5 തെന്നിന്ത്യൻ ചിത്രങ്ങൾ 400 കോടി നേടിയ വർഷം; 2022 ലെ നേട്ടങ്ങളിൽ മലയാള സിനിമയില്ല

Advertisement

2022 എന്ന വർഷത്തിലെ അവസാന മാസം ഇന്ന് തുടങ്ങുകയാണ്. ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഒട്ടേറെ വമ്പൻ റിലീസുകളും വമ്പൻ വിജയങ്ങളും കണ്ട വർഷമാണ് ഇത്. അതിൽ ഏറിയ പങ്കും നമ്മൾ കണ്ടത് തെന്നിന്ത്യൻ സിനിമയിൽ നിന്നാണ്. ബോളിവുഡ് അതിന്റെ ഏറ്റവും മോശം വർഷങ്ങളിൽ ഒന്നാണ് കണ്ടത്. ഭൂൽ ഭുലയ്യ 2, ദൃശ്യം 2, ബ്രഹ്മാസ്ത്ര, കശ്മീർ ഫയൽസ്, ഗാംഗുഭായ്‌ കത്തിയവാദി, ജുഗ് ജുഗ് ജിയോ, ഭേഡിയ, ഉഞ്ചായി തുടങ്ങിയ ചിത്രങ്ങൾ മാത്രമാണ് മികച്ച വിജയം നേടിയത്. അതേ സമയം തെന്നിന്ത്യൻ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. 5 തെന്നിന്ത്യൻ ചിത്രങ്ങളാണ് ഈ വർഷം 400 കോടി ക്ലബിൽ അംഗമായി മാറിയത്. എന്നാൽ അതെല്ലാം തമിഴ്, തെലുങ്ക്. കന്നഡ ഇന്ടസ്ട്രികളിൽ നിന്നാണ്. മലയാളത്തിൽ നിന്ന് ഈ വർഷം 100 കോടി പോലും പിന്നിട്ട ചിത്രങ്ങൾ ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി.

രാജമൗലി ഒരുക്കിയ തെലുങ്ക് ചിത്രം ആർ ആർ ആർ ആയിരം കോടി ക്ലബിൽ അംഗമായപ്പോൾ, കന്നഡയിൽ പ്രശാന്ത് നീൽ ഒരുക്കിയ യാഷ് ചിത്രമായ കെ ജി എഫ് 2 ഉം അതേ നേട്ടം തന്നെ ആവർത്തിച്ചു. തമിഴ് സിനിമയുടെ മാനം കാത്തത് ലോകേഷ് കനകരാജ്- കമൽ ഹാസൻ ചിത്രമായ വിക്രമും, മണി രത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗവുമാണ്. വിക്രം 400 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയപ്പോൾ പൊന്നിയിൻ സെൽവൻ നേടിയത് അഞ്ഞൂറ് കോടിക്ക് മുകളിലാണ്. കന്നഡ ചിത്രമായ, റിഷബ് ഷെട്ടിയുടെ കാന്താരയും ഇതിനോടകം 400 കോടി ക്ലബിൽ ഇടം പിടിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിൽ 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മൂന്ന് മലയാള ചിത്രങ്ങളാണ് ഉള്ളത്. മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം, പ്രണവ് മോഹൻലാൽ നായകനായ ഹൃദയം, പൃഥ്വിരാജ് സുകുമാരൻ നായകനായ ജനഗണമന എന്നിവയാണ് ആ ചിത്രങ്ങൾ. എന്നാൽ കേരളത്തിൽ നിന്ന് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് കന്നഡ ചിത്രമായ കെ ജി എഫ് 2 ആണെന്നതാണ് കൗതുകം. 60 കോടിക്ക് മുകളിലാണ് ഈ ചിത്രത്തിന്റെ കേരളാ ഗ്രോസ്. മലയാളമൊഴിച്ച് മൂന്ന് തെന്നിന്ത്യൻ ഇന്ഡസ്ട്രികളിലും പുതിയ ഇൻഡസ്ട്രി ഹിറ്റുകൾ ഉണ്ടായി എന്നതും ശ്രദ്ധേയമായി.

Advertisement
Advertisement

Press ESC to close