ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും കേരളം കീഴടക്കി ജനപ്രിയ നായകന്റെ ബാലൻ വക്കീൽ..!!

Advertisement

ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രങ്ങളിൽ ഒന്നാണ് ജനപ്രിയ നായകൻ ദിലീപ്  നായകനായി  എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ. സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള   സംവിധായകനായ ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത   ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സിനിമ നിർമ്മാണ കമ്പനിയായ വയാകോം മോഷൻ പിക്ചേഴ്സ് ആണ്. മമത മോഹൻദാസ് നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ പ്രിയ ആനന്ദും ഒരു നിർണ്ണായക സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നു. ഇതിന്റെ ടീസർ, ട്രൈലെർ, അടുത്തിടെ റിലീസ് ചെയ്ത വീഡിയോ സോങ്ങുകൾ എന്നിവ വലിയ പ്രതീക്ഷയാണ് പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ചത്.

ബാലകൃഷ്ണൻ എന്ന പേരുള്ള ഒരു കേസില്ലാ വക്കീലിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മാത്രമല്ല ബാലൻ വക്കീൽ ഒരു വിക്കനുമാണ് എന്നത് അദ്ദേഹത്തിന്റെ കരിയർ കൂടുതൽ മോശമാക്കി. പക്ഷെ ബാലൻ വക്കീലിനെ തേടി ഒരു കേസ് എത്തും എന്ന് മാത്രമല്ല അത് ബാലൻ വക്കീലിന്റെ ജീവിതം അടിമുടി മാറ്റിമറിക്കുകയും ചെയ്യുന്നു. ആ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

Advertisement

പ്രേക്ഷകരുടെ പ്രതീക്ഷകൾ നിറവേറ്റുന്ന  ഒരടിപൊളി എന്റെർറ്റൈനെർ തന്നെയാണ് കോടതി സമക്ഷം ബാലൻ വക്കീൽ  എന്ന് നമ്മുക്ക് നിസംശയം പറയാൻ സാധിക്കും ബാലൻ വക്കീലിന്റെ  രസകരവും ആവേശം നിറഞ്ഞതുമായ കഥയാണ് ബി ഉണികൃഷ്ണൻ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്.  പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിച്ചും  ആവേശം കൊള്ളിച്ചുമാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്. ബി ഉണ്ണികൃഷ്ണൻ തന്നെയൊരുക്കിയ  തിരക്കഥ ആണ് ഈ ചിത്രത്തിന്റെ  നട്ടെല്ല്. സിറ്റുവേഷൻ കോമേഡിയോടൊപ്പം രസകരമായ സംഭാഷണങ്ങളും ആവേശകരമായ മുഹൂർത്തങ്ങളും ആക്ഷനും ത്രില്ലും കോർത്തിണക്കിയ തിരക്കഥക്കു  ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായക പ്രതിഭ ഒരുക്കിയ കിടിലൻ ദൃശ്യ  ഭാഷയും കൂടി ചേർന്നപ്പോൾ കോടതി സമക്ഷം ബാലൻ വക്കീൽ ഒരു  ത്രില്ലിംഗ് എന്റെർറ്റൈനെർ ആയി മാറി . വിശ്വസനീയമായ കഥാ സന്ദർഭങ്ങൾ ചിത്രത്തിന് ഗുണം ചെയ്തപ്പോൾ കഥാപാത്രങ്ങളെ ഉപയോഗിച്ച രീതിയും ചിത്രത്തിന്റെ മികവ് വർധിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞെ പറ്റു . ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലൂടെ ദിലീപ് എത്തുന്നു എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർ എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതെല്ലാം നല്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ വിജയം.

ദിലീപ്  ഒരിക്കൽ കൂടി മിന്നുന്ന  പ്രകടനമാണ് കാഴ്ച വെച്ചത്. വിക്കനായ  നാട്ടിന്പുറത്തുകാരനായ ബാലകൃഷ്ണൻ എന്ന വക്കീലിനെ  ശരീര ഭാഷ കൊണ്ടും സംഭാഷണ ശൈലി കൊണ്ടും ഗംഭീരമായാണ് അദ്ദേഹം അവതരിപ്പിച്ചത്.  വളരെ  അനായാസമായി തന്നെ ബാലൻ എന്ന വക്കീൽ ആയി ദിലീപ് മാറി . നായികാ വേഷത്തിൽ എത്തിയ മമത മോഹൻദാസ് മികച്ച പ്രകടനം നൽകിയപ്പോൾ കയ്യടി നേടിയത് ബാലൻ വക്കീലിന്റെ അച്ഛൻ കഥാപാത്രം ആയി എത്തിയ സിദ്ദിഖ് ആണ്. പ്രിയ ആനന്ദും  ശ്രദ്ധ നേടുന്ന പെർഫോമൻസ് തന്നെയാണ് കാഴ്ച വെച്ചത്. . അജു വർഗീസ് , സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒരിക്കൽ കൂടി പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് ദിലീപിനൊപ്പം  തകർത്താടിയപ്പോൾ  മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ രഞ്ജി പണിക്കർ, ഗണേഷ് കുമാർ, ബിന്ദു പണിക്കർ, ഭീമൻ രഘു, സൈജു കുറുപ്പ്  എന്നിവരും തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാക്കി മാറ്റി.

അഖിൽ ജോർജിന്റെ  ദൃശ്യങ്ങളും രാഹുൽ  രാജ്, ഗോപി സുന്ദർ എന്നിവർ ചേർന്ന്  ഒരുക്കിയ  സംഗീതവും ചിത്രത്തിന് നൽകിയ മികവ് വളരെ വലുതാണ് . ദൃശ്യങ്ങളും സംഗീതവും കഥയുടെ അന്തരീക്ഷത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് പകർന്നു നൽകുന്നതിൽ ഒരുപാട് സഹായിച്ചു എന്നുറപ്പിച്ചു തന്നെ പറയാൻ സാധിക്കും. ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം ഗംഭീരമായിരുന്നു. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് മികച്ചു നിന്നതിനാൽ ചിത്രം സാങ്കേതികമായി നിലവാരം പുലർത്തിയിട്ടുണ്ട് . എഡിറ്റിംഗ് മികവ് പകർന്നു നൽകിയ മികച്ച വേഗതയും ചിത്രത്തിന് മുതല്കൂട്ടായിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ എല്ലാ രീതിയിലും പ്രേക്ഷകന് കൊടുത്ത കാശ് മുതലാവുന്ന ഒരടിപൊളി ത്രില്ലിംഗ് ഫാമിലി എന്റെർറ്റൈനെർ ആണ് കോടതി സമക്ഷം ബാലൻ വക്കീൽ എന്ന് പറയാം . ചിരിയും ആവേശവും ആക്ഷനും എല്ലാം കോർത്തിണക്കി ബി ഉണ്ണികൃഷ്ണൻ- ദിലീപ് ടീം ഒരുക്കിയ ഒരു പക്കാ വിനോദ ചിത്രമെന്നും നമ്മുക്ക് ഈ സിനിമയെ വിശേഷിപ്പിക്കാം.   

Advertisement

Copyright © 2017 onlookersmedia.

Press ESC to close