കമൽ ഹാസനും റിഷാബ് ഷെട്ടിക്കും പകരം ആ വേഷം ചെയ്യാൻ മറ്റാര് ?; മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ താരനിര ചർച്ചയാവുന്നു

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ്. ഇവർ ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ രാജസ്ഥാനിലെ ജയ് സാൽമീറിലാണ് പുരോഗമിക്കുന്നത്. 90 ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കാൻ ഇവർ പ്ലാൻ ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് പി എസ്‌ റഫീഖ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ പല ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള താരനിര അണിനിരക്കുന്നുണ്ട്. ബംഗാളി നടി കാത്ത നന്ദി, ഹിന്ദി നടൻ രാജ്പാൽ യാദവ്, മറാത്തി നടി സോണാലി, മലയാള നടൻ ഹരീഷ് പേരാടി, കന്നഡ നടൻ ഡാനിഷ് തുടങ്ങിയവർ ഇതിൽ അഭിനയിക്കുന്നു. ഇവരെ കൂടാതെ തമിഴിൽ നിന്ന് നടൻ ജീവ ഇതിൽ വേഷമിട്ടേക്കുമെന്നും സൂചനയുണ്ട്.

ഈ ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗത്തെ അതിനിർണ്ണായകമായ ഒരു വേഷം ചെയ്യാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് കമൽ ഹാസനെയാണ്. എന്നാൽ ഷങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ തിരക്കിലുള്ള കമൽ ഹാസന് ഇതിന് വേണ്ടി ഡേറ്റ് നല്കാൻ സാധിച്ചില്ല. അതിന് ശേഷം ഈ വേഷം ചെയ്യാൻ അവർ സമീപിച്ചത് കാന്താര എന്ന കന്നഡ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ റിഷാബ് ഷെട്ടിയെയാണ്. എന്നാൽ തന്റെ പുതിയ കന്നഡ ചിത്രത്തിന്റെ തിരക്കിലുള്ള റിഷാബ് ഷെട്ടിക്കും അത് കാരണം ഇതിൽ ജോയിൻ ചെയ്യാൻ സാധിക്കില്ല എന്നറിയിച്ചു. ഏതായാലും അഞ്ച് ദിവസത്തോളം മാത്രം ഷൂട്ട് ഉള്ള ആ നിർണ്ണായക വേഷം ആര് ചെയ്യുമെന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ പ്രേക്ഷകർ. ആ റോളിലേക്കുള്ള താരനിർണയം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close