പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രികൾ. ഇന്ദ്രജിത്തിനെ നായകനാക്കി എയ്‌ഞ്ചൽസ് എന്ന ചിത്രമൊരുക്കിയ, ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജി നന്ദകുമാർ ആണ്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
ഇപ്പോഴിതാ കൗതുകകരമായ ഒരു മത്സരവുമായി എത്തിയിരിക്കുകയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിൽ ഒരു ചൂളം വിളി ശബ്ദം കേൾക്കാൻ സാധിക്കും. അത് മലയാളത്തിലെ ഏത് പിന്നണി ഗായകന്റെ ശബ്ദം ആണെന്ന് പ്രവചിക്കുക എന്നതാണ് മത്സരം.
ചിത്രത്തിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലെ വീഡിയോയ്ക്ക് താഴെയാണ് ഉത്തരം കമന്റ് ചെയ്യേണ്ടത്. ശരി ഉത്തരം കമന്റ് ചെയ്യുന്ന വ്യക്തികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ഭാഗ്യശാലിക്കു ഈ ചിത്രത്തിന്റെ ദുബായിൽ നടക്കുന്ന പ്രീമിയർ ഷോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതാണ്.
കമന്റ് രേഖപ്പെടുത്തേണ്ട അവസാന തിയതി ഫെബ്രുവരി 21 – 4PM ആണ് . ചിത്രത്തിൻറെ ഓഡിയോ ലോഞ്ച് വേളയിലാണ് വിജയിയെ പ്രഖ്യാപിക്കുന്നത്. അതുപോലെ തന്നെ പ്രേക്ഷകർക്ക് ഉത്തരം കൂടുതൽ ലളിതമാക്കാൻ വരും ദിവസങ്ങളിൽ പുറത്തുവരുന്ന ഉത്തര സൂചനകൾക്കായി കാത്തിരിക്കാനും അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ ഒഫീഷ്യൽ പേജ് വഴി കൂടുതൽ സൂചനകൾ വരും ദിവസങ്ങളിൽ പുറത്തു വിടും.
കുട്ടൻ പിള്ള എന്ന മധ്യവയസ്‌കൻ ആയാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആലങ്ങാട് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബിജു സോപാനം, മിഥുൻ രമേശ്, ശ്രിന്ദ എന്നിവരും സുരാജിനൊപ്പം അഭിനയിക്കുന്നുണ്ട്. ഫാസിൽ നാസർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷിബിഷ് കെ ചന്ദ്രൻ ആണ്. സംവിധായകൻ ജീൻ മാർക്കോസ് തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്