Tuesday, October 4

ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം; സീതാ രാമം റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സീതാ രാമം. തെലുങ്കിലൊരുക്കിയ ഈ ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകളും റിലീസ് ചെയ്തിരുന്നു. ഹനു രാഘവപ്പുഡി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മൃണാൾ താക്കൂർ നായികാ വേഷം ചെയ്യുമ്പോൾ തെന്നിന്ത്യൻ സൂപ്പർ നായികയായ രശ്‌മിക മന്ദാനയും ഒരു നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്. സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം 1965 -ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയ കഥയാണ് പറയുന്നത്. രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന കഥ പറയുന്ന ഈ ചിത്രം ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനെന്ന തരത്തിൽ കൂടിയാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ലെഫ്റ്റനെന്റ് റാം, മൃണാൾ താക്കൂർ അവതരിപ്പിക്കുന്ന സീതാലക്ഷ്മി, അതുപോലെ രശ്‌മിക മന്ദാന അവതരിപ്പിക്കുന്ന അഫ്രീൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നമ്മുടെ മുന്നിലവതരിപ്പിച്ചിരിക്കുന്നത്. റാം- സീതാലക്ഷ്മി പ്രണയവും സീതയുടെ കാത്തിരിപ്പുമെല്ലാം കൂടാതെ, ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നങ്ങളും കശ്മീരിലെ തീവ്രവാദവും കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളും തുടങ്ങി മതസൗഹാർദം വരെ ഇതിന്റെ കഥയുടെ ഭാഗമായി വരുന്നുണ്ട്. അതിൽ കുറെയൊക്കെ അതിനാടകതീയത മുഴച്ചു നിൽക്കുന്ന ഭാഗങ്ങളാണെങ്കിലും ചിത്രത്തിന്റെ രണ്ടാം പകുതി പ്രേക്ഷകർക്ക് നൽകുന്ന വൈകാരികമായ നിമിഷങ്ങളാണ് ഈ ചിത്രത്തിന്റെ ജീവനെന്നു പറയാം.

ആദ്യ പകുതിയിൽ ചിത്രത്തിന് ജീവൻ വെപ്പിക്കുന്നത് അഫ്രീനായി രശ്‌മിക മന്ദാന നൽകുന്ന പ്രകടനമാണ്. വളരെ മനോഹരമായി തന്നെ ഇതിലെ വേഷം ഈ നടി ചെയ്തിട്ടുണ്ട്. എന്നാൽ രശ്‌മികയെ മാറ്റി നിർത്തിയാൽ ചിത്രത്തിന്റെ ആദ്യ പകുതിയിൽ പ്രേക്ഷകരെ രസിപ്പിക്കുന്ന ഘടകങ്ങൾ കുറവെന്ന് മാത്രമല്ല, നാടകീയത നിറഞ്ഞു നിൽക്കുന്ന രംഗങ്ങൾ കൊണ്ടും, പ്രേമവും മരംചുറ്റി പാട്ടുമെല്ലാം കൊണ്ടും ചിത്രത്തിന്റെ ഗ്രാഫ് താഴോട്ടാണ് പോയത്. എന്നാൽ ഇന്റെർവെലിന് ശേഷമാണു ചിത്രം വൈകാരികമായി പ്രേക്ഷകരുമായി ബന്ധം സ്ഥാപിക്കുന്നത്. അതിനു ശേഷം വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോയി അവസാനിക്കുന്ന ചിത്രം പ്രേക്ഷകന് നിരാശ സമ്മാനിക്കുന്നില്ല. വിശാൽ ചന്ദ്രശേഖർ ഒരുക്കിയ നിലവാരം പുലർത്തുന്ന സംഗീതം ചിത്രത്തിന്റെ കഥാ പശ്‌ചാത്തലത്തോട് ചേർന്ന് നിന്നത് ഗുണമായി വന്നിട്ടുണ്ട്. അതുപോലെ എടുത്തു പറയേണ്ടത് നായികാ വേഷം ചെയ്ത മൃണാൾ താക്കൂറിന്റെ പ്രകടനമാണ്. ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കവരുന്നത് മൃണാൾ ആണ്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മൃണാൾ സീതാലക്ഷ്മിയെ മനോഹരമാക്കി. നിയന്ത്രിതമായ അഭിനയത്തിലൂടെ ദുൽഖർ സൽമാനും തന്റെ വേഷം നന്നായി തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.

