Thursday, August 18

ഷങ്കർ ഒരുക്കിയ മാജിക്; 2.0 ഇന്ത്യൻ സിനിമയുടെ വിസ്മയ ചരിത്രം..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്ത്യൻ സിനിമാ ലോകം ആകാംഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമായ 2.0 ഇന്ന് ലോകം മുഴുവൻ പ്രദർശനത്തിനെത്തി. ഇന്ത്യൻ സിനിമയുടെ ഷോമാൻ എന്നറിയപ്പെടുന്ന ഷങ്കർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും ബി ജയമോഹനും ചേർന്നാണ് . ഏകദേശം അഞ്ഞൂറ്റിയന്പത് കോടി രൂപയോളം ചിലവിട്ടു ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്തത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. സൂപ്പർ സ്റ്റാർ രജനികാന്ത്, ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ, ആമി ജാക്സൺ, എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഐ മാക്സ് ത്രീഡിയിൽ പൂർണ്ണമായും ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണ്.

2.0 Movie Stills Photos

എന്തിരൻ എന്ന ചിത്രം കണ്ടിട്ടുള്ള നമ്മുക്ക് എല്ലാവർക്കും തന്നെ വസീഗരൻ എന്ന ശാസ്ത്രജ്ഞനെയും അദ്ദേഹം നിർമ്മിച്ച ചിട്ടി എന്ന റോബോട്ടിനെയും അറിയാം. ഒരിക്കൽ കൂടി ചിട്ടിയെ ലോക നന്മക്കായി വസീഗരന് കൊണ്ട് വരേണ്ടി വരികയാണ്. ഒരു അഞ്ചാം ശക്തി ലോകത്തിൽ ഉയർന്നു വരികയും ടെക്‌നോളജി എന്ന ആ ശക്തിയുടെ ബലത്തിൽ ലോകം കീഴടക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തിക്കെതിരെയുള്ള ചിട്ടിയുടെ പോരാട്ടം ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. വമ്പൻ ദൃശ്യ വിസ്മയങ്ങൾ സമ്മാനിക്കുന്ന ഹോളിവുഡിന് മുന്നിൽ ഇന്ത്യൻ സിനിമയ്ക്കു ഉയർത്തി കാണിക്കാൻ ഉതകുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് ശങ്കർ എന്ന മാസ്റ്റർ ഡയറക്ടർ ഒരുക്കിയിരിക്കുന്നത്. വിസ്മയിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രം അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നതു എന്ന് എടുത്തു പറഞ്ഞെ പറ്റൂ . അത്യന്തം ആവേശകരമായ രീതിയിൽ ഒരുക്കിയ കഥാസന്ദർഭങ്ങളിലൂടെ മുന്നേറുന്ന ഈ ചിത്രത്തിൽ ചിത്രത്തിൽ സയൻസും ഫാന്റസിയും ആക്ഷനും സസ്പെൻസുമെല്ലാം കോർത്തിണക്കുന്നതിൽ ശങ്കർ എന്ന സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് പറയാം. ആദ്യം മുതൽ അവസാനം വരെ മികച്ച വേഗതയിൽ മുന്നോട്ടു നീങ്ങിയ ചിത്രത്തിൽ വി എഫ് എക്സിന്റെ ഉപയോഗം മറ്റൊരു ഇന്ത്യൻ സിനിമയിലും ഇല്ലാത്ത അത്രയും വന്നിട്ടുണ്ട് എന്ന് മാത്രമല്ല അതെല്ലാം ഗംഭീരമായിട്ടും ഉണ്ട്.. ഞെട്ടിക്കുന്ന ത്രീഡി എഫ്ഫക്റ്റ് ഈ ചിത്രത്തെ ഒരു ദൃശ്യ വിസ്മയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. റസൂൽ പൂക്കുട്ടി എന്ന ഓസ്കാർ അവാർഡ് ജേതാവ് നിർവഹിച്ച ഗംഭീരമായ ശബ്ദ മിശ്രണവും കൂടി ചേർന്നപ്പോൾ എന്തിരൻ 2 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ടെക്നിക്കലി ബ്രില്യന്റ് സിനിമാനുഭവം ആയി മാറി.

2.0 Movie Stills Photos

രജനികാന്ത് എന്ന സൂപ്പർ താരം വസീഗരനും ചിട്ടി എന്ന റോബോട്ടുമായി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടു കഥാപാത്രങ്ങൾ ആയി അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞു നിന്നു. ഈ പ്രായത്തിലും അദ്ദേഹം കാഴ്ച വെച്ച എനര്ജിയാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്. എന്നാൽ വില്ലൻ വേഷത്തിൽ എത്തിയ അക്ഷയ് കുമാർ ശരിയായ അർത്ഥത്തിൽ അമ്പരപ്പിച്ചു കളഞ്ഞു. അവിശ്വസനീയമായ പ്രകടനം കൊണ്ട് ഒരർത്ഥത്തിൽ ഈ ചിത്രം അദ്ദേഹം തന്റേതായി മാറ്റുകയായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി ജാക്സൺ, സുധാൻഷു, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരും തങ്ങളുടെ മികച്ച പ്രകടനം തന്നെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി നൽകി.

2.0 Movie Stills Photos

എ ആർ റഹ്മാൻ ഒരുക്കിയ ഒരു ഗാനം ചിത്രത്തിന്റെ അവസാനം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഗാനം മികച്ച നിലവാരം പുലർത്തി എന്ന് പറയാൻ സാധിക്കില്ല എങ്കിലും അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ എനർജി ലെവൽ ആകാശത്തെത്തിച്ചു. അത്ര ഗംഭീരമായിരുന്നു പശ്ചാത്തല സംഗീതം. അത് പോലെ തന്നെ മനോഹരങ്ങളായ ദൃശ്യങ്ങളൊരുക്കിയ നീരവ് ഷായും ഈ ചിത്രത്തിന്റെ ആത്മാവായി മാറി. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം മികച്ച വേഗതയിൽ മുന്നോട്ടു പോയത് എഡിറ്റർ ആന്റണിയുടെ പരിചയ സമ്പത്തും പ്രതിഭാവിലാസവും കൊണ്ടാണ്. ചിത്രത്തിലെ ത്രീഡി എഫ്ഫക്റ്റും ഗംഭീരമായി തന്നെ വന്നിട്ടുണ്ട് എന്ന് പറയാം.

2.0 Movie Stills Photos

എന്തിരൻ 2 ഇന്ത്യൻ സിനിമ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ ദൃശ്യ വിസ്മയം ആണ്. ത്രീഡിയിൽ ഒരുങ്ങിയ ഈ അമ്പരപ്പിക്കുന്ന ചിത്രം ഹോളിവുഡ് സിനിമകളെ പോലും വെല്ലുവിളിക്കുന്ന പെർഫെക്ഷനിൽ ആണ് ഒരുക്കിയിരിക്കുന്നത്. തീയേറ്ററുകളിൽ നിന്നു തന്നെ കാണുക ഈ ശങ്കർ നമ്മുക്കായി ഒരുക്കിയ ഈ മൂവി മാജിക്.

Did you find apk for android? You can find new Free Android Games and apps.
8.0 Awesome
  • Direction 8
  • Artist Performance 8
  • Script 7.5
  • Technical Side 8.5
  • User Ratings (6 Votes) 6.8
Share.

About Author