കുഞ്ചാക്കോ ബോബനൊപ്പം ഫഹദ് ഫാസിൽ; വമ്പൻ ചിത്രവുമായി അമൽ നീരദ്

Advertisement

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് പൂർത്തിയായത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയിൽ ഫഹദ് ഫാസിലും ഉണ്ടെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നിവക്ക് ശേഷം അമൽ നീരദ്- ഫഹദ് ഫാസിൽ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ ആന്റി ഹീറോ വേഷമാണ് ചെയ്യുന്നതെന്നും വാർത്തകളുണ്ട്. വൈശാഖ് ഒരുക്കിയ സീനിയേഴ്സ് എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബൻ ചെയ്യുന്ന ആന്റി ഹീറോ വേഷമായിരിക്കും ഈ അമൽ നീരദ് ചിത്രത്തിലേത്. അമൽ നീരദ് തന്നെ നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രം ഓണം റിലീസായി ഓഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യുമെന്നുള്ള വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്.

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ കൂടാതെ ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് ഇതിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീണ നന്ദകുമാർ, ശ്രിന്ദ എന്നിവരും ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആനന്ദ് സി ചന്ദ്രൻ കാമറ ചലിപ്പിച്ച ഈ ചിത്രം ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്നാണ് സൂചന. സുഷിൻ ശ്യാമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഇതിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് സൂചന. മമ്മൂട്ടി നായകനായ ഒരു പുതിയ ചിത്രവും അമൽ നീരദ് പ്ലാൻ ചെയ്യുന്നുണ്ട്. അത് പ്രേക്ഷകർ കാത്തിരിക്കുന്ന ബിലാൽ ആണോ എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close