മോഹൻലാലിനൊപ്പം അർജുൻ അശോകൻ, അരങ്ങേറ്റം കുറിക്കാൻ കല്യാണി പണിക്കർ; പാൻ ഇന്ത്യൻ ചിത്രവുമായി മലയാളത്തിന്റെ ജോഷി

Advertisement

മലയാളത്തിന്റെ സ്വന്തം മഹാനടൻ മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ജനുവരി ഒരോർമ, നാടുവാഴികൾ, നമ്പർ 20 മദ്രാസ് മെയിൽ, നരൻ, ട്വന്റി ട്വന്റി, റൺ ബേബി റൺ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ഈ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഈ ചിത്രത്തിൻന്റെ പേര് റമ്പാൻ എന്നാണ്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഇതിന് തിരക്കഥ രചിക്കുന്നത് പ്രശസ്ത നടനും രചയിതാവുമായ ചെമ്പൻ വിനോദ് ജോസാണ്. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസ്, അഷ്‌റഫ് ഹംസ ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴി എന്നിവക്ക് ശേഷം ചെമ്പൻ വിനോദ് തിരക്കഥ രചിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ചെമ്പൻ വിനോദ്, എയ്ൻസ്റ്റീൻ സാക് പോൾ, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്ന് ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോ എന്നിവയുടെ ബാനറിലാണ്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വളരെ വലിയ സോഷ്യൽ മീഡിയ ഫോളോവെർസ് ഉള്ള മികച്ച നർത്തകി കൂടിയായ കല്യാണി പണിക്കർ, മോഹൻലാലിൻറെ മകളായാണ് ഈ ചിത്രത്തിൽ വേഷമിടുക.

ഇവരെ കൂടാതെ അർജുൻ അശോകൻ, കൃഷ്ണ ശങ്കർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രത്തിന്റെ താരനിരയെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും, അടുത്ത ദിവസങ്ങളിൽ അത് വെളിയിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാളത്തിലെ പുതിയ തലമുറയിലെ മിന്നും താരമായ അർജുൻ അശോകൻ ആദ്യമായാണ് മോഹൻലാലിനൊപ്പം എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന റമ്പാന് കാമറ ചലിപ്പിക്കുന്നത് സമീർ താഹിർ, സംഗീതമൊരുക്കുന്നത് വിഷ്ണു വിജയ്, എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷൻ എന്നിവരാണ്. റോനെക്സ് സേവ്യർ മേക്ക്അപ് കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത് മഷർ ഹംസയാണ്. അടുത്ത വർഷം പകുതിയോടെ ആരംഭിക്കാൻ പോകുന്ന റമ്പാൻ 2025 വിഷു/ഈസ്റ്റർ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close