ദിലീപ് ചിത്രവുമായി മാളികപ്പുറം ടീം; വെളിപ്പെടുത്തി രചയിതാവ്

Advertisement

മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് വിഷ്ണു ശശി ശങ്കർ. അഭിലാഷ് പിള്ളൈ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് എന്നിവർ ചേർന്നാണ്. യുവതാരം ഉണ്ണി മുകുന്ദൻ നായകനായ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ അഭിലാഷ് പിള്ളൈയുടെ തിരക്കഥയിൽ വീണ്ടുമൊരു വിഷ്ണു ശശി ശങ്കർ ചിത്രം ഒരുങ്ങാൻ പോവുകയാണെന്ന വാർത്തകളാണ് വരുന്നത്. ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കിയാവും ആ ചിത്രമെന്നും അതിന്റെ കഥ അദ്ദേഹത്തിന് ഇഷ്ടപെട്ടെന്നും അടുത്തിടെ കൊടുത്ത ഒരു മാധ്യമ അഭിമുഖത്തിൽ അഭിലാഷ് പിള്ളൈ വെളിപ്പെടുത്തി. ദിലീപിനെ പ്രേക്ഷകർ എങ്ങനെയാണോ കാണാൻ ആഗ്രഹിക്കുന്നത്, അതുപോലെ ഉള്ള ഒരു ചിത്രമായിരിക്കും തങ്ങൾ ഒരുക്കുകയെന്നും അഭിലാഷ് പിള്ളൈ പറയുന്നു.

താൻ ദിലീപിന്റെ വലിയ ഒരാരാധകൻ ആണെന്നും, അദ്ദേഹത്തിന്റെ കോമഡി ചിത്രങ്ങൾ തനിക്ക് ഏറെയിഷ്ടമാണെന്നും അഭിലാഷ് പറഞ്ഞു. മാത്രമല്ല, മാളികപ്പുറം എന്ന ചിത്രം ആദ്യം പ്ലാൻ ചെയ്തത് ദിലീപിനെ വെച്ചാണെന്നും അഭിലാഷ് പിള്ളൈ കൂട്ടിച്ചേർത്തു. മാളികപ്പുറം കണ്ട് ദിലീപ് തന്നെ വിളിച്ചു ഏറെ നേരം സംസാരിച്ചെന്നും, ഒരുമിച്ചൊരു ചിത്രം ചെയ്യണമെന്ന് അദ്ദേഹം തന്നോട് പറഞ്ഞെന്നും അഭിലാഷ് പിള്ളൈ വെളിപ്പെടുത്തി. ഏതായാലും ഒരു ദിലീപ് ചിത്രം അടുത്ത വർഷം ഉണ്ടാകുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അഭിലാഷ് പിള്ളൈ പറഞ്ഞു. ദിലീപിനെ നായകനാക്കി മന്ത്രമോതിരം, മിസ്റ്റർ ബട്ലർ, കുഞ്ഞിക്കൂനൻ എന്നീ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ ശശി ശങ്കറിന്റെ മകൻ കൂടിയാണ് വിഷ്ണു ശശി ശങ്കർ. നൈറ്റ് ഡ്രൈവ്, പത്താം വളവ്, തമിഴ് ചിത്രം കടാവർ എന്നിവയാണ് അഭിലാഷ് പിള്ളൈ രചിച്ച മറ്റു ചിത്രങ്ങൾ

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close