ഒരു ‘തീ’യായ് പടരാൻ നവ്യ നായരുടെ ‘ഒരുത്തീ’; റിവ്യൂ വായിക്കാം…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായർ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് ഒരുത്തീ. എസ് സുരേഷ് ബാബു രചിച്ചു വി കെ പ്രകാശ് സംവിധാനം ചെയ്ത ഈ ഡ്രാമ ത്രില്ലർ ചിത്രം കെ വി അബ്ദുൾ നാസർ ആണ് നിർമ്മിച്ചിരിക്കുന്നത്. നവ്യ നായർക്കൊപ്പം വിനായകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് പരിചിതരായ ഒട്ടേറെ മികച്ച നടീനടന്മാർ അണിനിരന്നിട്ടുണ്ട്. ഒരേ സമയം ശ്കതമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ഡ്രാമ ആയും അതോടൊപ്പം വളരെ ത്രില്ലിംഗ് ആയുമാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നായികാ പ്രാധാന്യമുള്ള ഈ ചിത്രം പറയുന്നത് നവ്യ നായർ അവതരിപ്പിക്കുന്ന രാധാമണി എന്ന സ്ത്രീയുടെ കഥയാണ്. യഥാർത്ഥ സംഭങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിൽ ഫെറി സർവ്വീസിൽ ബോട്ട് കണ്ടക്ടർ ആയ രാധാമണിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളും അതിനെതിരെയുള്ള അവളുടെ പോരാട്ടവുമാണ് ഈ ചിത്രം പറയുന്നത്. മക്കളും ഭർത്താവിന്റെ അമ്മയും അടങ്ങുന്ന ചെറിയ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും പേറി ജീവിക്കുന്ന അവൾ ചില പ്രതിസന്ധികൾക്കെതിരെ പോരാട്ടം ആരംഭിക്കുന്നതോടെ അവളുടെ ജീവിതം കൂടുതൽ സങ്കീര്ണമാവുകയും ചെയ്യുന്നു. അഴിക്കുംതോറും മുറുകുന്ന ആ പ്രശ്നങ്ങൾക്കിടയിൽ അതിജീവനത്തിനായി രാധാമണി എന്താണ് ചെയ്യുന്നത് എന്നാണ് ഒരുത്തിയിലൂടെ രചയിതാവും സംവിധായകനും നമ്മളോട് പറയുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥ എന്ന് ഈ ചിത്രത്തെ നമ്മുക്ക് ഒരു വാചകത്തിൽ വിശേഷിപ്പിക്കാം.

ഒട്ടേറെ കഷ്ടപ്പാടുകളും അപമാനങ്ങളും സഹിക്കേണ്ടി വരുന്ന, നിസ്സഹായാവസ്ഥയും നിവൃത്തികേടുകളും പ്രതിസന്ധികളും നേരിടേണ്ടി വരുന്ന, ഭീതിയോടെ ജീവിതം ജീവിച്ചു തീർക്കണം എന്ന അവസ്ഥയിൽ എത്തുന്ന രാധാമണി അതിനെതിരെ ഒരു തീയായി മാറുന്ന കാഴ്ച ഈ ചിത്രം നമ്മുക്ക് സമ്മാനിക്കുന്നു. ആ കഥ ഗംഭീരമായി ആണ് രചയിതാവും സംവിധായകനും ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. രാധാമണി ആരാണ്, അവളുടെ കഥാപാത്രം എന്താണ്, എങ്ങനെയാണു എന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്ന രീതിയിലാണ് കഥ പറച്ചിൽ ആരംഭിക്കുന്നത്. പിന്നീട് വിനായകൻ അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ കഥാപാത്രം വരുമ്പോൾ ഇത് അയാളുടെ കൂടെ കഥയായി മാറുന്നുണ്ട്. ഏതായാലും ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റിയും സ്ഥാനവും തിരക്കഥയിൽ നൽകിയിട്ടുണ്ട് എന്ന് മാത്രമല്ല, അതിനെ ഏറ്റവും ശക്തമായ രീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട് ഇതിലെ അഭിനേതാക്കൾ.

