Monday, January 30

ആക്ഷേപ ഹാസ്യത്തിന്റെ പുത്തൻ രസക്കൂട്ടുമായി പടച്ചോനെ ഇങ്ങള് കാത്തോളീ; റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്ന് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമാണ് ബിജിത് ബാല സംവിധാനം നിർവഹിച്ച, പ്രദീപ് കുമാർ കാവുംതറ രചിച്ച പടച്ചോനെ ഇങ്ങള് കാത്തോളീ. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് നായകനായി എത്തിയിരിക്കുന്നത്. ആൻ ശീതൾ നായികാ വേഷം ചെയ്ത ഈ ചിത്രം ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞ് കഥയവതരിപ്പിക്കുന്ന ഒരു ചിത്രമാണെന്ന് ഇതിന്റെ ടീസറുകൾ, ട്രൈലെർ എന്നിവ സൂചന നൽകിയിരുന്നു. അത്കൊണ്ട് തന്നെ അത്തരം ചിത്രങ്ങളെ ഏറെയിഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം കൂടിയാണ് പടച്ചോനെ ഇങ്ങള് കാത്തോളീ. അവരുടെ ആ പ്രതീക്ഷകൾ തകർക്കാതെ ഒരു മികച്ച എന്റെർറ്റൈനെർ തന്നെ സമ്മാനിക്കാൻ ബിജിത് ബാല എന്ന സംവിധായകന് സാധിച്ചിട്ടുണ്ടെന്ന് പറയാം.

ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന സഖാവ് ദിനേശൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് പ്രധാനമായും ഈ കഥ വികസിക്കുന്നതെങ്കിലും ആൻ ശീതൾ, ഗ്രേസ് ആന്റണി, നിർമ്മൽ പാലാഴി, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ എന്നിവരവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കും മികച്ച പ്രാധാന്യം നല്കിയാണ് ഈ ചിത്രം നമ്മളോട് കഥ പറയുന്നത്. ചിന്തമംഗലം എന്ന ഗ്രാമത്തിലെ രാഷ്ട്രീയ സമവാക്യങ്ങളും അവിടെ നടക്കുന്ന തിരഞ്ഞെടുപ്പും അവിടെ നടക്കുന്ന മറ്റ് ചില സംഭവങ്ങളുമെല്ലാം സഖാവ് ദിനേശന്റെ ജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ദിനേശന്റെ പ്രണയവും, ദിനേശൻ നേരിടേണ്ടി വരുന്ന ചില അപ്രതീക്ഷിത സാഹചര്യങ്ങളുമെല്ലാം ഈ ചിത്രത്തെ ഏറെ രസകരമാക്കുന്നുണ്ട്.

നെല്ലിക്ക എന്ന ഒരു എന്റെർറ്റൈനെർ നമ്മുക്ക് നേരത്തെ സമ്മാനിച്ചിട്ടുള്ള ബിജിത് ബാല ഒരിക്കൽ കൂടി പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു മികച്ച വിനോദ ചിത്രം തന്നെയാണ്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാൻ സാധിച്ചു എന്നതാണ് പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ഈ ചിത്രത്തിന്റെ വിജയം. വളരെ ലളിതമായ ഒരു കഥയെ അത്യന്തം രസകരമായി ദൃശ്യവൽക്കരിക്കാൻ ബിജിത് ബാലക്ക് കഴിഞ്ഞു. മികച്ച ഹാസ്യ രംഗങ്ങളും, ഗാനങ്ങളും, അതോടൊപ്പം ആകാംക്ഷയുണർത്തുന്ന കഥാ സന്ദർഭങ്ങളും കൊണ്ട് കൊണ്ട് ബിജിത് ബാല അക്ഷരാർഥത്തിൽ ഒരു വ്യത്യസ്തമായ സിനിമാനുഭവമാണ് നമ്മുക്ക് സമ്മാനിച്ചത്. പ്രദീപ് കുമാർ കാവുംതറ എഴുതിയ തിരക്കഥ ചിത്രത്തെ നല്ല രീതിയിൽ തന്നെ താങ്ങി നിർത്തുന്നുണ്ട്. വളരെ രസകരമായ സന്ദർഭങ്ങൾ ഒരുക്കുന്നതിലും ഹാസ്യവും മറ്റ് വിനോദ ഘടകങ്ങളും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിലും രചയിതാവ് മികവ് പുലർത്തി. ആക്ഷേപഹാസ്യ രൂപേണയും കഥാ സന്ദർഭങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡയലോഗുകൾ പൊട്ടിച്ചിരി സമ്മാനിക്കുമ്പോൾ, അതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങൾക്കും ഈ ചിത്രത്തിൽ സ്ഥാനമുണ്ട്. ചിരിയും തീവ്രമായ കഥാസന്ദർഭങ്ങളും കൃത്യമായി കൂട്ടിയിണക്കി, കയ്യടക്കത്തോടെ കഥ പറയാൻ ബിജിത് ബാല എന്ന സംവിധായകന് സാധിച്ചതാണ് ഈ ചിത്രത്തെ ഒരു മികച്ച എന്റർടൈനറാക്കി മാറ്റുന്നത്.

