ഷാരൂഖ് ഖാന്റെ നായിക മലയാളത്തിൽ; മോഹൻലാലിൻറെ എമ്പുരാനിൽ പാകിസ്ഥാൻ താരസുന്ദരി

Advertisement

മലയാള സിനിമയുടെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രവും, മലയാളി സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രവുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. ലൂസിഫർ, ബ്രോ ഡാഡി എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്‌മാണ്ഡ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ, ഇവരുടെ ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. മുരളി ഗോപി തിരക്കഥ രചിച്ച്, ആശീർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആറോളം രാജ്യങ്ങളിലായാണ് പൂർത്തിയാവുക. ഡൽഹി, ഷിംല, കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലായാണ് ഇതിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റയീസ് എന്ന ബോളിവുഡ് ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികാ വേഷം ചെയ്ത് കൊണ്ട് ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ച, പാകിസ്ഥാൻ താരസുന്ദരി മഹിരാ ഖാൻ എമ്പുരാനിലൂടെ മലയാളത്തിലെത്തുന്നു എന്നാണ് സൂചന.

ഈ ചിത്രത്തിന്റെ ലഡാക്ക് ഷെഡ്യൂളിൽ മഹിരാ ഖാൻ പങ്കെടുത്തിരുന്നുവെന്നും വാർത്തകൾ വരുന്നുണ്ട്. മഞ്ജു വാര്യർ, ടോവിനോ തോമസ്, സായ് കുമാർ, ബൈജു സന്തോഷ്, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, നൈല ഉഷ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന്റെ താരനിരയുടെ പൂർണ്ണ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പാൻ ഇന്ത്യൻ ചിത്രമായി മലയാളം, തമിഴ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ അമേരിക്ക, ബ്രിട്ടൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി ഈ വരുന്ന ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടക്കുമെന്നാണ് സൂചന. ദീപക് ദേവ് സംഗീതമൊരുക്കുന്ന എമ്പുരാന് വേണ്ടി കാമറ ചലിപ്പിക്കുന്നത് സുജിത് വാസുദേവാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close