വീണ്ടും വില്ലനായി വിസ്മയിപ്പിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി; ഒരുങ്ങുന്നത് വമ്പൻ ചിത്രം.

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്നു എന്ന വാർത്തകളാണ് വരുന്നത്. ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടി ഒരു ചിത്രത്തിൽ പ്രതിനായകനായി അഭിനയിക്കാനൊരുങ്ങുകയാണ്. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി പ്രതിനായകനായി എത്തുക. യുവ താരം അർജുൻ അശോകനാണ് ഇതിലെ നായകനെന്ന വാർത്തകളാണ് ലഭിക്കുന്നത്. ഉടൻ ആരംഭിക്കുന്ന ഈ ചിത്രത്തിന് വേണ്ടി അർജുൻ അശോകൻ അറുപത് ദിവസത്തെ ഡേറ്റും, മമ്മൂട്ടി മുപ്പത് ദിവസത്തെ ഡേറ്റുമാണ് നൽകിയിരിക്കുന്നതും റിപ്പോർട്ടുകൾ പറയുന്നു.

പ്രശസ്ത തമിഴ് നിർമ്മാണ കമ്പനിയായ വൈ നോട്ട് സ്റ്റുഡിയോസ് ആണ് ഈ ചിത്രം നിർമ്മിക്കുക. രേവതി, ഷെയ്ൻ നിഗം എന്നിവർ വേഷമിട്ട ഭൂതകാലം , നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലെത്തി മികച്ച പ്രതികരണമാണ് നേടിയത്. ഭൂതകാലം പോലെ ഒരു ഹൊറർ ത്രില്ലർ തന്നെയാവും രാഹുൽ സദാശിവന്റെ ഈ വരുന്ന മമ്മൂട്ടി- അർജുൻ അശോകൻ ചിത്രവുമെന്നാണ് വാർത്തകൾ പറയുന്നത്. ഏറെ നാൾ പഴക്കമുള്ള ഒരു പ്രേതകഥയാവും ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയെന്നും സൂചനയുണ്ട്. പടയോട്ടം, വിധേയൻ, പാലേരി മാണിക്യം എന്നിവക്ക് ശേഷം മമ്മൂട്ടി വീണ്ടും പ്രതിനായകനാവുന്നു എന്ന വാർത്ത ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close