ടർബോ പഞ്ചിനെതിരെ ചിരിയുടെ പൂരമൊരുക്കാൻ ഗുരുവായൂർ അമ്പലനടയിൽ; വീണ്ടും മമ്മൂട്ടി- പൃഥ്വിരാജ് പോരാട്ടം

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് രചന നിർവഹിച്ച ഈ ആക്ഷൻ കോമഡി ചിത്രം 70 കോടി രൂപ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം മെയ് ഒൻപതിന് പ്രേക്ഷകരുടെ മുന്നിലെത്തുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. എന്നാൽ ഈ ചിത്രത്തോടെതിരിടാൻ ബോക്സ് ഓഫീസിൽ മറ്റൊരു വമ്പൻ ചിത്രവുമെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ പറയുന്നത്. ജയ ജയ ജയ ജയഹേ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കുന്ന പൃഥ്വിരാജ്- ബേസിൽ ജോസഫ് ചിത്രമായ ഗുരുവായൂർ അമ്പലനടയിൽ എന്ന ഫാമിലി കോമഡി എന്റെർറ്റൈനെർ ചിത്രം മെയ് പത്തിന് റിലീസ് ചെയ്യുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാൽ ഒരു മമ്മൂട്ടി- പൃഥ്വിരാജ് ബോക്സ് ഓഫീസ് പോരാട്ടത്തിനാവും കളമൊരുങ്ങുക.

മമ്മൂട്ടിയെ കൂടാതെ സണ്ണി വെയ്ൻ, രാജ് ബി ഷെട്ടി, സുനിൽ, നിരഞ്ജന അനൂപ്, അഞ്ജന ജയപ്രകാശ് എന്നിവരും വേഷമിടുന്ന ടർബോക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ്, ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ഫീനിക്സ് പ്രഭു എന്നിവരാണ്. വിഷ്ണു ശർമയാണ് ടർബോയുടെ ഛായാഗ്രാഹകൻ. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കൂടാതെ, നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. ബൈജു എന്നിവരും ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ താരനിരയിലുണ്ട്.

Advertisement

തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്, കുഞ്ഞി രാമായണത്തിലൂടെ പ്രശസ്തനായ ദീപു പ്രദീപാണ്. അങ്കിത് മേനോൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റർ ജോൺ കുട്ടിയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close