എന്നിലെ നടനെ ഞാനൊരിക്കലും നിരാശപ്പെടുത്താറില്ല: മമ്മൂട്ടി

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നൻ പകൽ നേരത്ത് മയക്കം ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം നേടി കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം ഒരു നടന്നെന്ന നിലയിൽ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിൽ ഒന്നായാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. ലിജോയുടെ തന്നെ കഥക്ക് എസ് ഹരീഷ് തിരക്കഥ രചിച്ച ഈ ചിത്രത്തിലെ സുന്ദരം എന്ന കഥാപാത്രമായി മമ്മൂട്ടി ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. അഭിനയപ്രാധാന്യവും കഥയുടെ പുതുമയും കണ്ടാണ് ഈ സിനിമ മറ്റാരും ചെയ്തില്ലെങ്കില്‍ താൻ തന്നെ ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് മമ്മൂട്ടി പറയുന്നു. താരപദവി എന്നത് ഒരു ദിവസം രാവിലെ പെട്ടെന്ന് കിട്ടുന്നത് അല്ലെന്നും ഒരുപാട് നാൾ അഭിനയിച്ചു വരുമ്പോൾ ഉള്ള പ്രേക്ഷകരുടെ ഇഷ്ടം കൊണ്ടാണ് അത് ലഭിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

എന്നാൽ തന്നിലെ നടനെ താൻ ഒരിക്കലും നിരാശപ്പെടുത്താറില്ല, ചവിട്ടിത്തേക്കാറില്ല എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. തന്റെയുള്ളിലുള്ള നടനുവേണ്ടി പരമാവധി സൗകര്യമൊക്കെ ചെയ്തുകൊടുക്കാറുണ്ട് എന്ന് പറഞ്ഞ മമ്മൂട്ടി, അതിനു ലഭിക്കുന്ന അവസരങ്ങളൊന്നും നഷ്ട്ടപ്പെടുത്താറുമില്ല എന്നും എടുത്തു പറയുന്നു. ആ രീതിയിൽ തന്നെയാണ് ഈ ചിത്രവും സംഭവിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. തനിക്ക് ഏറ്റവും സന്തോഷമുള്ളതും ആനന്ദമുള്ളതും ഈ ജോലിചെയ്യുമ്പോഴാണ് എന്നും പ്രതിഫലം അതിനൊരു തടസ്സമല്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. എല്ലാവരും നല്ലവരും എല്ലാവരും ചീത്തയുമല്ലാത്ത സാധാരണ മനുഷ്യരായ ആളുകളുടെ കഥയാണ് ഈ സിനിമ പറയുന്നത് എന്നും അദ്ദേഹം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close