മോഹൻലാലിന്റെ മകനായി പ്രണവ് മോഹൻലാൽ; ആ ചിത്രത്തെ കുറിച്ച് പ്രശസ്ത സംവിധായകൻ

Advertisement

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ സിബി മലയിൽ ഒരുക്കിയ ക്ലാസിക് ചിത്രങ്ങളിൽ ഒന്നായിരുന്നു ദശരഥം. മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം രചിച്ചത് അന്തരിച്ചു പോയ മഹാനായ രചയിതാവ് ലോഹിതദാസാണ്. ഇതിലെ രാജീവ് മേനോൻ എന്ന നായക കഥാപാത്രം മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. രാജീവ് മേനോനായി പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. മോഹൻലാൽ കൂടാതെ രേഖ, മുരളി, നെടുമുടി വേണു, സുകുമാരി, കരമന ജനാർദ്ദനൻ നായർ, സുകുമാരൻ, ജയഭാരതി, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായി. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം പ്ലാൻ ചെയ്ത അതിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് സിബി മലയിൽ. ഹേമന്ത് കുമാർ രചിച്ച ഈ രണ്ടാം ഭാഗം ഇനി നടക്കില്ല എന്നും സിബി മലയിൽ പറഞ്ഞു.

മോഹൻലാൽ താല്പര്യം പ്രകടിപ്പിക്കാത്തതും, ഇതിൽ ഒരു പ്രധാന കഥാപാത്രം ചെയ്യേണ്ട നെടുമുടി വേണു അന്തരിച്ചതുമാണ് അതിനു കാരണം. ഇപ്പോഴിതാ പോപ്പർ സ്റ്റോപ്പ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ മറ്റൊരു വെളിപ്പെടുത്തലും നടത്തിയിരിക്കുകയാണ് സിബി മലയിൽ. ദശരഥം രണ്ടാം ഭാഗത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന രാജീവ് മേനോൻ എന്ന കഥാപാത്രത്തിന്റെ മകൻ ആയി പ്ലാൻ ചെയ്തത് പ്രണവ് മോഹൻലാലിനെ ആയിരുന്നു എന്നാണ് സിബി മലയിൽ പറയുന്നത്. പ്രായം കൊണ്ടും, കഥാപാത്രത്തിന്റെ സവിശേഷത കൊണ്ടും അത് ചെയ്യാൻ പ്രണവ് കൃത്യമായ തിരഞ്ഞെടുപ്പായിരുന്നു എന്നും സിബി മലയിൽ പറയുന്നു. ഈ ചിത്രം ഇനി നടക്കില്ല എന്നത് കൊണ്ട് ദശരഥം രണ്ടിന്റെ തിരക്കഥ പുസ്തക രൂപത്തിൽ പുറത്തിറക്കാനുള്ള പ്ലാനിലാണ് താനെന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close