പിന്നീട് ഇതിലെ ഹൈലൈറ്റായി വരുന്നത് രണ്ടു കാലഘട്ടങ്ങൾ പുനർസൃഷ്ടിച്ച രീതിയും ഇതിലെ മനോഹരമായ ദൃശ്യങ്ങളുമാണ്. പി.എസ് വിനോദിന്റെയും ശ്രേയസ് കൃഷ്ണയുടെയും ഛായാഗ്രഹണം ഗംഭീരമായിരുന്നു. അതുപോലെ കലാസംവിധാനവും വസ്ത്രാലങ്കാരവും മികച്ചു നിന്നപ്പോൾ ചിത്രത്തിന്റെ റൊമാന്റിക് ഫീൽ ഏറ്റവും നന്നായി പ്രേക്ഷകരിലേക്കെത്തി. സംഗീതവും ദൃശ്യങ്ങളും മികച്ച രീതിയിലൊരുക്കിയ പശ്‌ചാത്തലവുമാണ് ഈ ചിത്രത്തിന് ഒരു ക്ലാസിക് ലവ് സ്റ്റോറി ഫീൽ നൽകുന്നത്. റാമിന്റെയും സീതാലക്ഷ്മിയുടെയും കത്തുകളിലൂടെ കൈമാറുന്ന പ്രണയവും പ്രണയിതാവിനെ കാണാന്‍ ദൂരങ്ങള്‍ താണ്ടി വരുന്നതുമെല്ലാം ആസ്വാദ്യകരമായി മാറുന്നത് മുകളിൽ പറഞ്ഞ ഘടകങ്ങൾ മികച്ചു നിന്നത് കൊണ്ട് മാത്രമാണ്. ആദ്യ പകുതിയിലെ മെല്ലെപ്പോക്കും ക്ലിഷേ പ്രണയ രംഗങ്ങളുടെ ആധിക്യവുമാണ് ചിത്രത്തെ പുറകോട്ടു വലിക്കുന്നത്.

കഥയേക്കാളും തിരക്കഥയുടെ കെട്ടുറപ്പിനെക്കാളും ഈ ചിത്രം നമ്മുക്ക് നൽകുന്നത് ചില നല്ല പ്രകടനങ്ങളും സാങ്കേതികമായി പുലർത്തിയ നിലവാരവുമാണ്. എന്നാൽ അത്കൊണ്ട് തന്നെ ചിത്രം നമ്മുക്ക് നിരാശയില്ലാതെ ആസ്വദിക്കാനും സാധിക്കുന്നുണ്ട്. കശ്മീരിലെ കാഴ്ചകളും ഹൈദരാബാദിലെ കൊട്ടാരങ്ങളുമെല്ലാം ഏറെ മനോഹരമായി കാണിക്കുമ്പോൾ, കണ്ടു മടുത്ത ഇന്ത്യ- പാകിസ്ഥാൻ പ്രശ്നവും മതസൗഹാർദവുമൊക്കെ അനാവശ്യമായി കുത്തിത്തിരുകിയെന്നും തോന്നിപ്പിച്ചു. റാം- സീത പ്രണയത്തിൽ കൊണ്ട് വന്ന മിത്തോളജിക്കൽ കണക്ഷനും ഈ കഥയ്ക്ക് ഒരു ക്ലാസിക് ഫീൽ കൊടുക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ഹനു രാഘവുപുടിയുടെ സംവിധാനവും ഹനുവിന്റെയും രാജ് കുമാറിന്റെയും തിരക്കഥയും ശരാശരി നിലവാരം മാത്രമാണ് പുലർത്തുന്നതെങ്കിലും, പ്രേക്ഷകർക്ക് ഒരു റൊമാന്റിക് ഫീൽ സമ്മാനിക്കാൻ ഇവർ സാധിച്ചിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ വിജയം. അത്കൊണ്ട് തന്നെ വൈകാരികമായ പ്രണയ കഥകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന, ഒരു നാടോടിക്കഥയുടെ ഫീൽ പലപ്പോഴും നൽകുന്ന ചിത്രമാണ് സീത രാമം എന്ന് പറയാം.

Did you find apk for android? You can find new Free Android Games and apps.
Share.

About Author