിന് ആശംസകളുമായി സൂപ്പർസ്റ്റാർ രജനികാന്ത്.

Advertisement

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ലിയോ റിലീസിനൊരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ത്രില്ലർ ഒക്ടോബർ പത്തൊൻപതിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ പുതിയ ചരിത്രം കുറിച്ച് കൊണ്ട് ലിയോ കുതിക്കുമ്പോൾ, ഈ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത്. ലിയോ ഒരു മഹാവിജയമായി മാറട്ടെ എന്നാണ് രജനികാന്ത് ആശംസിച്ചത്. തമിഴ്‌നാട്ടിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിജയ് ചിത്രത്തിന് ആശംസകൾ നൽകിയത്. ഇപ്പോൾ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കുന്നത്. ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗ്ഗുബതി എന്നിവരും വേഷമിടുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.

ഇതിന് ശേഷം രജനികാന്ത് അഭിനയിക്കാൻ പോകുന്നത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിലാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് ആണ്. അടുത്ത വർഷം മാർച്ച്/ഏപ്രിൽ മാസത്തോടെ രജനികാന്ത്- ലോകേഷ് ചിത്രം ആരംഭിക്കുമെന്നാണ് സൂചന. വമ്പൻ താരനിരയാണ് ഇതിൽ അണിനിരക്കുകയെന്നും വാർത്തകളുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച ലിയോ രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്, രത്‌നകുമാർ, ധീരജ് വൈദി എന്നിവർ ചേർന്നാണ്. ലോകേഷ് ഉണ്ടാക്കിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ലിയോ എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. സഞ്ജയ് ദത്ത് വില്ലനായി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തൃഷയാണ്. അർജുൻ സർജ, ഗൗതം വാസുദേവ് മേനോൻ, സാൻഡി, മാത്യു തോമസ്, പ്രിയ ആനന്ദ്, മിഷ്കിൻ, മൻസൂർ അലി ഖാൻ, അനുരാഗ് കശ്യപ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close