തമിഴകം ആകാംക്ഷയിൽ; സർപ്രൈസ് കഥാപാത്രമായി മോഹൻലാൽ ജയിലറിൽ; തരംഗമായി പോസ്റ്റർ

Advertisement

ഇപ്പോൾ തമിഴ് സിനിമാ പ്രേമികളും രജനികാന്ത് ആരാധകരും അതുപോലെ തമിഴ് സിനിമ ലോകവും ആകാംക്ഷയിലാണ്. ജയിലർ എന്ന രജനികാന്ത് ചിത്രത്തിലൂടെ മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ വീണ്ടും തമിഴിലെത്തുകയാണെന്ന് ഇന്നലെ തന്നെ സൺ പിക്ചേഴ്സ് ഒഫീഷ്യലായി പുറത്ത് വിട്ടു. അതിനോടൊപ്പം തന്നെ മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്ത വിവരവും പങ്ക് വെച്ച് കൊണ്ട് അവർ പുറത്തു വിട്ട പോസ്റ്ററിലെ മോഹൻലാലിന്റെ ലുക്കും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഹൈദരാബാദിലെ ജയിലർ സെറ്റിൽ ഇന്നലെ ജോയിൻ ചെയ്ത മോഹൻലാലിന് രണ്ട് ദിവസത്തെ ഷൂട്ട് ആണ് ഉള്ളതെന്നാണ് വിവരം. ഇതിൽ മോഹൻലാൽ അവതരിപ്പിക്കുന്നത് ഒരു സർപ്രൈസ് കഥാപാത്രമാണെന്നും, ചിലപ്പോൾ ജയിലർ രണ്ടാം ഭാഗത്തിലേക്ക് ഒരു സൂചന നൽകുന്ന തരത്തിലുള്ള കഥാപാത്രമാവാം മോഹൻലാൽ അവതരിപ്പിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു. ഇതാണ് ഏവരെയും ഒരുപോലെ ആകാംഷാഭരിതരാക്കുന്ന ഘടകം.

കോലമാവ്‌ കോകില, ഡോക്ടർ എന്നീ വലിയ ഹിറ്റുകളും ബീസ്റ്റ് എന്ന ദളപതി വിജയ് ചിത്രവും ഒരുക്കിയ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ക്ളൈമാക്സിലാണ് മോഹൻലാൽ എത്തുന്നതെന്നാണ് സൂചന. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ രമ്യ കൃഷ്ണൻ, മലയാള നടൻ വിനായകൻ, യോഗി ബാബു തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആദ്യമായാണ് മോഹൻലാൽ- രജനികാന്ത് എന്നീ ഇതിഹാസങ്ങൾ ഒരു ചിത്രത്തിൽ ഒരുമിച്ചു വരുന്നതെന്നതാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നത്. ജയിലർ പൂർത്തിയാക്കുന്ന മോഹൻലാൽ ചെയ്യാൻ പോകുന്നത് ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close