കലാകാരൻ എങ്ങനെയാകണമെന്ന് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം; മമ്മൂട്ടിയെ കുറിച്ച് നാദിർഷ പറയുന്നു

Advertisement

പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണിയും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും ഉൾപ്പെട്ട ബോഡി ഷെയിമിങ് വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി നിൽക്കുന്നത്. ജൂഡ് ആന്‍റണി ഒരുക്കിയ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ട ചടങ്ങിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ, ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞതാണ് വിവാദത്തിന് കാരണമായത്. ആ വാചകം ഒരാളെ ബോഡി ഷെയിമിങ് നടത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞു കൊണ്ട് ഒട്ടേറെ ട്രോളുകളും വിമർശനങ്ങളുമാണ് മമ്മൂട്ടിക്കെതിരെ ഉണ്ടായത്. താൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്നും, മമ്മൂക്ക തന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്ന് ജൂഡ് ആന്റണി പറഞ്ഞെങ്കിലും സോഷ്യൽ മീഡിയ വിമർശനങ്ങൾ തുടരുകയായിരുന്നു. അവസാനം ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മമ്മൂട്ടി തന്നെ രംഗത്ത് വന്നു.

ജൂഡ് ആന്റണിയെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ ഖേദം ഉണ്ടെന്നും, ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു എന്നും മമ്മൂട്ടി കുറിച്ചു. ഇപ്പോഴിതാ ഖേദം പ്രകടിപ്പിച്ച മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ട് ഒട്ടേറെ പേർ രംഗത്ത് വരുന്നുണ്ട്. അതൊലൊരാളാണ് പ്രശസ്ത നടനും സംവിധായകനുമായ നാദിർഷ. മമ്മൂട്ടിുടെ ഖേദ പ്രകടന പോസ്റ്റ് പങ്കുവച്ചു കൊണ്ട് നാദിർഷ തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “കലാകാരൻ എങ്ങനെയായിരിക്കണം എന്ന് ജീവിതം കൊണ്ടും,പ്രവൃത്തികൾ കൊണ്ടും,വാക്കുകൾ കൊണ്ടും വീണ്ടും വീണ്ടും പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം.love u my dear ikka”. ഏതായാലും മമ്മൂട്ടിയുടെ ഖേദ പ്രകടനത്തോടെ, ഈ വിവാദത്തിൽ അദ്ദേഹത്തിനെതിരെയുള്ള വിമർശനങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

Advertisement
Advertisement

Press ESC to close