Tuesday, May 17

ടോവിനോ തോമസിന്റെ മിന്നൽ മുരളി റിവ്യൂ വായിക്കാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

വമ്പൻ പ്രതീക്ഷകൾക്കിടയിലാണ് മിന്നൽ മുരളി എന്ന മലയാള ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്തത്. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവർ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ബേസിൽ ജോസഫ് ആണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ, കുറുക്കൻമൂല എന്ന് പേരുള്ള ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. ടോവിനോ തോമസ് അവതരിപ്പിക്കുന്ന ജെയ്സൺ എന്ന തയ്യൽക്കാരനും, ഗുരു സോമസുന്ദരം അവതരിപ്പിക്കുന്ന ഷിബു എന്ന് പേരുള്ള ഒരു തമിഴനും ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തന്റെ കാമുകിയെ കല്യാണം കഴിച്ചു അമേരിക്കയിൽ പോകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ജെയ്സൺ. പക്ഷെ കാമുകി ജെയ്‌സണെ ചതിക്കുന്നതോടെ അവന്റെ സ്വപ്‌നങ്ങൾ തകരുന്നു. അതേ സമയം ചെറുപ്പം മുതലേ ഉഷ എന്ന പെൺകുട്ടിയെ അവൾ പോലുമറിയാതെ സ്നേഹിക്കുന്ന ആളാണ് ഷിബു. അവളുടെ കല്യാണത്തിന് ശേഷവും അവളെ തന്നെ മനസ്സിൽ വെച്ച് കൊണ്ട് ജീവിക്കുന്ന ഷിബുവിന്‌, അവൾ ഭർത്താവിൽ നിന്നും പിരിഞ്ഞു നാട്ടിലെത്തുന്നതോടെ വീണ്ടും ജീവിതത്തിൽ പ്രതീക്ഷകൾ ഉണ്ടാകുന്നു.

എന്നാൽ, ഒരു പ്രത്യേക ശാസ്ത്രീയ പ്രതിഭാസം ഗ്രഹങ്ങളുമായി ബന്ധപെട്ടു നടക്കുന്ന ഒരു രാത്രിയിൽ ജെയ്‌സണും ഷിബുവിനും മിന്നൽ ഏൽക്കുകയും അതിൽ നിന്ന് അവർ മരിക്കാതെ രക്ഷപ്പെടുകയും ചെയ്യുന്നതും, ആ മിന്നൽ അവർക്ക് ചില അമാനുഷിക ശ്കതികൾ നല്കുന്നിടത്തു നിന്നുമാണ് കഥയുടെ ഗതി മാറുന്നത്. തനിക്കു മാത്രമല്ല ഒരാൾക്ക് കൂടി ഈ ശ്കതികൾ ലഭിച്ചിട്ടുണ്ട് എന്ന് പരസ്പരം ഇവർ മനസ്സിലാക്കുന്നുമില്ല. അവിടെയാണ് ചിത്രത്തിലെ പ്രശ്നങ്ങളുടെ തുടക്കം. അവിടെ നിന്ന് എല്ലാ സൂപ്പർ ഹീറോ ചിത്രങ്ങളിലേയും പോലെ തന്നെ നായകനും വില്ലനും തമ്മിലുള്ള യുദ്ധം തുടങ്ങുകയാണ്. പലപ്പോഴും നായകൻ, വില്ലൻ സങ്കൽപ്പങ്ങളെ മറികടന്നു കൊണ്ട് രണ്ടു കഥാപാത്രങ്ങൾക്കും അവരുടേതായ പോസിറ്റീവ് വശങ്ങളും നെഗറ്റീവ് വശങ്ങളും കൊടുക്കാൻ സംവിധായകൻ ബേസിൽ ജോസെഫും രചയിതാക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യുവും ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു ആണ് കൂടുതൽ തിളങ്ങി നിൽക്കുന്നത് എന്ന് പറയാം. അതിഗംഭീരമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. പലതരം വികാരങ്ങളിലൂടെ മനോഹരമായി സഞ്ചരിക്കുന്ന ഈ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട് എന്ന് മാത്രമല്ല, പലപ്പോഴും പ്രേക്ഷകരുടെ മനസ്സ് ഈ കഥാപാത്രത്തിനൊപ്പമാണ് സഞ്ചരിക്കുന്നത് എന്ന് പറഞ്ഞാലും അതൊട്ടും അതിശയോക്തിയാവില്ല. ജെയ്സൺ ആയി ടോവിനോയും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. തന്റെ കോമഡി ടൈമിംഗ് കൊണ്ടും എനർജി കൊണ്ടും നിഷ്കളങ്കമായ ശരീരഭാഷ കൊണ്ടും ടോവിനോയും കയ്യടി നേടുന്നുണ്ട്. ഒരു സൂപ്പർ ഹീറോ ആയി സ്‌ക്രീനിൽ പ്രേക്ഷകനെ വിശ്വസിപ്പിക്കുന്ന രീതിയിൽ അഭിനയിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ബാലതാരം വശിഷ്ട് ഉമേഷ്, ബൈജു, പി ബാലചന്ദ്രൻ, ഹരിശ്രീ അശോകൻ, അജു വർഗീസ്, ഫെമിന ജോർജ്, മാമുക്കോയ, ബിജു കുട്ടൻ, ജൂഡ് ആന്റണി ജോസെഫ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

മികച്ച വിഎഫ്എക്സ് നിറഞ്ഞ ക്ലൈമാക്സ് സീനുകൾ നല്കിയപ്പോഴും വിഎഫ്എക്‌സിന്റെ അതിപ്രസരം ഉണ്ടാക്കാതെ, മനോഹരമായി തന്നെ സൂപ്പർ ഹീറോ ആക്ഷൻ ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. വളരെ രസകരമായ, ലളിതമായ ഒരു കഥയെ ഒരു സൂപ്പർ ഹീറോ ചിത്രമെന്ന നിലയിലേക്ക് ഉയർത്തിയത് ബേസിൽ ജോസെഫ് എന്ന സംവിധായകന്റെ മികവാണ്. ഒപ്പം മനസ്സിൽ തൊടുന്ന, വിശ്വസനീയമായ ഒരു കഥയൊരുക്കിയ രചയിതാക്കളും അഭിനന്ദനം അർഹിക്കുന്നു. സമീർ താഹിർ ഒരുക്കിയ ദൃശ്യങ്ങളും, സുഷിന് ശ്യാം ഒരുക്കിയ പശ്‌ചാത്തല സംഗീതവും ഷാൻ റഹ്മാന്റെ ഗാനങ്ങളും എല്ലാം ഈ ചിത്രത്തെ ദൃശ്യപരമായി മികവ് പുലർത്തുന്നതുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും യുവാക്കൾക്കുമെല്ലാം ഏറെ ഇഷ്ടപ്പെടുന്ന രീതിയിലൊരുക്കിയ മിന്നൽ മുരളി, മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ ഹീറോ ഫ്രാഞ്ചൈസ് ആക്കി മുന്നോട്ടു കൊണ്ടി പോകാനുള്ള എല്ലാ ഗുണകളും ഒത്തിണങ്ങിയ ഒരു ചിത്രമാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author