Wednesday, August 10

ജനപ്രിയ നായകൻ ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ റിവ്യൂ വായിക്കാം.

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

വളരെക്കാലത്തിനു ശേഷമാണു ഒരു കമ്പ്ലീറ്റ് ഫാമിലി കോമഡി ചിത്രവുമായി ജനപ്രിയ നായകൻ ദിലീപ് എത്തുന്നത് എന്നത് കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി, ഡിസ്‌നി ഹോട് സ്റ്റാറിൽ ഇന്നലെ രാത്രി പന്ത്രണ്ടു മണി മുതലാണ് ഈ ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയത്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച നാദിർഷ എന്ന സംവിധായകൻ ജനപ്രിയ നായകൻ ദിലീപിനൊപ്പം കൈകോർത്ത ആദ്യ ചിത്രമാണ് ഇതെന്നതും പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിക്കാൻ കാരണമായിട്ടുണ്ട്. ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ സജീവ് പാഴൂർ ആണ്. പ്രശസ്ത നടി ഉർവശി നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദിലീപ്, ഡോക്ടർ സക്കറിയ തോമസ് എന്നിവർ ചേർന്നാണ്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ താനെ. ദിലീപ് അവതരിപ്പിക്കുന്ന കേശു എന്ന വൃദ്ധ കഥാപാത്രത്തിന്റെ ജീവിതവും കുടുംബവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കേശുവിന്റെയും അദേഹത്തിന്റെ കൂട്ടു കുടുംബത്തിന്റെയും കഥ ആണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നതു. അതിനൊപ്പം കേശുവിനു ഒരു ലോട്ടറി അടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന കേശു എന്ന കഥാപാത്രം, മൂന്ന് പെങ്ങന്മാരും അളിയന്മാരും നിറഞ്ഞ വീട്ടിലാണ് തന്റെ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ദിലീപിന്റെ ഭാര്യ ആയിആണ് ഉർവശി അഭിനയിച്ചിരിക്കുന്നത്. ഇവരുടെ കുടുംബത്തിൽ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളും, പരസ്പര ബന്ധത്തിൽ ഉണ്ടാകുന്ന വിള്ളലുകളുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന വിധം അവതരിപ്പിക്കുന്നതിൽ നാദിർഷ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഒരുമിച്ചു താമസിക്കുമ്പോഴും പെങ്ങന്മാരും ഭർത്താക്കന്മാരും കേശുവിനോട് സ്വത്തു ഭാഗം വെക്കുന്ന കാര്യം പറഞ്ഞു തന്നെ ഉരസലാണ്. അടുത്തുള്ള റോഡിനു വീതി കൂടുന്നതോടെ സ്ഥലത്തിന്റെ വില വർധിക്കും എന്ന സ്ഥിതി വരുന്നതോടെ സ്വത്തു ഭാഗം വെച്ച് നൽകാനുള്ള ആവശ്യവും ശ്കതമാകുന്നു. സ്വത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് മുഴുവൻ കുടുംബങ്ങളുമായി നടത്തുന്ന ഒരു രാമേശ്വരം യാത്രയാണ് കേശുവിന്റെ ജീവിതത്തിൽ നിർണ്ണായകമാകുന്നത്. അവിടെ നിന്ന് ചിത്രത്തിന്റെ കഥാഗതിയിൽ മാറ്റമുണ്ടാവുന്നു.

സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച നാദിർഷ ഇത്തവണ ഒരു ഗംഭീര ഫാമിലി ചിത്രമാണ് നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നതു. സംവിധായകനെന്ന നിലയിൽ, തന്റെ പരിചയ സമ്പത്തു ഉപയോഗിച്ച് കൊണ്ട് നാദിർഷ പുലർത്തിയ കയ്യടക്കമാണ് കേശു ഈ വീടിന്റെ നാഥൻ എന്ന ഈ ചിത്രത്തിന്റെ മികവിന്റെ ഏറ്റവും വലിയ കാരണമെന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. അത്ര മികച്ച രീതിയിൽ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ നാദിർഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സജീവ് പാഴൂർ എന്ന പരിചയ സമ്പന്നന്റെ മികച്ച തിരക്കഥ കൂടി ലഭിച്ചപ്പോൾ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധായകൻ എന്ന നിലയിൽ നാദിർഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രസകരമായ മുഹൂർത്തങ്ങളും വൈകാരിക രംഗങ്ങളും കുടുമ്പ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാഖ്യാന ശൈലിയുമുള്ള ഒരു കമ്പ്ലീറ്റ് എന്റർടൈനറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ഒരേ സമയം രസിപ്പിക്കുകയും അതോടൊപ്പം അവരുടെ മനസ്സിൽ തൊടുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. കാമ്പുള്ള കഥ പറയുന്ന ഒരു എന്റെർറ്റൈനെർ ആക്കി ഈ ചിത്രത്തെ മാറ്റാൻ നാദിർഷ- സജീവ് പാഴൂർ ടീമിന് സാധിച്ചു.

ദിലീപ് എന്ന ജനപ്രിയ നായകന്റെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്ന ഒരു കാരണം. കേശു എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് ദിലീപ് കാഴ്ച വെച്ചത്. അത്രമാത്രം തന്റെ കഥാപാത്രത്തെ ഉൾക്കൊണ്ടു അഭിനയിക്കാനും ആ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കാനും ദിലീപിന്റെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട്. ഈ ചിത്രത്തിനായി ദിലീപ് നടത്തിയ ഞെട്ടിക്കുന്ന മേക് ഓവറും കയ്യടി നേടുന്നുണ്ട്. വയസ്സനും പിശുക്കനുമായ കേശു ആയി ദിലീപ് നൽകിയത് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണെന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല. ദിലീപിന് ശേഷം പ്രകടനം കൊണ്ട് കയ്യടി നേടുന്നത് അദ്ദേഹത്തിന്റെ അളിയൻ കഥാപാത്രം ചെയ്ത ജാഫർ ഇടുക്കിയാണ് എന്ന് പറയേണ്ടി വരും. അത്ര രസകരവും മനോഹരവുമായ രീതിയിൽ അദ്ദേഹം തന്റെ വേഷം ചെയ്തു.

രത്‌നമ്മ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഉർവശി ഒരിക്കൽ കൂടി തന്റെ വേഷം മനോഹരമാക്കിയപ്പോൾ നസ്ലിൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ഗണപതി, സ്വാസിക, രമേശ് പിഷാരടി, സീമ ജി നായർ, പ്രിയങ്ക, വത്സല, അനുശ്രീ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു. അനിൽ നായർ എന്ന ക്യാമറാമാൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. സംവിധായകൻ നാദിർഷ തന്നെയൊരുക്കിയ ഗാനങ്ങളും ബിജിപാൽ ഒരുക്കിയ പശ്ചാത്തല സംഗീതവും നിലവാരം പുല്ലേലർത്തിയിട്ടുണ്ട്. സാജൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഒരു കുടുംബ ചിത്രം ആവശ്യപ്പെടുന്ന വേഗത ഇതിനു നല്കാൻ എഡിറ്റിംഗിലൂടെ സാജനും കഴിഞ്ഞിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ കേശു ഈ വീടിന്റെ നാഥൻ എന്ന ഈ ചിത്രം ഒരു വിനോദ സിനിമയെന്ന നിലയിൽ മികച്ച നിലവാരം പുലർത്തുന്ന ഒരു സിനിമാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുക. ഒരു മികച്ച എന്റെർറ്റൈനെറും അതുപോലെ കാമ്പുള്ള കഥ പറയുന്ന ഒരു ചലച്ചിത്രാനുഭവവുമാണ് കേശു ഈ വീടിന്റെ നാഥൻ. ദിലീപ് എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിച്ച ഒരു കംപ്ലീറ്റ് ഫാമിലി ചിത്രം എന്ന് നമ്മുക്ക് ഈ സിനിമയെ കുറിച്ച് പറയാം.

Did you find apk for android? You can find new Free Android Games and apps.
Share.

About Author