പുഷ്പ രാജിനെ നേരിടാൻ സേനാപതി?

Advertisement

ഇന്ത്യൻ സിനിമാ പ്രേമികൾ ഏവരും കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ പുഷ്പ 2 ന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്. 2024 ഓഗസ്റ്റ് 15 വ്യാഴാഴ്ച, ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിലാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. സുകുമാർ ഒരുക്കുന്ന ഈ അല്ലു അർജുൻ ചിത്രം, ഇവരുടെ തന്നെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗമാണ്. പുഷ്പയിലെ പ്രകടനത്തിന് അല്ലു അർജുൻ ദേശീയ അവാർഡ് നേടിയതും, ഇതിലെ ഫഹദ് ഫാസിലിന്റെ വില്ലൻ വേഷവും പുഷ്പ 2 ന് ചുറ്റുമുള്ള ഹൈപ്പ് വീണ്ടും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ പുഷ്പ 2 ന് ബോക്സ് ഓഫീസിൽ ഭീഷണിയുയർത്താൻ ഒരു വമ്പൻ തമിഴ് ചിത്രം ഒരുങ്ങുകയാണെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്.

Advertisement

ഉലക നായകൻ കമൽ ഹാസന്റെ ശങ്കർ ചിത്രമായ ഇന്ത്യൻ 2 ആണ് 2024 ഓഗസ്റ്റ് 15 വ്യാഴാഴ്ച തന്നെ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന മറ്റൊരു തെന്നിന്ത്യൻ ചിത്രം. തെന്നിന്ത്യയിൽ തരംഗമായി മാറിയ, 1996 ഇൽ റിലീസ് ചെയ്ത ഇന്ത്യനെന്ന ശങ്കർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് കമൽ ഹാസനും മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയിരുന്നു. ഇന്ത്യൻ 2 ടീം തങ്ങളുടെ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അവരും ഓഗസ്റ്റ് 15 തന്നെയാണ് ലക്ഷ്യമിടുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഒരു വമ്പൻ ബോക്സ് ഓഫീസ് യുദ്ധം ഒഴിവാക്കാൻ അവർ പുതിയ റിലീസ് തീയതി നോക്കുമോ എന്ന തരത്തിലുള്ള ചർച്ചകളും ഇപ്പോൾ സജീവമാണ്.

എങ്കിലും ഒരേ ദിവസം ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്താൽ മറ്റൊരു അപൂർവതക്ക് കൂടി പ്രേക്ഷകർ സാക്ഷ്യം വഹിക്കും. നായകന്മാർ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുക എന്ന കൗതുകമായിരിക്കും അന്ന് സംഭവിക്കുക. ഏതായാലും അങ്ങനെ സംഭവിച്ചാൽ, അല്ലു അർജുന്റെ പുഷ്പ രാജിനെ ബോക്സ് ഓഫീസ് യുദ്ധത്തിൽ വീഴ്ത്താൻ ഉലക നായകന്റെ സേനാപതിക്ക് കഴിയുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ ലോകവും പ്രേക്ഷകരും

Advertisement

Copyright © 2017 onlookersmedia.

Press ESC to close