വീണ്ടും മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാൻ ചിരഞ്ജീവി; കടുത്ത പ്രതികരണങ്ങളുമായി സോഷ്യൽ മീഡിയ.

Advertisement

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ലൂസിഫർ. കഴിഞ്ഞ വർഷമാണ് ആ ചിത്രം ഗോഡ്ഫാദർ എന്ന പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത് പുറത്ത് വന്നത്. മലയാളത്തിലെ മോഹൻലാലിൻറെ കഥാപാത്രം തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവി അവതരിപ്പിച്ച ഗോഡ്ഫാദർ മോശം പ്രതികരണമാണ് നേടിയത്. സൽമാൻ ഖാനെ വരെ അതിഥി വേഷത്തിൽ അവതരിപ്പിച്ചുവെങ്കിലും അതിനൊന്നും ഗോഡ്ഫാദറിനെ രക്ഷിക്കാനായില്ല. ലൂസിഫർ പോലൊരു ക്ലാസിക് മാസ്സ് ചിത്രത്തെ റീമേക്ക് ചെയ്ത് നശിപ്പിച്ചു എന്നായിരുന്നു പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്.

ഇപ്പോഴിതാ അതിനു പിന്നാലെ വീണ്ടുമൊരു മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് ചിരഞ്ജീവി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയാണ് ഇത്തവണ ചിരഞ്ജീവി നോട്ടമിട്ടിരിക്കുന്നത്. ഒടിടി റിലീസായെത്തി ഹോട്ട് സ്റ്റാറിൽ റെക്കോർഡ് കാഴ്ചക്കാരെ നേടിയ കോമഡി ഫാമിലി ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചഭിനയിച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ്, മോഹൻലാൽ, ലാലു അലക്സ് എന്നിവരുടെ അസാമാന്യമായ കോമഡി പെർഫോമൻസായിരുന്നു.

Advertisement

ഇതിന്റെ റീമേക്കിൽ മോഹൻലാലിന്റെ കഥാപാത്രം ചിരഞ്ജീവി ചെയ്യുമ്പോൾ, പൃഥ്വിരാജ് അവതരിപ്പിച്ച വേഷം ചെയ്യാൻ പോകുന്നത് ശർവാനന്ദ് ആണ്. കല്യാൺ കൃഷ്ണ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ശ്രീലീലയും അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ കല്യാണി പ്രിയദർശൻ അവതരിപ്പിച്ച വേഷമാണ് ഇതിൽ ശ്രീലീല ചെയുക. മലയാളത്തിൽ മീന ചെയ്ത വേഷം തെലുങ്കിൽ തൃഷയാണ് അവതരിപ്പിക്കുന്നത്.

എന്നാൽ ഈ റീമേക്ക് വാർത്ത വന്നതോടെ കടുത്ത പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും വരുന്നത്. ഒരു മികച്ച മലയാള ചിത്രം കൂടി തെലുങ്കിലേക്ക് റീമേക്ക് ചെയ്ത് നശിപ്പിക്കുമെന്നാണ് സിനിമാസ്വാദകർ പറയുന്നത്. മോഹൻലാൽ, ലാലു അലക്സ് എന്നിവർ മനോഹരമായി അവതരിപ്പിച്ച വേഷങ്ങൾ തെലുങ്കിൽ കൊണ്ട് പോയി അഭിനയിച്ചു കുളമാക്കുമെന്നും അവർ പറയുന്നുണ്ട്. ചിരഞ്ജീവിയുടെ അടുത്ത റിലീസായ ഭോലാ ശങ്കറും ഒരു റീമേക്കാണ്. അജിത് നായകനായ തമിഴ് ചിത്രം വേതാളമാണ് ഭോലാ ശങ്കറിന്റെ ഒറിജിനൽ.

Advertisement

Copyright © 2017 onlookersmedia.

Press ESC to close