വാരിസിലെ നായകൻ ആദ്യം വിജയ് ആയിരുന്നില്ല, പകരം ആ സൂപ്പർ താരം; വെളിപ്പെടുത്തി നിർമ്മാതാവ്

Advertisement

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. വാശി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്നാണ്. രശ്‌മിക മന്ദാനയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ദളപതി വിജയ്, രശ്മിക മന്ദാന എന്നിവർ കൂടാതെ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും വേഷമിടുന്ന ഈ ചിത്രം വരുന്ന ജനുവരിയിൽ പൊങ്കൽ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രത്തെ കുറിച്ച് നിർമ്മാതാവ് ദിൽ രാജു നടത്തിയ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് വിജയ്‌യെ ആയിരുന്നില്ല എന്ന് പറയുകയാണ് ദിൽ രാജു.

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിനെ നായകനാക്കിയാണ് ഈ ചിത്രം ആദ്യം ആലോചിച്ചതെന്നും, എന്നാല്‍ തിരക്കഥ പൂര്‍ത്തിയായ സമയത്ത് മഹേഷ് ബാബു ഏറെ തിരക്കിലായിരുന്നു എന്നും ദിൽ രാജു പറയുന്നു. മഹേഷ് ബാബുവിന് ശേഷം പിന്നെ സമീപിച്ചത് റാം ചരണിനെ ആയിരുന്നുവെന്നും, പക്ഷെ റാം ചരണും പിന്മാറിയപ്പോൾ അല്ലു അർജുൻ, പ്രഭാസ് എന്നിവരേയും സമീപിച്ച ശേഷമാണ് ഈ ചിത്രം ദളപതി വിജയ്‌യുടെ മുന്നിലേക്ക് എത്തിയതെന്നാണ് നിർമ്മാതാവ് വെളിപ്പെടുത്തുന്നത്. തമിഴിലും, തെലുങ്കിലും ഒന്നിച്ചു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഓഡിയോ- ട്രൈലെർ ലോഞ്ച് ഡിസംബർ അവസാനം ഉണ്ടാകുമെന്നാണ് സൂചന. തമൻ എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് കാർത്തിക് പളനിയും എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എല്ലുമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close