ഇമേജിന്റെ തടവറകളില്ലാത്ത സൂപ്പർ താരം; കാതലിലൂടെ കയ്യടി നേടി മമ്മൂട്ടി

Advertisement

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. തുടർച്ചയായ വിജയങ്ങളും പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസയും മമ്മൂട്ടിയുടെ കരിയറിനെ തിളക്കമുള്ളതാക്കുന്നു. ഒരു നടനെന്ന നിലയിൽ മാത്രമല്ല, നിർമ്മാതാവെന്ന നിലയിലും മമ്മൂട്ടി കയ്യടി നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത കാതൽ എന്ന ജിയോ ബേബി ചിത്രവും മമ്മൂട്ടിക്ക് നൽകുന്ന പ്രശംസ ചെറുതല്ല. ഇമേജിന്റെ തടവറകളില്ലാത്ത സൂപ്പർ താരം എന്ന വിശേഷണമാണ് കാതൽ എന്ന ചിത്രത്തിലെ പ്രകടനവും അതിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കാണിച്ച ധൈര്യവും മമ്മൂട്ടിക്ക് നൽകുന്നത്. മലയാളത്തിൽ തന്നെ വളരെ കുറച്ചു സൂപ്പർ താരങ്ങൾ മാത്രമേ വെള്ളിത്തിരയിൽ സ്വവർഗാനുരാഗികളായി പ്രത്യക്ഷപ്പെടാനുള്ള ധൈര്യം കാണിച്ചിട്ടുള്ളു. 20 വർഷം മുൻപ് ഒ വി വിജയൻറെ ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലാക്ക എന്ന കഥാപാത്രമായി മോഹൻലാൽ കഥയാട്ടത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയപ്പോൾ പത്ത് വർഷങ്ങൾക്ക് മുൻപ് മുംബൈ പോലീസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് സുകുമാരനും അതേ ധൈര്യം കാണിച്ചു.

ഒരുപക്ഷെ മലയാള സിനിമയിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമായിരിക്കും ഇത്. ഇമേജുകളെ ഭയക്കാതെ ഏത് തരം കഥാപാത്രവും ചെയ്യാൻ മനസ്സ് കാണിക്കുന്ന സൂപ്പർ താരങ്ങൾ സ്വന്തമാണെന്നുള്ളതാണ് മലയാള സിനിമയുടെ ശ്കതി. സൂപ്പർതാരങ്ങൾക്കപ്പുറം ഇവരെല്ലാം മഹാനടന്മാരായി മാറുന്നതും ഇതുകൊണ്ടാണ്. കാതൽ എന്ന ചിത്രത്തിലെ മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടി തിരശീലയിൽ ജീവിക്കുമ്പോൾ വളരെ ശക്തമായ ഒരു സന്ദേശം സമൂഹത്തിലേക്ക് നൽകാനും ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വൈകാരികമായ പ്രകടനം പ്രേക്ഷകരുടെ മനസ്സുകളെ തൊടുമ്പോൾ അവരുടെ കണ്ണും മനസ്സും നിറയുന്നു എന്ന് മാത്രമല്ല, പല വിഷയങ്ങൾക്ക് നേരെയും അവർ അടച്ചു പിടിച്ച കണ്ണുകൾ തുറക്കാൻ പ്രേരിപ്പിക്കുക കൂടിയാണെന്നതും എടുത്തു പറയണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇത്രയും ശക്തമായ പ്രമേയം സംസാരിക്കുന്ന ഒരു പരീക്ഷണ ചിത്രം നിർമ്മിക്കാൻ കൂടി തയ്യാറായി എന്നതിനാണ് മമ്മൂട്ടിക്ക് ഒരു സല്യൂട്ട് നൽകേണ്ടത്. കാതൽ ഇപ്പോൾ നേടുന്ന വിജയവും ആ മനസ്സിന് പ്രേക്ഷകർ നൽകുന്ന നിറഞ്ഞ സ്നേഹത്തിന് അടിവരയിടുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close