സീരിയൽ രംഗത്തും സ്ത്രീസുരക്ഷക്കായി ഐസിസി; ഉറപ്പ് നൽകി ബി ഉണ്ണികൃഷ്ണൻ

Advertisement

മലയാള സിനിമാ രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയാണ് ഫെഫ്ക. അതിന്റെ തലപ്പത്തുള്ള ആളാണ് പ്രശസ്ത സംവിധായകനും നിർമ്മാതാവും രചയിതാവുമായ ബി ഉണ്ണികൃഷ്ണൻ. ഇപ്പോഴിതാ സീരിയൽ രംഗത്തും സ്ത്രീസുരക്ഷക്കായി ഐസിസി രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. മലയാള സീരിയൽ മേഖലയിൽ ഫെഫ്ക തുടക്കം കുറിച്ച യൂണിയൻ്റെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം സംസാരിക്കവെയാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഈ കാര്യം അവതരിപ്പിച്ചത്. സീരിയൽ രംഗത്തെ തൊഴിലാളികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ അവിടെ യോഗവും വിളിച്ചു കൂട്ടിയിരുന്നു. മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ എന്ന പേരിൽ സീരിയലിലെ എല്ലാ വിഭാഗങ്ങളിലെയും തൊഴിലാളികളെ ഉൾപ്പെടുത്തികൊണ്ടാണ് ഈ പുതിയ യൂണിയൻ ആരംഭിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ നവംബർ 28 ന് തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഫെഫ്ക വൈസ് പ്രസിഡൻ്റ് ജി.എസ്. വിജയനായിരുന്നു അധ്യക്ഷൻ.

സ്ത്രീ സുരക്ഷയ്ക്കായി ICC രൂപീകരിച്ച്‌ പോഷ്‌ ആക്ട്‌ നടപ്പിലാക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്നാണ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്. മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ്റെ പ്രസിഡൻ്റായി സുരേഷ് ഉണ്ണിത്താൻ, ജനറൽ സെക്രട്ടറിയായി സച്ചിൻ കെ. ഐബക്ക്, ട്രഷററായി സതീഷ് ആർ.എച്ച് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനു ലാൽ, ഫെഫ്കയിലെ അംഗങ്ങളായ വിവിധ സംഘടനകളുടെ ജനറൽ സെക്രട്ടറിമാരായ ഇന്ദ്രൻസ് ജയൻ, കോളിൻസ് ലിയോഫിൽ, ബെന്നി ആർട്ട് ലൈൻ, അനീഷ് ജോസഫ്, പ്രദീപ് രംഗൻ, മനോജ് ഫിഡാക്, ഉണ്ണി ഫിഡാക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രതിനിധികളായി സുധൻ പേരൂർകട, രാജീവ് കുടപ്പനകുന്ന് എന്നിവരാണ് ഫെഫ്കയുടെ പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്തത്.

Advertisement

ഫോട്ടോ കടപ്പാട്: ഫേസ്ബുക്(FEFKA)

Advertisement

Copyright © 2017 onlookersmedia.

Press ESC to close