രാധാമണി ആയി അതിഗംഭീര പ്രകടനമാണ് നവ്യ നായർ കാഴ്ച വെച്ചത്. സൂക്ഷ്മമായ ചലനങ്ങളിൽ വരെ രാധാമണി ആയി മാറാൻ നവ്യക്ക് സാധിച്ചു. അത്ര കയ്യടക്കത്തോടെയാണ് നവ്യ ഈ കഥാപാത്രത്തിന് ജീവൻ നൽകിയത്. തിരിച്ചു വരവിൽ ഈ നടി തന്നത് കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. ഒരു വീട്ടമ്മയുടെ എല്ലാവിധ ഭാവങ്ങളും വെള്ളിത്തിരയിൽ വരച്ചിട്ട നവ്യ, ക്ലൈമാക്സിനോട് അടുക്കുമ്പോൾ ശാരീരികമായി കൂടി ഈ കഥാപാത്രത്തിന് വേണ്ടി എടുത്ത പരിശ്രമം വളരെ വലുതാണ് എന്ന് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും. പോലീസ് കഥാപാത്രമായി എത്തിയ വിനായകൻ ആണ് പ്രേക്ഷകരുടെ കയ്യടി നേടിയെടുത്ത മറ്റൊരു താരം. വളരെ റിയാലിസ്റിക്ക് ആയാണ് തന്റെ കഥാപാത്രത്തിന് ഈ നടൻ ജീവൻ പകർന്നത്. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മാളവിക മേനോന്‍, ചാലി പാല, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായണൻ എന്നിവരും മികവ് പുലർത്തി. നവ്യയുടെ മകനായി അഭിനയിച്ച ആദിത്യനും ശ്രദ്ധ നേടുന്നുണ്ട്.

ശ്കതമായ ഒരു പ്രമേയം കൈകാര്യം ചെയ്തു കൊണ്ട്, നവ്യ നായർ എന്ന മികച്ച ഒരു നടിയെ ഏറ്റവും നല്ല രീതിയിൽ ആഘോഷിക്കുകയും ഈ പ്രതിഭക്കു ശ്കതമായ ഒരു രണ്ടാം വരവ് ഒരുക്കുകയുമാണ് വി കെ പ്രകാശ് എന്ന സംവിധായകനും എസ് സുരേഷ് ബാബു എന്ന രചയിതാവും ചെയ്തത്. പരിചയ സമ്പന്നരായ ഒരു സംവിധായകനും രചയിതാവും ഒന്നിക്കുമ്പോൾ കാണാൻ സാധിക്കുന്ന, കഥ പറച്ചിലിലെ കയ്യടക്കവും, അവതരണത്തിലെ തീവ്രതയുമെല്ലാം നമ്മുക്ക് ഒരുത്തിയിൽ കാണാൻ സാധിക്കും. ഇനി കയ്യടി അർഹിക്കുന്നത് ഗംഭീര ദൃശ്യങ്ങൾ ഈ ചിത്രത്തിന് സമ്മാനിച്ച ജിംഷി ഖാലിദ് ആണ്. പ്രേക്ഷകർക്ക് ഏറെ പരിചിത്രമായ കൊച്ചീ കാഴ്ചകൾ ഒരുക്കിയപ്പോഴും അതിൽ തന്റേതായ കയ്യൊപ്പു പതിപ്പിക്കാൻ ഈ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. ആ ദൃശ്യങ്ങളോട് പൂർണ്ണമായും നീതി പുലർത്താൻ ഗോപി സുന്ദർ എന്ന സംഗീത സംവിധായകനും അതുപോലെ ആ ദൃശ്യങ്ങൾക്ക് സുഖമായ ഒഴുക്ക് നല്കാൻ ലിജോ പോൾ എന്ന എഡിറ്റർക്കും കഴിഞ്ഞു എന്നത് ഈ ചിത്രത്തിന്റെ നിലവാരം ഉയർത്തുന്നതിൽ നിർണ്ണായകമായി മാറി. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും പ്രത്യേക പരാമർശം അർഹിക്കുന്നു.

ഒരു യഥാർത്ഥ സംഭവത്തിന്റെയും സമകാലിക പ്രസക്തിയുള്ള ചില സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്ക് പൂർണ്ണ സംതൃപ്തി നൽകുന്ന ഒരു ചിത്രമാണെന്നതിൽ സംശയമൊന്നുമില്ല. ആദ്യാവസാനം ഏറെ ആവേശത്തോടെ കണ്ടിരിക്കാവുന്ന രീതിയിലാണ് വി കെ പ്രകാശ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നവ്യ നായരുടെ മികച്ച പ്രകടനം കൂടി ചേർന്നപ്പോൾ തീർച്ചയായും തീയേറ്റർ അനുഭവം ആവശ്യപ്പെടുന്ന ഒരു ഗംഭീര ചിത്രമായി ഒരുത്തീ മാറി.

Did you find apk for android? You can find new Free Android Games and apps.
Share.

About Author