Monday, January 30

സൗഹൃദത്തിന്റെ ആഘോഷവുമായി നിവിൻ പോളി ചിത്രം; സാറ്റർഡേ നൈറ്റ് റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കായംകുളം കൊച്ചുണ്ണി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന ചിത്രമാണ് ഇന്ന് മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയത്. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം, വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പൻ എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഒരു കംപ്ലീറ്റ് ഫൺ ഫിലിമായിരിക്കുമിതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവയെല്ലാം നല്കിയതെന്നത് കൊണ്ട് തന്നെ, അത്തരമൊരു എന്റെർറ്റൈനെർ പ്രതീക്ഷിച്ചു തന്നെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ സമീപിച്ചതും.

നിവിൻ പോളി അവതരിപ്പിക്കുന്ന സ്റ്റാൻലി എന്ന കഥാപാത്രത്തിനും ആ കഥാപാത്രത്തിന്റെ സൗഹൃദസംഘത്തിനും ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം ഒത്തുകൂടുന്ന ഈ സുഹൃത്തുക്കളുടെ ജീവിതത്തിൽ ആ ഒത്തുചേരലിനു ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് വളരെ രസകരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വാട്‌സ്ആപ്പ് വോയ്സ് ചാറ്റിലൂടെ വളരെ പെട്ടെന്ന് തന്നെ ഈ സുഹൃത്തുക്കൾക്കിടയിൽ ഉള്ള പ്രശ്നങ്ങൾ കാണിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കൂട്ടുകാരെ സെറ്റിൽ ചെയ്യിച്ചിട്ടേ സ്വയം സെറ്റിൽ ആവു എന്ന വാശിയിൽ നടക്കുന്ന കഥാപാത്രം ആണ് സ്റ്റാൻലി. പൂച്ച സുനിൽ ആയി എത്തുന്ന അജു വർഗീസ് കഥാപാത്രമാണ് സ്റ്റാൻലിയുടെ വലം കൈ. സുനിലുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിൽ ഈ കൂട്ടുകാർ തമ്മിൽ തെറ്റുകയും, പിന്നീട് സുനിലുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിൽ, പൂച്ച സുനിലിനെ അന്വേഷിച്ചു കൊണ്ട് തന്നെ ഇവർ ഒരുമിച്ചു കൂടുകയും ചെയ്യുന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ നടക്കുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്.

ഒരുപിടി വ്യത്യസ്ത ചിത്രങ്ങളിലൂടെ തന്റെ പ്രതിഭ നമ്മുക്ക് കാണിച്ചു തന്നിട്ടുള്ള സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.ഒരിക്കൽ കൂടി അതീവ രസകരമായ ഒരു ചിത്രവുമായാണ് അദ്ദേഹം വന്നിരിക്കുന്നത്. വളരെ പുതുമയേറിയ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹം കാണിച്ച മിടുക്കു തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി. ഏറെ ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും കോർത്തിണക്കിയ തിരക്കഥയാണ് ഈ ചിത്രത്തെ പ്രേക്ഷകന്റെ പ്രീയപ്പെട്ടതാക്കുന്നതെന്ന് പറയാം. അത് കൊണ്ട് ആദ്യം തന്നെ അഭിനന്ദനം അർഹിക്കുന്നത് നവീൻ ഭാസ്‌കറെന്ന രചയിതാവാണ്. പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ ചിത്രത്തെ കൂടുതൽ രസകരമാക്കിയപ്പോൾ, ഇതിലെ രസകരമായ കഥാസന്ദർഭങ്ങൾക്ക് റോഷൻ ആൻഡ്രൂസ് നൽകിയ മനോഹരമായ ദൃശ്യ ഭാഷ പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തോട് ചേർത്ത് നിർത്തി. സാറ്റർഡേ നൈറ്റിന്റെ ഏറ്റവും വലിയ പുതുമയും വ്യത്യസ്തതയും, ഈ ചിത്രം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ച രീതി തന്നെയാണ്. സൗഹൃദവും തമാശയുമെല്ലാം ഡ്രാമയും ആകാംഷ നിറക്കുന്ന മുഹൂർത്തങ്ങളുമെല്ലാം ഇട കലർത്തി ഒരു പക്കാ എന്റെർറ്റൈനെർ ആയി റോഷൻ ആൻഡ്രൂസ്- നവീൻ ഭാസ്‍കർ ടീം ഈ ചിത്രത്തെ മാറ്റിയിട്ടുണ്ട്. അതുപോലെ തന്നെ സൗഹൃദം ആഘോഷിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ആ ആഘോഷങ്ങൾ യുവ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്നുമുണ്ട്. സൗഹൃദമെന്ന ബന്ധത്തിലൂടെ സഞ്ചരിക്കുമ്പോഴുള്ള വൈകാരിമായ തലവും ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സുമായി ബന്ധിപ്പിക്കുന്നുണ്ട്.

