വീണ്ടും കോട്ടയം അച്ചായനായി മെഗാസ്റ്റാർ, ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ; ചിത്രികരണം ഉടൻ ആരംഭിക്കും

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ഹൊറർ ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. സെപ്റ്റംബർ ഇരുപതോടെ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗം തീരുകയാണ്. അതിന് ശേഷം അദ്ദേഹം അഭിനയിക്കാൻ പോകുന്നത് വൈശാഖ് സംവിധാനം ചെയ്യുന്ന ഒരു മാസ്സ് ചിത്രത്തിലാണെന്ന വാർത്തകളാണ് വരുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യ വാരമോ ആവും ആരംഭിക്കുക. ഏതായാലും ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം എന്തായിരിക്കുമെന്നുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Advertisement

ഒരിടവേളക്ക് ശേഷം ഒരു കോട്ടയം അച്ചായൻ കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നതെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. സൂപ്പർ ഹിറ്റായ കോട്ടയം കുഞ്ഞച്ചൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ മമ്മൂട്ടിയുടെ കോട്ടയം അച്ചായൻ വേഷം മലയാളി പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചവയാണ്. 2016 ഇൽ റിലീസ് ചെയ്ത തോപ്പിൽ ജോപ്പൻ എന്ന ജോണി ആന്റണി ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി ഒരു മുഴുനീള അച്ചായൻ കഥാപാത്രമായി അഭിനയിച്ചത്. അത് കൊണ്ട് തന്നെ ഏകദേശം 8 വർഷത്തിന് ശേഷം അത്തരമൊരു മാസ്സ് കഥാപാത്രവുമായി മമ്മൂട്ടിയെത്തിയാൽ അത് ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരു വിരുന്നായി മാറുമെന്നതിൽ സംശയമില്ല. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- വൈശാഖ് ടീമൊന്നിക്കുന്ന ഈ ചിത്രം വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

Advertisement

Copyright © 2017 onlookersmedia.

Press ESC to close