Tuesday, June 28

മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടിന്‍റെ ‘വെളിപാടി’ന്‍റെ പുസ്തകം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

അനൗൺസ് ചെയ്ത നാൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ചിത്രമാണ് വെളിപാടിന്‍റെ പുസ്തകം. സൂപ്പർ സ്റ്റാർ മോഹൻലാലും ജനപ്രിയ സംവിധായകൻ ലാൽ ജോസും ഒന്നിക്കുന്ന ആദ്യ ചിത്രം എന്നത് തന്നെയായിരുന്നു ചിത്രത്തിന്‍റെ പ്രത്യേകത. തുടർന്ന് ഇറങ്ങിയ ചിത്രത്തിലെ സ്റ്റില്ലുകളും പോസ്റ്ററുകളും പ്രതീക്ഷകൾ നിലനിർത്തിയെങ്കിലും “ജിമ്മിക്കി കമ്മൽ” എന്ന ഗാനത്തോടെ ചിത്രം സോഷ്യൽ മീഡിയയിലും പുറത്തും തരംഗം തീർത്തു.

തല്ലുകൊള്ളികളായ കുട്ടികൾ പഠിക്കുന്ന തീരദേശ കോളേജിലേക്ക് പുതിയ വൈസ് പ്രിൻസിപ്പാളായി പ്രൊഫസർ മൈക്കിൾ ഇടിക്കുള (മോഹൻലാൽ) എത്തുന്നു. അതുവരെ പരസ്പരം തല്ല് കൂടിയിരുന്ന വിദ്യാർത്ഥികൾ ഇടിക്കുളയുടെ വരവോട് കൂടി മാറി ചിന്തിച്ചു തുടങ്ങുന്നു. ഇടിക്കുളയുടെ വരവ് കോളേജിലും കുട്ടികൾക്കും ഇടയിലുണ്ടാകുന്ന മാറ്റത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

മോഹൻലാലിന്‍റെ തന്നെ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ പോലെ സരോപദേശവുമായി തുടങ്ങിയ സിനിമ, സിനിമയ്ക്കുള്ളിലെ സിനിമ ഷൂട്ടിംഗ് ഒക്കെയായി മുന്നോട്ട് പോകുന്നെങ്കിലും പ്രേക്ഷകരെ അത്ര രസിപ്പിക്കുന്നതാകുന്നില്ല ഇതൊന്നും. കെട്ടുറപ്പ് ഇല്ലാത്ത തിരക്കഥ സിനിമയിലുടനീളം മുഴച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

കോളേജ് ജീവിതത്തില്‍ തുടങ്ങിയ സിനിമ പകുതിയോടടുക്കുമ്പോള്‍ മറ്റൊരു തലത്തിലേക്കാണ് സംവിധായകനും എഴുത്തുകാരന്‍ ബെന്നി പി നായരമ്പലവും കൊണ്ട് പോകാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കഥാപാത്രങ്ങളുടെ ‘ക്യാരക്ടറൈസേഷന്‍’ പലയിടത്തും പാളുന്നുണ്ട്.

പതിവ് പോലെ മോഹന്‍ലാല്‍ തന്‍റെ വേഷം മനോഹരമായി തന്നെ കൈകാര്യം ചെയ്തു. രണ്ട് ഗെറ്റപ്പിലും സിനിമയില്‍ ഉടനീളം മോഹന്‍ലാല്‍ നിറഞ്ഞാടുന്ന കാഴ്ച കാണാന്‍ കഴിയും. അനൂപ് മേനോന്‍റെ ബുള്ളറ്റ് വിശ്വന്‍ എന്ന കഥാപാത്രവും മികച്ചതായിരുന്നു. സലീം കുമാറിന്‍റെ കോമഡികള്‍ എല്ലാം നല്ലത് എന്ന്‍ പറയാന്‍ കഴിയില്ലെങ്കിലും ചിലതെല്ലാം ആശ്വാസം നല്‍കുന്നവയായിരുന്നു.

ആദ്യ ചിത്രത്തിലൂടെ തിളങ്ങിയ ‘അപ്പാനി രവി’ ശരത് കുമാറിനും അരുണ്‍ കുര്യനും അന്ന രാജനും ഈ ചിത്രത്തില്‍ തിളക്കം തീരെ നഷ്ടപ്പെട്ടു. “ജിമിക്കി കമ്മല്‍” ഗാനത്തിലെ എനര്‍ജി അപ്പാനി രവിക്ക് സിനിമയില്‍ ഉടനീളം കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. സിദ്ധിക്ക്, ചെമ്പന്‍ വിനോദ്, അലന്‍സിയര്‍ എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.

വിഷ്ണു ശര്‍മ്മയുടെ ക്യാമറ വര്‍ക്കുകളും ഷാന്‍ റഹ്മാന്‍റെ സംഗീതവും സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നു. ആക്ഷന്‍ രംഗങ്ങളിലെ അനാവശ്യ സ്ലോ മോഷനുകള്‍ രസം കൊല്ലികള്‍ ആകുന്നുണ്ട്.

ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മില്‍, അറബിക്കഥ, മീശ മാധവന്‍, മറവത്തൂര്‍ കനവ് തുടങ്ങിയ മനോഹര സിനിമകള്‍ ചെയ്ത ലാല്‍ ജോസ് മാജിക്ക് ഒന്നും ഈ ചിത്രത്തില്‍ ഇല്ലെങ്കിലും സമീപ കാലത്ത് ഇറങ്ങിയ ലാല്‍ ജോസ് ചിത്രങ്ങളില്‍ ഭേദപെട്ട ഒരു സിനിമയെന്ന് വെളിപാടിന്‍റെ പുസ്തകത്തെ പറയാം.

Did you find apk for android? You can find new Free Android Games and apps.

MOVIE RATING

6.0 Average
  • 6
  • User Ratings (43 Votes) 5.6
Share.

About Author