സ്റ്റാൻലിയിലൂടെ അവർ ഓരോരുത്തരും സ്വയം തിരിച്ചറിയുക കൂടിയാണ് ചെയ്യുന്നത്. സൗഹൃദത്തിന്റെ അർത്ഥവും സന്തോഷവും സ്വാതന്ത്ര്യവും ഈ കൂട്ടുകാർ തിരിച്ചറിയുന്ന നിമിഷങ്ങൾ മനസ്സിൽ തൊടും വിധമാണ് ഒരുക്കിയിരിക്കുന്നത്. കൂട്ടുകാരുടെ ഫീലിംഗ്‌സ് സ്വന്തം ഫീലിംഗ്‌സ് ആക്കി മാറ്റുന്ന സ്റ്റാൻലിയിലൂടെ ജീവിതത്തിൽ നഷ്ട്ടപെട്ട സന്തോഷവും ആവേശവും സ്നേഹവും വീണ്ടെടുക്കുന്ന സുഹൃത്തുക്കളുടെ കഥ അതിമനോഹരമായാണ് റോഷനും നവീനും ചേർന്ന് പറഞ്ഞിരിക്കുന്നത്. സൗഹൃദം മനസ്സിൽ സൂക്ഷിക്കുന്നവർക്കും, നഷ്ടമായവർക്കും, വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഈ ചിത്രം സമ്മാനിക്കുന്നത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭവമായിരിക്കുമെന്ന് തീർച്ച.

നിവിൻ പോളി എന്ന നടന്റെ കോമഡി ടൈമിംഗ് മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ് എന്ന് പറയാം. അത്ര ഗംഭീരമായാണ് സ്റ്റാൻലിയായി നിവിൻ തിരശീലയിൽ നിറഞ്ഞു നിന്നത്. വളരെ അനായാസമായും സ്വാഭാവികമായും എനെർജിറ്റിക് ആയുമാണ് തങ്ങളുടെ കഥാപാത്രങ്ങളെ നിവിൻ ഉൾപ്പെടെയുള്ളവർ ഉൾക്കൊണ്ടത്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, സാനിയ അയ്യപ്പൻ, ഗ്രേസ് ആന്റണി, എന്നിവരും തങ്ങളുടെ രസകരമായ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്നുണ്ട്. പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, മാളവിക ശ്രീനാഥ് എന്നിവരും തങ്ങളുടെ വേഷങ്ങൾ നന്നായി തന്നെ ചെയ്തു.

അസ്‌ലം കെ പുരയിൽ ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. അദ്ദേഹം നൽകിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ടി ശിവാനന്ദേശ്വരൻ തന്റെ എഡിറ്റിംഗിലൂടെ ഈ ചിത്രം ആവശ്യപ്പെട്ട വേഗതയും ഒഴുക്കും പകർന്നു നൽകിയിട്ടുണ്ട് . ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത്. അദ്ദേഹമൊരുക്കിയ മനോഹരമായ ഗാനങ്ങളും രസകരമായ പശ്ചാത്തല സംഗീതവും ഒരുമിച്ചു വന്നപ്പോൾ സാങ്കേതികമായി ഈ ചിത്രം മികച്ച നിലവാരം പുലർത്തി. മികച്ച സംഗീതവും ദൃശ്യങ്ങളും സാറ്റർഡേ നൈറ്റിനെ കൂടുതൽ രസകരമാക്കി മാറ്റുന്നുണ്ട്. ഒരു ആഘോഷത്തിന്റെ മൂഡിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഒരു പക്കാ എന്റെർറ്റൈനെർ ആണ്. കൊടുത്ത ക്യാഷ് മുതലാവുന്ന ഒരു രസികൻ ഫൺ മൂവി ആണ് സാറ്റർഡേ നൈറ്റ്. പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്നതിനൊപ്പം പുതുമയുടെ ഫീൽ നൽകാനും, സൗഹൃദത്തിന്റെ സന്തോഷം മനസ്സിൽ ഉണർത്താനും ഈ ചിത്രത്തിന് കഴിയും എന്നതാണ് സാറ്റർഡേ നൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

Did you find apk for android? You can find new Free Android Games and apps.
Share.

About Author