ഷാരൂഖ് ഖാനൊപ്പം ദളപതി വിജയ്‌യും അല്ലു അർജുനും; ബ്രഹ്മാണ്ഡ മാസ്സ് എന്റെർറ്റൈനെർ ഒരുങ്ങുന്നു?

Advertisement

രാജ റാണി, ദളപതി വിജയ് നായകനായ സൂപ്പർ ഹിറ്റുകളായ തെരി, മെർസൽ, ബിഗിൽ എന്നിവക്ക് ശേഷം തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലി ഇപ്പോൾ ചെയ്യുന്നത് തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്. ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ഷാരൂഖ് തന്നെയാണ്. ജവാൻ എന്ന് പേരിട്ടിരിക്കുന്ന ഈ മാസ്സ് ആക്ഷൻ എന്റെർറ്റൈനെറിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതി വില്ലൻ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻ താരയാണ്. നയൻ താരയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ഈ വർഷം ജൂണിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. തമിഴകത്തിന്റെ ദളപതി വിജയ് ഇതിൽ അതിഥി വേഷം ചെയ്യുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിലെ മറ്റൊരു അതിഥി വേഷം ചെയ്യാൻ ആറ്റ്ലി സമീപിച്ചിരിക്കുന്നത് തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുനെ ആണെന്ന വാർത്തകളാണ് വരുന്നത്.

വളരെ നിർണ്ണായകമായ ഒരു മാസ്സ് കഥാപാത്രമാണിതെന്നും, അല്ലു അർജുന്റെ മറുപടിക്കായി ആറ്റ്ലി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ആറ്റ്‌ലി അല്ലു അർജുനെ കണ്ട്, ഈ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചതെന്നാണ് സൂചന. അല്ലു അർജുനെ നായകനാക്കി ഒരു ചിത്രം ആറ്റ്ലി പ്ലാൻ ചെയ്യുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോൾ തന്റെ പാൻ ഇന്ത്യൻ സൂപ്പർ ഹിറ്റായ പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 ചെയ്യുന്ന തിരക്കിലാണ് അല്ലു അർജുൻ. സുകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജവാനിൽ അല്ലു അർജുൻ കൂടിയെത്തിയാൽ, ഷാരൂഖ് ഖാൻ, വിജയ്, അല്ലു അർജുൻ എന്നിവരെ ഒരു ചിത്രത്തിൽ വെള്ളിത്തിരയിൽ ഒരുമിച്ചു കാണാനുള്ള അവസരമായിരിക്കും പ്രേക്ഷകർക്ക് ലഭിക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close