‘ആരുടേതാണ് ഈ രാജ്യം’; ജനഗണമന റിവ്യൂ വായിക്കാം

Advertisement

ഈ സീസണിൽ മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ അഭിനയിച്ച ജനഗണമന. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ സോഷ്യൽ- പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വളരെ സീരിയസ് ആയി കഥ പറയുന്ന ഒരു ചിത്രമാണ്. രണ്ടു ഭാഗങ്ങൾ ഉള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഡിജോ ജോസ് ആന്റണി ആണ്. ഷാരിസ് മുഹമ്മദ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്തിരിക്കുന്നത് മമത മോഹൻദാസ് ആണ്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവയും അതുപോലെ തന്നെ ഇതിലെ ഗാനങ്ങളും വമ്പിച്ച പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു.

രാമനഗര എന്ന സ്ഥലത്തു നിന്നും ഒരു ശവ ശരീരം കണ്ടെത്തുകയും, ആ ശവ ശരീരം തലേ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ ഒരു യുവതിയുടെ ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. മമത മോഹൻദാസ് അവതരിപ്പിക്കുന്ന സഭാ എന്ന കോളേജ് പ്രൊഫസർ ആണ് കൊല്ലപ്പെടുന്ന യുവതി. ബലാൽസംഗം ചെയ്യപ്പെട്ടു, കത്തിച്ചു കളഞ്ഞ രീതിയിൽ ആണ് സഭയുടെ മൃതദേഹം കിട്ടുന്നത്. അതിനെ തുടർന്ന് സഭ പഠിപ്പിച്ച കോളേജിലും രാജ്യ വ്യാപകമായും വിദ്യാർത്ഥി പ്രതിഷേധം ഉയരുന്നു. തുടർന്ന് ഈ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തുന്നത് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന രാമനഗരം അസിസ്റ്റന്റ് കമീഷണർ ഓഫ് പോലീസ് ആയ സജൻ കുമാറിനെ ആണ്. എന്നാൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി ആയി ഈ കേസ് മാറുകയാണ്. അയാളുടെ കരിയർ മാത്രമല്ല ജീവിതവും മാറ്റി മറിക്കുന്ന തലത്തിലേക്കാണ് ഈ കേസ് വളരുന്നത്. അതെന്താണ്, എങ്ങനെയാണ്, ആരൊക്കെയാണ് ഇതിൽ ഭാഗമായിട്ടുള്ളത് എന്നതാണ് വളരെ കാലിക പ്രസക്തമായ ചില വിഷയങ്ങളെ സ്പർശിച്ചു കൊണ്ട് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

Advertisement

ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ഗംഭീര ചിത്രമാണ് സംവിധായകനെന്ന നിലയിൽ ഡിജോ ജോസ് ആന്റണി ജനഗണമനയുടെ രൂപത്തിൽ നമ്മുക്ക് സമ്മാനിച്ചത്. സംവിധായകനെന്ന നിലയിൽ ഡിജോ പുലർത്തിയ കയ്യടക്കമാണ് ഈ ത്രില്ലറിന്റെ മികവിന്റെ ഏറ്റവും വലിയ കാരണം. വൈകാരികമായ അംശത്തിനു പ്രാധാന്യം നൽകിയിട്ടുള്ള ഒരു ക്ലാസ് ത്രില്ലർ എന്ന രീതിയിൽ ഒരുക്കിയപ്പോൾ തന്നെ മാസ്സ് എലമെന്റുകളും മറ്റു വിനോദ ഘടകങ്ങളും വളരെ വിദഗ്ദ്ധമായി ചിത്രത്തിലുൾപ്പെടുത്താൻ ഷാരിസ് മുഹമ്മദ് എന്ന രചയിതാവിനും സാധിച്ചു. അത്ര മികച്ച രീതിയിൽ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സംവിധായകനും രചയിതാവിനും സാധിച്ചിട്ടുണ്ട് ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും അതുപോലെ തന്നെ ഉദ്വേഗം നിറഞ്ഞ കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ മനസ്സിലെത്തിക്കാനും സംവിധായകന്റെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട്. വൈകാരിക രംഗങ്ങളും സസ്‌പെൻസുമെല്ലാം ആവേശം നിറക്കുന്ന മാസ്സ് സീനുകളുമെല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് ഈ ചിത്രം എന്ന് പറയുമ്പോഴും, ആരാധകർക്ക് വേണ്ടി മാത്രമുള്ള ഒരു മസാല ചിത്രമായി ജനഗണമന മാറാതെയിരിക്കാനും ഡിജോ ജോസ് ആന്റണി- ഷാരിസ് മുഹമ്മദ് ടീം ശ്രദ്ധിച്ചത്, ഈ ചിത്രത്തെ മികവുറ്റ ഒരു സിനിമാനുഭവമാക്കി. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതിനൊപ്പം വളരെ പ്രസക്തമായ ഒരു കഥ അതിന്റെ മുഴുവൻ തീവ്രതയോടെയും അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നതും ഈ ചിത്രത്തെ മറ്റൊരു തലടുക്കിൽ നിർത്തുന്നുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയ, മതം, ജാതി, അധാർമികമായ പത്ര പ്രവർത്തനം, നിയമം, നീതി ന്യായ വ്യവസ്ഥ എന്നിവയെ കുറിച്ചെല്ലാം വളരെ പ്രസകതമായ ചോദ്യങ്ങൾ ഉന്നയിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒരു കോർട്ട് റൂം ഡ്രാമ അല്ലെങ്കിൽ ത്രില്ലർ പോലെ മുന്നോട്ടു പോകുന്ന രണ്ടാം പകുതി സത്യത്തിൽ തീപോലെയുള്ള ചോദ്യങ്ങളാണ് പ്രേക്ഷകരുടെ മനസ്സിൽ കോരിയിടുന്നത് എന്ന് പറയാം. അത്ര ശ്കതമായ സംഭാഷണങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്.