സഖാവ് ദിനേശൻ എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി മികച്ച പ്രകടനം നൽകിയപ്പോൾ, ഈ കഥാപാത്രം ഈ നടന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വ്യത്യസ്തമായ പ്രകടനമായി ചൂണ്ടി കാണിക്കാവുന്ന ഒന്നായി മാറി. ഹരീഷ് കണാരനും നിർമ്മൽ പാലാഴിയും ഗ്രേസ് ആന്റണിയും വിജിലേശും ദിനേശ് പ്രഭാകറുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ച രീതിയും അവർ സ്‌ക്രീനിൽ കൊണ്ട് വന്ന എനർജിയും ഗംഭീരമായിരുന്നു. ഈ അഭിനേതാക്കൾ തമ്മിലുള്ള സ്ക്രീനിലെ രസതന്ത്രം വളരെ രസകരമായിരുന്നു. നായികാ വേഷം ചെയ്ത ആൻ ശീതൾ, ഇവർക്ക് പുറമെ മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ശ്രുതി ലക്ഷ്മി, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും മികച്ച പ്രകടനം നൽകി. ഷാൻ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ, വിഷ്ണു പ്രസാദ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ മിഴിവ് വർധിപ്പിക്കുക തന്നെ ചെയ്തു. കിരൺ ദാസിന്റെ എഡിറ്റിംഗ് മികവാണ് ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത. ഒരിക്കലും ചിത്രത്തിന്റെ വേഗത താഴെ പോകാതെ സൂക്ഷിക്കാൻ അദ്ദേഹത്തിന്റെ എഡിറ്റിംഗിന് സാധിച്ചിട്ടുണ്ട്. ഗ്രാമീണ ഭംഗി ഒപ്പിയെടുത്തതിനൊപ്പം ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ അന്തരീക്ഷം പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ ഇതിലെ ദൃശ്യങ്ങൾക്കും, പശ്‌ചാത്തല സംഗീതത്തിനും സാധിച്ചു എന്നതും എടുത്തു പറയണം.

പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു കഥ പറയുന്ന വളരെ രസകരമായ വിനോദ ചിത്രമാണ്. ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ, ഒരുപാട് ചിരിപ്പിക്കുന്ന ഈ ചിത്രം അവരെ നിരാശരാക്കില്ല എന്നുറപ്പാണ്. എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ആകർഷിക്കുന്ന, തൃപ്തിപ്പെടുത്തുന്ന ഈ ചിത്രത്തെ ഒരു പക്കാ ഫാമിലി കോമഡി ഫൺ ചിത്രമാണെന്നും നമ്മുക്ക് വിശേഷിപ്പിക്കാം.

Did you find apk for android? You can find new Free Android Games and apps.
Share.

About Author