മികച്ച ബോക്സ് ഓഫീസ് ഓപ്പണിങ് നേടി മെഗാസ്റ്റാറിന്റെ ക്രിസ്റ്റഫർ; കളക്ഷൻ റിപ്പോർട്ട് ഇതാ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ എന്ന ത്രില്ലർ ചിത്രം ഈ കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ്‌ പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഒരു മാസ്സ് ത്രില്ലർ ചിത്രം ആയത് കൊണ്ട് തന്നെ മികച്ച ബോക്സ് ഓഫിസ് ഓപ്പണിങ് കളക്ഷനും ഇതിനു ലഭിച്ചിട്ടുണ്ട്. ആദ്യ ദിനം ഈ ചിത്രം കേരളത്തിൽ നിന്നും നേടിയത് 1 കോടി എൺപത് ലക്ഷത്തോളമാണെങ്കിൽ രണ്ടാം ദിനം നേടിയത് 1 കോടിയോളമാണെന്നു ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ദിനം 1 കോടി 20 ലക്ഷത്തോളമാണ് ഈ ചിത്രത്തിന്റെ ട്രാക്കഡ് കേരളാ ഗ്രോസ് എങ്കിൽ, രണ്ടാം ദിനം 59 ലക്ഷമാണ് കേരളത്തിൽ നിന്ന് ക്രിസ്റ്റഫർ നേടിയ ട്രാക്കഡ് ഗ്രോസ്. ഏതായാലും രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ഏകദേശം 2 കോടി എൺപത് ലക്ഷത്തോളം രൂപയാണ് ഈ ചിത്രം നേടിയ ഗ്രോസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ, വിദേശ മാർക്കറ്റുകളിൽ നിന്നുള്ള കളക്ഷൻ വിവരങ്ങൾ അധികം വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രശസ്ത തമിഴ് നടൻ വിനയ് റായ് വില്ലൻ വേഷത്തിലെത്തിയ ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി, സ്നേഹ, അമല പോൾ, ശരത് കുമാർ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൽ, അദിതി രവി, വിനിത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽ രാജ്, ദിലീപ്, രാജേഷ് ശർമ്മ എന്നിവരും അഭിനയിച്ചിരിക്കുന്നു. ബയോഗ്രഫി ഓഫ് എ വിജിലൻറി കോപ് എന്ന ടൈറ്റിൽ ടാഗ് ലൈനോടെയെത്തിയ ഈ ചിത്രം എൻകൗണ്ടർ സ്പെഷ്യലിസ്റ് ആയ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്.

Advertisement
Advertisement

Press ESC to close