സുരാജ് വെഞ്ഞാറമ്മൂട്, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്നത്. സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ അസാമാന്യമായ പ്രതിഭ ഒരിക്കൽ കൂടി നമ്മുക്ക് മുന്നിൽ കാണിച്ചു തന്ന പെർഫോമൻസാണ് അദ്ദേഹം ഇതിൽ നടത്തിയത്. അത്രമാത്രം തീവ്രതയോടെ ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കാൻ സുരാജിന്റെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട്. ചെറു ചലനങ്ങൾ കൊണ്ടും മൗനവും നോട്ടങ്ങളും കൊണ്ട് പോലും അദ്ദേഹം നടത്തിയ പ്രകടനം വിസ്മയിപ്പിക്കുന്നതായിരുന്നു. അരവിന്ദ് എന്ന കഥാപാത്രമായി എത്തിയ പൃഥ്വിരാജ് സുകുമാരനും ഗംഭീര പ്രകടനമാണ് നൽകിയത്. വളരെ ശ്കതമായ രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രിത്വിരാജിന് സാധിച്ചിട്ടുണ്ട്. സുരാജിനു ഒപ്പം കട്ടക്ക് നിന്ന് പെർഫോം ചെയ്ത പൃഥ്വിരാജ്, തന്റെ മാസ്സ് അപ്പീൽ കൊണ്ടും ഗംഭീര ഡയലോഗ് ഡെലിവറി കൊണ്ടും കയ്യടി വാങ്ങുന്നുണ്ട്. നായികാ വേഷങ്ങളിൽ എത്തിയ മമത മോഹൻദ്സാ, വിൻസി അലോഷ്യസ് എന്നിവർ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരി, ബെൻസി മാത്യൂസ്, ലിറ്റിൽ ദർശൻ, ആനന്ദ് ബാൽ, ധ്രുവൻ, ജി എം സുന്ദർ, ഹരികൃഷ്ണൻ, ശ്രീ ദിവ്യ, ഐശ്വര്യ അനിൽകുമാർ, യദു വിശാഖ്, വിഷ്ണു കെ വിജയൻ, ദിവ്യ കൃഷ്ണൻ, വൈഷ്ണവി വേണുഗോപാൽ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു.

സുദീപ് എളമൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ നട്ടെല്ലായി മാറി എന്നുതന്നെ പറയാം. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ നൽകിയ പങ്കു നിർണായകമായിരുന്നു. ദൃശ്യങ്ങളുടെ മിഴിവ് ചിത്രത്തെ സാങ്കേതികമായി മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്.ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മികവ് ഉയർത്തുന്നതിൽ വളരെ സുപ്രധാനമായ സ്ഥാനം വഹിക്കുമ്പോൾ, എഡിറ്റിംഗ് നിർവഹിച്ച ശ്രീജിത്ത് സാരംഗ് തന്റെ പ്രതിഭ മുഴുവൻ ഉപയോഗിച്ചപ്പോൾ ചിത്രം മികച്ച വേഗതയിൽ ആണ് മുന്നോട്ടു പോയത്. പ്രേക്ഷകനെ ആദ്യവസാനം ഉദ്വേഗഭരിതനാക്കി തന്നെയാണ് ഈ ചിത്രം മുന്നോട്ടു പോയത്. ഇതിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിലെ വൈകാരികത മുഴുവൻ പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കുന്നുണ്ട് എന്നത് എടുത്തു പറയണം.

ചുരുക്കി പറഞ്ഞാൽ ജനഗണമന എന്ന ഈ ചിത്രം സാങ്കേതികമായും അതുപോലെ ഒരു വിനോദ സിനിമയെന്ന നിലയിലും ഗംഭീര നിലവാരം പുലർത്തുന്ന ഒരു ത്രില്ലറാണ്. പ്രേക്ഷകന് ഒരു ഗംഭീര സിനിമാനുഭവമായിരിക്കും ജനഗണമന നൽകുക എന്നത് ഉറപ്പിച്ചു പറയാൻ സാധിക്കും. പ്രകടനം കൊണ്ടും മേക്കിങ് നിലവാരം കൊണ്ടും, ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും നമ്മുക്ക് ഈ ചിത്രം തരുന്ന ഫീൽ വളരെ വലുതാണ്. ഇത് കാണുന്ന ഓരോ പ്രേക്ഷകനും ഇതിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കും എന്നുറപ്പു. അതാണ് ഈ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ സൃഷ്ടിക്കുന്ന സ്വാധീനം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close