മലയാള സിനിമയുടെ ചരിത്രത്തിലാദ്യം; മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം എത്തുന്നത് ഈ അപൂർവതയുമായി

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം 21 നാണ് ആഗോള റിലീസായി നേര് റിലീസ് ചെയ്യുക. ഇതിനോടകം പുറത്ത് വന്ന ഇതിന്റെ പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വാർത്തയാണ് ചർച്ചയാവുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു ചിത്രം റിലീസ് ചെയ്യുന്നതിന് മൂന്നാഴ്ച മുൻപ് തന്നെ വിദേശ മാർക്കറ്റിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുകയാണ്. ഇതിന് മുൻപ് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെ വമ്പൻ ചിത്രങ്ങൾ മാത്രം പിന്തുടർന്നിരുന്ന രീതിയാണ്, മലയാളത്തിലെ ഈ ചെറിയ മോഹൻലാൽ ചിത്രവും തുടങ്ങി വെക്കുന്നത്. ബ്രിട്ടനിലാണ് ഈ ആഴ്ച മുതൽ നേരിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുക.

തുടർന്ന് വരുന്ന ആഴ്ചകളിൽ കൂടുതൽ വിദേശ മാർക്കറ്റുകളിൽ ഇതിന്റെ ബുക്കിംഗ് ആരംഭിക്കുമെന്നും സൂചനയുണ്ട്. കേരളത്തിൽ ഇതിനോടകം ഒട്ടേറെ ഫാൻസ്‌ ഷോകൾ നേരിനായി മോഹൻലാൽ ആരാധകർ ചാർട്ട് ചെയ്ത് കഴിഞ്ഞു. കേരളത്തിൽ 300 സ്‌ക്രീനുകളിലാവും ഡിസംബർ 21 ന് നേര് റിലീസ് ചെയ്യുകയെന്നതാണ് സൂചന. ദൃശ്യം, ദൃശ്യം 2 എന്നീ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകളും ട്വൽത് മാൻ എന്ന ഒടിടി സൂപ്പർ ഹിറ്റും സമ്മാനിച്ചതിന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒരുക്കിയ നേരിന് തിരക്കഥ രചിച്ചത് വക്കീലും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. പ്രിയാമണി, സിദ്ദിഖ്, ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ടി ജി രവി, നന്ദു, ശങ്കർ ഇന്ദുചൂഡൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ്, സംഗീതമൊരുക്കിയത് വിഷ്ണു ശ്യാം, എഡിറ്റ് ചെയ്യുന്നത് വി എസ് വിനായക് എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close